ഗുജറാത്തില്‍ തിളക്കമറ്റ് 3000 കോടി രൂപയുടെ പട്ടേല്‍ പ്രതിമ; മദ്ധ്യപ്രദേശിലെ ശങ്കരാചാര്യ പ്രതിമയ്ക്കു വേണ്ടത് 2000 കോടി

ഗുജറാത്തില്‍ തിളക്കമറ്റ് 3000 കോടി രൂപയുടെ പട്ടേല്‍ പ്രതിമ; മദ്ധ്യപ്രദേശിലെ ശങ്കരാചാര്യ പ്രതിമയ്ക്കു വേണ്ടത് 2000 കോടി

ഭോപ്പാല്‍/അഹമ്മദാബാദ് :ആദിശങ്കരാചാര്യരുടെ പ്രതിമ സ്ഥാപിക്കാന്‍ മദ്ധ്യപ്രദേശില്‍ 2000 കോടി രൂപയുടെ പദ്ധതി ഒരുങ്ങുന്നു.108 അടി ഉയരമുള്ള പ്രതിമയും, അന്താരാഷ്ട്ര മ്യൂസിയവുമാണ് സംസ്ഥാനത്തെ ബിജെപി സര്‍ക്കാരിന്റെ ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തില്‍ ആചാര്യ ശങ്കര്‍ സംസ്‌കൃത് ഏകതാ ന്യാസിന്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റി യോഗം പ്രമുഖ സന്യാസിമാരുടെ സാന്നിധ്യത്തില്‍ ചേര്‍ന്നു.

ഉജ്ജയിനിയില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെയുള്ള ഓംകാരേശ്വറിലെ 'ഏകാത്മതാ കി പ്രതിമ' മുഖ്യ കേന്ദ്രമായുള്ള പദ്ധതി സംസ്ഥാനത്തെ ലോകവുമായി ബന്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറയുന്നു. 54 അടി ഉയരമുള്ള പ്ലാറ്റ്ഫോമിലാണ് 108 അടി ഉയരമുള്ള ഈ പ്രതിമ സ്ഥാപിക്കുന്നത്. മന്ധത പര്‍വതത്തില്‍ 7.5 ഹെക്ടര്‍ സ്ഥലത്തായിട്ടാണ് പ്രതിമയുടേയും ശങ്കര മ്യൂസിയത്തിന്റേയും നിര്‍മ്മാണം. ഇതിനോട് അനുബന്ധമായി നര്‍മ്മദാ നദിക്കരയില്‍ 5 ഹെക്ടര്‍ സ്ഥലത്തായി ഗുരുകുലവും, 10 ഹെക്ടര്‍ സ്ഥലത്തായി ആചാര്യ ശങ്കര്‍ ഇന്റര്‍നാഷണല്‍ അദ്വൈത വേദാന്ത സന്‍സ്ഥാനും നിര്‍മ്മിക്കുന്നും.

പ്രായോഗിക വേദാന്തത്തെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ഓംകാരേശ്വറില്‍ ശങ്കരാചാര്യരുടെ പ്രതിമ സ്ഥാപിക്കുന്നതെന്ന് ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. ' ഈ ലോകം ഒരൊറ്റ കുടുംബമായി മാറണം. അതാണ് പദ്ധതിക്കു പിന്നിലുള്ള ലക്ഷ്യം. ട്രസ്റ്റ് അംഗങ്ങള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കും.' അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമയിലൂടെ വരുമാനമുണ്ടാക്കാമെന്ന പ്രതീക്ഷ പാളിയതിനാല്‍ ശങ്കരാചാര്യരുടെ പ്രതിമ എത്രത്തോളം വരുമാനമുണ്ടാക്കുമെന്ന നിര്‍ദ്ദിഷ്ട കണക്കുകള്‍ വെളിപ്പെടുത്തിയിട്ടില്ല.

അതേസമയം 34000 രൂപ പ്രതിയോഹരി ബാധ്യത പേറുന്ന മദ്ധ്യപ്രദേശിലെ ജനങ്ങള്‍ക്ക് അധിക സാമ്പത്തിക ഭാരം വരുത്തിവയ്ക്കുന്ന പ്രതിമാ പദ്ധതിയെ മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് വിമര്‍ശിച്ചു. 2.41 ലക്ഷം കോടി രൂപ വാര്‍ഷിക ബജറ്റുള്ള സംസ്ഥാനത്തിന്റെ നിലവിലെ ബാധ്യത 2.56 കോടി രൂപയാണ്. വന്‍ കൃഷി നാശം അഭിമുഖീകരിക്കുന്ന മദ്ധ്യപ്രദേശ് പിടിച്ചുനില്‍ക്കാന്‍ 48000 കോടി രൂപയുടെ വായ്പ എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് 2000 കോടി രൂപയുടെ അധികച്ചെലവിനു തയ്യാറെടുക്കുന്നതെന്ന് പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥ് പറഞ്ഞു.

തിളക്കമറ്റ് പട്ടേല്‍ പ്രതിമ

ഗുജറാത്തില്‍ മൂന്നു വര്‍ഷം മുമ്പു സ്ഥാപിക്കപ്പെട്ട സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമയ്ക്കു പിന്നിലെ ഗൂഢ രാഷ്ട്രീയം ലക്ഷ്യമിട്ട തോതില്‍ മുതലാക്കാന്‍ കഴിയാത്ത ബിജെപി ആദിശങ്കരാചാര്യ പ്രതിമയിലൂടെ പുതിയ അജണ്ടയാണ് നടപ്പാക്കാന്‍ ഒരുങ്ങുന്നതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.


നര്‍മ്മദയില്‍ 182 മീറ്റര്‍ ഉയരമുള്ള പട്ടേല്‍ പ്രതിമ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തത് 2018 നവംബര്‍ ഒന്നിനാണ്. മൂന്ന് വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ടിക്കറ്റ് സൗജന്യവും മൂന്നിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും 350 രൂപയുമാണ് ഇവിടെ ടിക്കറ്റ് നിരക്ക്. നിരീക്ഷണ മേല്‍ത്തട്ട്, വാലി ഓഫ് ഫ്ളവേഴ്സ്, സര്‍ദ്ദാര്‍ പട്ടേല്‍ സ്മാരകം, മ്യൂസിയം, ഓഡിയോ വിഷ്വല്‍ ഗാലറി, സ്റ്റാച്യൂ ഓഫ് യൂണിറ്റി സൈറ്റ്, സര്‍ദാര്‍ സരോവര്‍ ഡാം എന്നിവിടങ്ങളില്‍ ഈ ടിക്കറ്റുകൊണ്ട് പ്രവേശനം ലഭിക്കും. വാലി ഓഫ് ഫ്ളവേഴ്സ്, സര്‍ദാര്‍ പട്ടേല്‍ സ്മാരകം, മ്യൂസിയം, ഓഡിയോ വിഷ്വല്‍ ഗാലറി, സ്റ്റാച്യൂ ഓഫ് യൂണിറ്റി സൈറ്റ്, സര്‍ദാര്‍ സരോവര്‍ ഡാം എന്നിവിടങ്ങളില്‍ മാത്രം പ്രവേശിക്കാന്‍ നിരക്ക് കുറഞ്ഞ മറ്റൊരു സംവിധാനവുമുണ്ട്. മുതിര്‍ന്നവര്‍ക്ക് 120 രൂപയും 15 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് 60 രൂപയുമാണ് ഈ സംവിധാനത്തില്‍ നിരക്ക്.


എന്തായാലും 3000 കോടി രൂപ മുടക്കി നിര്‍മ്മിച്ച പ്രതിമയും മ്യൂസിയവും കാണാന്‍ എത്തുന്നത് വിരലില്‍ എണ്ണാവുന്നവര്‍ മാത്രം.കൊറോണക്കാലത്തിനു മുമ്പും സ്ഥിതി ഏകദേശം ഇതു തന്നെയായിരുന്നു.അക്കാലത്തെ നിലയില്‍ കാഴ്ചക്കാര്‍ വീണ്ടുമെത്തിയാലും പ്രതിമയുടെ മുടക്കു മുതല്‍ തിരിച്ചു വരാന്‍ 70 വര്‍ഷമെങ്കിലുമെടുക്കുമെന്നാണ് നിരീക്ഷണം. ഇപ്പോള്‍ മുടക്കിയ 3000 കോടിയുടെ മൂല്യം 70 വര്‍ഷം കഴിയുമ്പോള്‍ എത്രയോ തുച്ഛമായിരിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.് പ്രതിമകളും സ്മാരകങ്ങളും നിര്‍മിക്കാന്‍ 1400 കോടിയോളം രൂപ ചെലവഴിച്ച യു പി യിലെ പഴയ മായാവതി സര്‍ക്കാരിനെ മുച്ചൂടം കുറ്റപ്പെടുത്തിയത് ബി ജെ പി മറന്ന സ്ഥിതിയാണിപ്പോള്‍.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.