ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോഡി. സ്ഥിതിഗതികള്‍ വിലയിരുത്താനാണ് പ്രത്യേക യോഗം വിളിക്കുന്നത്. ഞായറാഴ്ച വൈകിട്ടു ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പ്രതിദിന കോവിഡ് കേസുകള്‍ 1.6 ലക്ഷത്തിന് അടുത്തെത്തിയതോടെയാണ് പ്രധാനമന്ത്രി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്.
ജില്ലാ തലത്തില്‍ ആരോഗ്യ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നും കൗമാരക്കാരില്‍ വാക്‌സിനേഷന്‍ വേഗത്തിലാക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ, ആഭ്യന്തര സെക്രട്ടറി അജസ് കുമാര്‍ ഭല്ല, കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
കഴിഞ്ഞ ഡിസംബര്‍ 24നും പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ കോവിഡ് അവലോകന യോഗം ചേര്‍ന്നിരുന്നു. കോവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ ജാഗരൂകരാകണമെന്ന് അന്ന് മോഡി നിര്‍ദേശം നല്‍കിയിരുന്നു.
പ്രതിരോധ നടപടികളെത്തുടര്‍ന്നു രാജ്യത്ത് രോഗബാധിതരുടെ എണ്ണം എണ്‍പതിനായിരത്തിലും താഴെ എത്തിയിരുന്നു. എന്നാല്‍ വീണ്ടും കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ ആശങ്കയും കൂടിയിരിക്കുകയാണ്.
മാത്രമല്ല ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വ്യാപകമായി രോഗം പിടിപെടുന്നുണ്ട്. അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പും പ്രഖ്യാപിച്ചതോടെ കൂടുതല്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കാനൊരുങ്ങുകയാണ് കേന്ദ്രം.
കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ക്ലസ്റ്ററുകളില്‍ പ്രത്യേക ശ്രദ്ധ നല്‍കണം. നിരീക്ഷണം ശക്തമാക്കണം. ജില്ലാതലത്തില്‍ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തണം. കോവിഡിന് മുന്‍തൂക്കം നല്‍കുമ്പോള്‍ മറ്റ് ആരോഗ്യപ്രശ്‌നങ്ങളെ കാണാതെ പോകരുതെന്നും മോഡി പറഞ്ഞു.
ഇപ്പോഴത്തെ കണക്കുകള്‍ അനുസരിച്ച് മൂന്നാം തരംഗത്തിലെ ഏറ്റവും കൂടുതല്‍ പ്രതിദിന കേസുകള്‍ ഉണ്ടാകാന്‍ പോകുന്നത് ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ ആകാം. ഡല്‍ഹിയിലും മുംബൈയിലും ഈ മാസം പകുതിയോടെ തന്നെ കേസുകള്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തുമെന്നും പ്രധാനമന്ത്രി ഓര്‍മ്മപ്പെടുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.