നിബന്ധനയില്‍ ഇളവ്: സിപിഎം സെക്രട്ടേറിയേറ്റംഗങ്ങളില്‍ ഭൂരിപക്ഷവും മത്സരത്തിന്; 50 സിറ്റിങ് എംഎല്‍എമാര്‍ വീണ്ടും അങ്കത്തിനിറങ്ങും

നിബന്ധനയില്‍ ഇളവ്: സിപിഎം സെക്രട്ടേറിയേറ്റംഗങ്ങളില്‍ ഭൂരിപക്ഷവും മത്സരത്തിന്; 50 സിറ്റിങ് എംഎല്‍എമാര്‍ വീണ്ടും അങ്കത്തിനിറങ്ങും

തിരുവനന്തപുരം: സിപിഎം സെക്രട്ടേറിയേറ്റംഗങ്ങളില്‍ ഭൂരിപക്ഷവും നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും. രണ്ട് തവണ തുടര്‍ച്ചയായി മത്സരിച്ചവര്‍ മാറി നില്‍ക്കണമെന്ന നിബന്ധനയില്‍ ഇളവ് വരുത്താന്‍ ധാരണയായതോടെ നിലവിലുള്ള 62 സിപിഎം എംഎല്‍എമാരില്‍ 50 പേര്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമായി.

ബാക്കിയുള്ളവരില്‍ ചിലരുടെ കാര്യത്തില്‍ തുടര്‍ പരിശോധന നടത്തി പാര്‍ട്ടി തീരുമാനമെടുക്കും. സ്ഥാനാര്‍ത്ഥി നിര്‍ണയം ഉള്‍പ്പെടെയുള്ള ചര്‍ച്ചകള്‍ക്കായി സംസ്ഥാന കമ്മിറ്റി യോഗം ഈയാഴ്ച ചേരും.

സിപിഎം സെക്രട്ടേറിയയേറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഉള്‍പ്പെടെ 17 പേരാണുള്ളത്. ഇതില്‍ നാല് പേരൊഴികെ 13 പേരും മത്സര രംഗത്തുണ്ടാകും.

സംസ്ഥാന സെക്രട്ടറിയുടെ പദവി വഹിക്കുന്നതിനാല്‍ എം.വി. ഗോവിന്ദന്‍ മത്സരിക്കില്ല. ഇ.പി. ജയരാജന്‍, പുത്തലത്ത് ദിനേശന്‍, സി.എന്‍. മോഹനന്‍ എന്നിവരെയും ഒഴിവാക്കുമെന്നാണ് വിവരം. കഴിഞ്ഞ തവണ കേരളാ കോണ്‍ഗ്രസ് എമ്മിന് അവസാന നിമിഷം കുറ്റ്യാടി സീറ്റ് നിഷേധിക്കപ്പെട്ട പ്രശ്‌നം പരിഹരിക്കാന്‍ ഇത്തവണ പേരാമ്പ്ര നല്‍കുകയാണെങ്കില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്റെ കാര്യം പുനരാലോചിക്കും.

രണ്ട് ടേം വ്യവസ്ഥയില്‍ കഴിഞ്ഞ തവണ മാറ്റിനിര്‍ത്തപ്പെട്ട ടി.എം. തോമസ് ഐസക് ഇത്തവണ സ്ഥാനാര്‍ഥിയാവും. കെ.കെ. ശൈലജ, കെ.എന്‍. ബാലഗോപാല്‍, പി. രാജീവ്, പി.കെ. ബിജു, എം. സ്വരാജ്, വി.എന്‍. വാസവന്‍, സജി ചെറിയാന്‍, പി.എ. മുഹമ്മദ് റിയാസ്, എം.വി. ജയരാജന്‍ എന്നിവര്‍ അങ്കത്തിനുണ്ട്.

സിറ്റിങ് എംഎല്‍എമാരില്‍ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ (തളിപ്പറമ്പ്), കാസര്‍കോട് ജില്ലാ സെക്രട്ടറി എം. രാജഗോപാല്‍ (തൃക്കരിപ്പൂര്‍), എം.എം. മണി (ഉടുമ്പന്‍ചോല), നടന്‍ എം. മുകേഷ് (കൊല്ലം), യു. പ്രതിഭ (കായംകുളം), ദലീമ (അരൂര്‍), എ.സി. മൊയ്തീന്‍ (കുന്ദംകുളം) എന്നിവരാണ് മത്സരരംഗത്തുണ്ടാകില്ല എന്നാണ് സൂചന.

സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായതിനാല്‍ വര്‍ക്കല എം.എല്‍.എ. വി. ജോയി മാറി നില്‍ക്കേണ്ടതാണെങ്കിലും വിജയ സാധ്യത പരിഗണിച്ച് മത്സരിപ്പിക്കാന്‍ ആലോചന നടക്കുന്നുണ്ട്. നേമത്ത് ബിജെപി കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നതിനാല്‍ അനാരോഗ്യമുണ്ടെങ്കിലും വി. ശിവന്‍കുട്ടിക്കാണ് മുന്‍തൂക്കം. കഴക്കൂട്ടത്തും ബിജെപി ഭീഷണി മറികടക്കാന്‍ കടകംപള്ളി സുരേന്ദ്രന്‍ വേണമെന്ന് ചര്‍ച്ചയുണ്ടെങ്കിലും ശബരിമല കേസ് പ്രതിസന്ധിയാണ്.

മലമ്പുഴയില്‍ വി.എസ്. അച്യുതാനന്ദന്റെ മകന്‍ വി.എ. അരുണ്‍കുമാറിനെ രംഗത്തിറക്കിയാല്‍, സിറ്റിങ് എംഎല്‍എ എ. പ്രഭാകരനെ മാറ്റും. ഷൊര്‍ണൂര്‍ സിപിഎമ്മിന്റെ കോട്ടയായതിനാല്‍ പി. മമ്മിക്കുട്ടിയെ മാറ്റി പുതുമുഖത്തെ പരീക്ഷിക്കാനും നീക്കമുണ്ട്. സെക്രട്ടേറിയറ്റംഗം എം. സ്വരാജിന് വിജയം ഉറപ്പുള്ള മണ്ഡലം നല്‍കാനാണ് തീരുമാനമെങ്കില്‍, പി. നന്ദകുമാര്‍ എംഎല്‍എയെ മാറ്റി നിര്‍ത്തി പൊന്നാനിയില്‍ മത്സരിപ്പിക്കും.

സംസ്ഥാന-ജില്ലാ കമ്മിറ്റികളുടെ ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും ഔദ്യോഗിക സ്ഥാനാര്‍ഥത്ഥി നിര്‍ണയമെങ്കിലും മത്സരിപ്പിക്കാന്‍ ധാരണയായിട്ടുള്ള സിറ്റിങ് എംഎല്‍എമാരോടെല്ലാം മണ്ഡലത്തില്‍ സജീവമാകാന്‍ സിപിഎം നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. എല്‍ഡിഎഫിലെ മറ്റ് പാര്‍ട്ടികളുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും സ്വതന്ത്രരെ മത്സരിപ്പിക്കുന്നതില്‍ തീരുമാനമെടുക്കുക.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.