ഒരു പൂക്കാലത്തിന്‍റെ ഓര്‍മ്മയ്‍ക്ക്

ഒരു പൂക്കാലത്തിന്‍റെ ഓര്‍മ്മയ്‍ക്ക്

ഇക്കഴിഞ്ഞ S.S.L.C പരീക്ഷയുടെ റിസള്‍ട്ട് വന്ന ഉടനെതന്നെ നൈസില്‍ ടീച്ചറിന് കിരണിന്റെ ഫോൺ വന്ന‍ു. "ടീച്ചർ, എനിക്ക് എല്ലാ വിഷയത്തിനും A+ ആണ്. ടീച്ചർ, ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല ; പക്ഷേ….” അവന് വാക്കുകൾ മുഴുവനാക്കുവാന്‍ കഴിഞ്ഞില്ല , കരയുകയായിരുന്നു ആ കുട്ടി. അൽപസമയം കഴിഞ്ഞ് അവൻ വീണ്ടും വിളിച്ചു. ‘എനിക്ക് ഫുൾ A+നു കിട്ടുന്ന സമ്മാനങ്ങളെല്ലാം ഞാൻ ടീച്ചറിന് സമർപ്പിക്കും’. ഹൃദയം നിറയെ സന്തോഷം കൊണ്ട് ജ്വലിച്ചുനിൽക്കുന്ന കിരണിനോട് താനെന്തുപറഞ്ഞാലും അധികപ്പറ്റാകുമെന്ന് ടീച്ചറിന് തോന്നി . സഹാധ്യാപകർ പലപ്പോഴായി കിരണിന്റെ വിജയം ആഘോഷിക്കാൻ ടീച്ചറിനെ വിളിച്ചുകൊണ്ടിരുന്നു.

 തീവ്രമദ്യപാനത്തിന് അടിമയായിരുന്നു കിരണിന്റെ അച്ഛൻ. വീട്ടിൽ നിരന്തര കലഹം. പഠിക്കാനുള്ള സൗകര്യവും അവിടെ ഉണ്ടായിരുന്നില്ല. അർധവാർഷികപ്പരീക്ഷ കഴിഞ്ഞദിവസം കണ്ണീരോടെ കിരൺ പറഞ്ഞു: “ഇല്ല ടീച്ചറെ, S.S.L.C പരീക്ഷയെഴുതാൻ എനിക്കാവില്ല. എഴുതിയാൽത്തന്നെ കഷ്ടിച്ച് ജയിച്ചെങ്കിലായി”. ഒരു മദ്യപാനിയുടെ കുഞ്ഞ് അനുഭവിക്കുന്ന എല്ലാ ദൈന്യതയും നിസഹായതയും ആ കുഞ്ഞിൽ ടീച്ചർ കണ്ടു .

നൈസില്‍ടീച്ചർ കിരണിന്റെ അച്ഛനെത്തേടി അയാളുടെ പണിസ്ഥലത്തെത്തി. ആദ്യമൊക്കെ പണിത്തിരക്ക് കാണിച്ചുവെങ്കിലും കിരൺ എന്ന വിദ്യാർത്ഥിയുടെ പഠനസാമർത്ഥ്യത്തെക്കുറിച്ചും അതിൽ അച്ഛനെ അഭിനന്ദിക്കുന്നുവെന്നും പറഞ്ഞപ്പോൾ അയാൾക്ക് താൽപര്യമായി. അവന് അച്ഛനെ വലിയ ഇഷ്ടമാണെന്നും എന്നാൽ അച്ഛന്റെ മദ്യപാനം ആ കൊച്ചുമനസ്സിനെ വല്ലാതെ വേദനിപ്പിക്കുന്നുണ്ടെന്നും പറഞ്ഞപ്പോൾ ടീച്ചറിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. “ ഇത്രയും മിടുക്കനായൊരു മകനെ ദൈവം നിങ്ങൾക്ക് തന്നിട്ട് , നിങ്ങളവനോട്…” ടീച്ചറിന്റെ കണ്ണുനീർ കണ്ട് അയാളും കരയാൻ തുടങ്ങി.

“ഞാനൊരു ഉത്തരവാദിത്വമില്ലാത്ത തന്തയാണെന്നെനിക്കറിയാം. ഈ മുടിഞ്ഞ കുടി എന്നെയുംകൊണ്ടേ പോകൂ. ഇതിൽ നിന്ന് രക്ഷപ്പെടാൻ എനിക്കാവില്ല ടീച്ചറേ…” അയാൾ കരച്ചിലിനിടയിൽ പറഞ്ഞു.

‘നിങ്ങൾ അവനെ സ്നേഹിക്കുന്നുണ്ടെങ്കിൽ S.S.L.C പരീക്ഷ കഴിയുംവരെയെങ്കിലും മദ്യപിക്കരുത്. അതുമാത്രം… അതുമാത്രമേ ഞാൻ ആവശ്യപ്പെടുന്നുള്ളൂ.’

 ടീച്ചറിന്റെ കണ്ണുനീരിനു മുൻപിൽ ആ ഹൃദയമലിഞ്ഞു. അന്യയായ ഒരു ടീച്ചർ തന്റെ മകനുവേണ്ടി തന്നോട് കരഞ്ഞു യാചിക്കുന്നതിന്റെ യാഥാർത്ഥ്യം അയാളെ കഠിനമായി നോവിച്ചിരിക്കണം. അന്നുമുതൽ അയാൾ നേരത്തെ വീട്ടിലെത്താൻ തുടങ്ങി. S.S.L.C പരീക്ഷയടുത്തപ്പോൾ കിരണിന് കൂട്ടുകാരന്റെ വീട്ടിൽ താമസിച്ച് പഠിക്കാനുള്ള സൗകര്യം കൂടി ടീച്ചർ ഒരുക്കിക്കൊടുത്തു. നിറഞ്ഞ മനസ്സോടെയും ആത്മവിശ്വാസത്തോടെയുമാണവൻ പരീക്ഷയെഴുതിയത്. പരീക്ഷ കഴിയുംവരെ ആ നല്ലവനായ അച്ഛൻ വാക്കുപാലിച്ചു. ടീച്ചർ ആ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കുന്നുണ്ടായിരുന്നു.

യാദൃശ്ചികമെന്നു പറയട്ടെ കിരണിന്റെ അച്ഛൻ ആശുപത്രിയിലായി. അയാളുടെ ശാരീരികനില ദുർബലമായിരുന്നു. ഡോക്ടർ തറപ്പിച്ചുപറഞ്ഞു: ‘നിങ്ങൾ ഇനി മദ്യപാനം തുടർന്നാൽ, ഞാൻ എഴുതിത്തരാം; ഒരു വർഷം നിങ്ങൾ തികയ്ക്കില്ല.’ അയാൾ നാലുമാസമായി മദ്യപിച്ചിട്ടില്ലെന്നാണ് ഇപ്പോൾ കിരൺ പറയുന്നത്. ദൈവത്തിന്റെ വഴികൾ എത്ര വിസ്മയകരമാണ്.

താമരശ്ശേരി ര‍ൂപതയില്‍പെട്ട മലയോരസ്കൂളിലെ ഒരു ടീച്ചറിന്റെ നേട്ടത്തിന്റെ കഥയാണിത്. പ്രാർത്ഥനയെന്നാൽ ‘പ്രാണൻ അർഥിക്കുക’ എന്നതും കൂടിയാണല്ലോ. ഒരു കുഞ്ഞിന്റെ പ്രാണനുവേണ്ടി അർഥിച്ചപ്പോൾ ഒരു കുടുംബത്തെയാണ് ദൈവം ആ ടീച്ചറിനുമുൻപിൽ വെച്ചുകൊടുത്തത്. ഒരു പൂവ് ചോദിച്ചപ്പോൾ ഒരു പൂക്കാലം വെച്ചുനീട്ടിയതുപോലെ. ജീവിതത്തെ പുഷ്‍പിതമാക്കുന്ന കലയാണ് അധ്യാപനം. അതുകൊണ്ട് തന്നെ കുലീനമായ ഒരു കലയാണിത്. സെപ്റ്റംമ്പര്‍ 5 അധ്യാപകദിനത്തില്‍ എല്ലാ ഗുരുഭൂതന്‍മാരെയും ഓര്‍ക്കുന്നു, ഹൃദയപൂര്‍വ്വം! സ്നേഹപൂര്‍വ്വം!

ജേക്കബ്‌ കോച്ചേരി


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.