കുവൈറ്റ് സിറ്റി: ആഘോഷങ്ങളും, ആർഭാടവും വിഭവ സമൃദ്ധമായ ഭക്ഷണവും ഒന്നുമല്ല ഓരോരുത്തരിലും മിശിഹാ രൂപപ്പെടുന്നതാണ് യഥാർത്ഥ ക്രിസ്തുമസ് എന്ന് മാർ റാഫേൽ തട്ടിൽ പറഞ്ഞു. ഗൾഫിലെ ആദ്യ സീറോ മലബാർ അത്മായ മുന്നേറ്റമായ എസ്.എം.സി.എ കുവൈറ്റിന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ബിഷപ്പ് തട്ടിൽ.
മിശിഹായെ മറ്റുള്ളവർക്ക് കാണിച്ചു കൊടുക്കുവാൻ കഴിഞ്ഞെങ്കിൽ മാത്രമേ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് അർത്ഥമുണ്ടാവുകയുള്ളുയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കുവൈറ്റിലും ഗൾഫിലുമുള്ള പ്രവാസികളായ സീറോ മലബാർ സമൂഹത്തിനു ലഭിക്കുന്ന അജപാലന സൗകര്യങ്ങളെ അനുസ്മരിക്കുകയും അതൊരുക്കുന്നതിനു അപ്പസ്തോലിക അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് പോൾ ഹിൻഡറിന്റെ നേതൃത്വത്തിൽ സേവനം ചെയ്യുന്ന എല്ലാ വൈദികരെയും സീറോ മലബാർ സഭയുടെ പ്രവാസി കാര്യ കമ്മിഷൻ ചെയർമാൻ എന്ന നിലയിൽ അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.
മതബോധന ക്‌ളാസ്സുകളുടെ സംവിധാനങ്ങളെയും അതിനായി ത്യാഗപൂർണമായ സേവനമനുഷ്ഠിക്കുന്ന എല്ലാ മതാധ്യാപകരെയും ബിഷപ്പ് പ്രത്യേകം അഭിനന്ദിച്ചു.
ഫേസ്ബുക് ലൈവിലൂടെ സംഘടിപ്പിക്കപ്പെട്ട പരിപാടികളിൽ എസ്.എം.സി.എ പ്രസിഡന്റ് ബിജോയ് പാലാക്കുന്നേൽ അധ്യക്ഷത വഹിച്ചു. നോർത്തേൺ അറേബ്യ വികാരിയെത്തിലെ സീറോ മലബാർ എപ്പിസ്കോപ്പൽ വികാരി ഫാ. ജോണി ലോണിസ് മഴുവഞ്ചേരിൽ ക്രിസ്തുമസ് സന്ദേശം നൽകി. ക്രിസ്തീയ ജീവിതം പ്രതികൂലങ്ങളുടെ നടുവിലൂടെയാണ് കടന്നുപോകുന്നത്, നിരവധി പ്രതികൂലങ്ങളുടെ നടുവിലാണ് ബേദ് ലഹേമിൽ ഈശോ ജനിച്ചത്. അതുകൊണ്ടു തന്നെ ഓരോ ക്രിസ്തുമസ് ആഘോഷവും നമ്മിൽ വിശ്വാസവും, പ്രത്യാശയും നിറയ്ക്കുന്നതിന് ഇടയാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
ഇരുപത്തിയാറാമതു വാർഷിക കലാമേളയുടെ മത്സരഫലങ്ങൾ ആർട്സ് കൺവീനർ ഫ്രഡി ഫ്രാൻസിസ് പ്രഖ്യാപിച്ചു. എസ്.എം.വൈ.എം പ്രസിഡന്റ് നാഷ് വർഗീസ്, ബാലദീപ്തി പ്രസിഡന്റ് നേഹ ജയ്മോൻ എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. ജനറൽ സെക്രട്ടറി അഭിലാഷ് അരീക്കുഴിയിൽ സ്വാഗതവും ട്രഷറർ സാലു പീറ്റർ കൃതജ്ഞതയും അർപ്പിച്ചു.
എസ്.എം.സി.എ. പ്രസിഡന്റ് ബിജോയ് പാലാക്കുന്നേൽ അബ്ബാസിയ ഏരിയ ജനറൽ കൺവീനർ ജോസ് മത്തായിയോടും മറ്റു മുഖ്യ ഭാരവാഹികളോടും ചേർന്ന് പതാക ഉയർത്തുകയും ബാലദീപ്തി ഗായക സംഘം എസ്.എം.സി.എ. ആന്തം ആലപിക്കുകയും ചെയ്തു. ജനറൽ സെക്രട്ടറി അഭിലാഷ് അരീക്കുഴിയിൽ,സോഷ്യൽ വെൽഫെയർ കൺവീനർ സന്തോഷ് ചക്യത്, അബ്ബാസിയ ഏരിയ സെക്രട്ടറി ബോബിൻ ജോർജ്, എസ്.എം.വൈ.എം.സെക്രട്ടറി ബിബിൻ മാത്യു എന്നിവർ ചേർന്ന് ക്രിസ്തുമസ് കേക്ക് മുറിച്ചു. കൾച്ചറൽ കമ്മിറ്റി കൺവീനർ കുഞ്ഞച്ചൻ ആന്റണി പ്രാരംഭ പ്രാർത്ഥനയും ജോസഫ് കോട്ടൂർ സമാപന പ്രാർത്ഥനയും നടത്തി.
നാല് ഏരിയകളുടെയും ആഭിമുഖ്യത്തിലും ക്രിസ്തുമസ് പുതുവത്സരഘോഷങ്ങൾ നടത്തി. ഡിസംബർ 31 നു അബ്ബാസിയ ഏരിയ അവതരിപ്പിച്ച ബെത്ലെഹേം നൈറ്റ്, ജനുവരി ഒന്നിന് ഫഹാഹീൽ ഏരിയ അവതരിപ്പിച്ച ജിംഗിൾസ് ബെല്സ്, ജനുവരി 7 ന് സിറ്റി ഫർവാനിയ ഏരിയയുടെ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം "ഗ്ലോറി നൈറ്റ് 2022", ജനുവരി 8 ന് സാൽമിയ ഏരിയായുടെ ആഘോഷം "ഗ്ലോറിയ 2022" എന്നീ ആഘോഷങ്ങളും ഫേസ്ബുക് ലൈവിൽ നടന്നു. പരിപാടികൾ ജന പങ്കാളിത്തം കൊണ്ടും കലാമൂല്യം കൊണ്ടും സവിശേഷമായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.