കൊഹിമ(നാഗാലാന്‍ഡ്): വിവേചനപരമായ ആംഡ് ഫോഴ്‌സസ് സ്‌പെഷല്‍ പവേഴ്‌സ് ആക്ട് (അഫ്‌സ്പ) പിന്‍വലിക്കണമെന്നും സായുധ സേനയുടെ വെടിവയ്പ്പില്‍ കൊല്ലപ്പെട്ട നാഗ ക്രിസ്ത്യാനികള്‍ക്ക് നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനമായ നാഗാലാന്‍ഡിലെ വാണിജ്യ കേന്ദ്രമായ ദിമാപൂരില്‍ നിന്ന് തലസ്ഥാനമായ കൊഹിമയിലേക്കു സംഘടിപ്പിക്കപ്പെട്ട രണ്ട് ദിവസത്തെ വാക്കത്തോണില്‍ പങ്കെടുത്തത് ആയിരക്കണക്കിനു പേര്‍. രാജ്ഭവനില്‍ ആയിരുന്നു സമാപനം.
വിഘടനവാദ ഗ്രൂപ്പുകളെ ഒതുക്കാനും സായുധ കലാപം തടയാനും 1956 ല്‍ നാഗാലാന്‍ഡില്‍ നടപ്പാക്കിയ വിവാദ നിയമമായ അഫ്‌സ്പ പിന്‍വലിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് വാക്കത്തോണില്‍ പങ്കെടുത്ത സാമൂഹിക സംഘടനാ പ്രവര്‍ത്തകരും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാര്‍ മുന്നറിയിപ്പു നല്‍കി. 'നാഗാ ജനങ്ങളുടെ ശബ്ദം ഉച്ചത്തിലും വ്യക്തമായും കേള്‍ക്കട്ടെ. അഫ്സ്പയ്ക്കെതിരായ ഏറ്റവും ശക്തമായ അഹിംസാ പ്രസ്ഥാനമാണിത്,'- നാഗാ ആക്ടിവിസ്റ്റ് റോസ്‌മേരി ഡ്‌സുവിച്ചു യു.സി.എ ന്യൂസിനോട് പറഞ്ഞു.
ഡിസംബര്‍ 4-ന് മോണ്‍ ജില്ലയില്‍ നടന്ന വിമത വിരുദ്ധ ഓപ്പറേഷനില്‍ ഖനിത്തൊഴിലാളികളെ തീവ്രവാദികളായി തെറ്റിദ്ധരിച്ച് ഇന്ത്യന്‍ സായുധ സേനയിലെ പാരാട്രൂപ്പര്‍മാര്‍ നടത്തിയ വെടിവയ്പ്പില്‍ 14 നാഗാ ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടശേഷം സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളും കലുഷിതമാണ്.വെറും സംശയത്തിന്റെ പേരില്‍ ആളുകളെ തിരഞ്ഞുപിടിക്കാനും വെടിവയ്ക്കാനും അനുമതി നല്‍കുന്നുണ്ട് അഫ്‌സ്പ. ഇക്കാരണത്താല്‍ സംസ്ഥാനത്തെ ഏത് മനുഷ്യാവകാശ നടപടിക്കും സിവില്‍ കോടതികളില്‍ സൈനികര്‍ക്ക് വിചാരണ പോലുമില്ലാതെ പ്രതിരോധശേഷി ലഭിക്കുന്നതായാണ് പരാതി.
വടക്കുകിഴക്കന്‍ ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള കലാപത്തിന്റെ ആസ്ഥാനമാണ് നാഗാലാന്‍ഡ്. മ്യാന്‍മറുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനത്തെ കാടുകളിലുള്ള ഒളിത്താവളങ്ങളില്‍ ഒന്നിലധികം ഗറില്ലാ ഗ്രൂപ്പുകള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നതായാണ് സായുധ സേന കണ്ടെത്തിയിട്ടുള്ളത്.
കുന്നുകളും കഠിനമായ ഭൂപ്രദേശങ്ങളും ഉള്‍പ്പെടുന്ന ദേശീയ പാത 02 ലെ 75 കിലോമീറ്ററോളം ദൂരം വാക്കത്തോണില്‍ പ്രതിഷേധക്കാര്‍ നടന്നുകയറിയത് കടുത്ത ശീതകാലത്തെയും നേരിട്ടാണ്. 'വര്‍ഷങ്ങളായി നമ്മുടെ ആളുകള്‍ അഭിമുഖീകരിച്ചുവരുന്ന ദുരവസ്ഥ തീവ്രമായി ഓര്‍മ്മിപ്പിക്കുന്നതാണ് ഏറ്റവും പുതിയ സംഭവ വികാസങ്ങള്‍'- ബാപ്റ്റിസ്റ്റ് നാഗാ നേതാവ് റവ. വി. അറ്റ്‌സി ഡോളി യു.സി.എ ന്യൂസിനോട് പറഞ്ഞു.
അഫ്സ്പ പിന്‍വലിക്കണമെന്ന ആവശ്യം കഴിഞ്ഞ മാസം സംസ്ഥാന നിയമസഭയുടെ പ്രത്യേക ഏകദിന സമ്മേളനത്തില്‍ ഉന്നയിച്ചിരുന്നുവെങ്കിലും നരേന്ദ്ര മോഡിയുടെ കേന്ദ്ര സര്‍ക്കാര്‍ നിരസിച്ചു. നിയമം വീണ്ടും ആറ് മാസത്തേക്ക് നീട്ടുകയും സംസ്ഥാനം മുഴുവന്‍ 'അപകടകരവും അസ്വസ്ഥത നിറഞ്ഞതും' ആയി പ്രഖ്യാപിക്കുകയും ചെയ്തു.വെടിവയ്പ് സംബന്ധിച്ച അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചതോടെ തങ്ങള്‍ക്കാകുന്നതെല്ലാം ചെയ്‌തെന്ന ഭാവത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.
തെറ്റിദ്ധാരണ മൂലമാണു വെടിവയ്പ്പ് ഉണ്ടായതെന്ന വെളിപ്പെടുത്തലുമായുള്ള ഖേദപ്രകടനമാണ് സേനയുടെ ഭാഗത്തുനിന്നുണ്ടായത്. സൈന്യത്തിനെതിരെ മുദ്രാവാക്യങ്ങളുമായി ജനം ദിവസങ്ങളോളം തെരുവിലിറങ്ങി. ഗ്രാമീണരുടെ ജീവന്‍ നഷ്ടമായ സംഭവത്തില്‍, മോണ്‍ ജില്ലയില്‍ മാത്രമല്ല, സംസ്ഥാനത്ത് ഉടനീളം പ്രതിഷേധ പരമ്പരകള്‍ അരങ്ങേറി. മോണ്‍ പട്ടണത്തില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തേണ്ടിവന്നു.
സംഭവത്തെ അപലപിച്ച് കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ കക്ഷികളും രംഗത്തെത്തി. പിന്നാലെ പാര്‍ലമെന്റില്‍ നേരിട്ടു ഖേദപ്രകടനം നടത്തി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 14 പേര്‍ മരിച്ച വെടിവയ്പ്പുമായി ബന്ധപ്പെട്ട സംഭവത്തില്‍, 21 പാരാ സ്‌പെഷല്‍ ഫോഴ്‌സ് ജവാന്‍മാര്‍ക്കെതിരെ നാഗാലാന്‍ഡ് പൊലീസ് കൊലക്കുറ്റത്തിനും കേസെടുത്തു. സംഭവങ്ങള്‍ക്കു പിന്നാലെ, അഫ്‌സ്പ നിയമം പിന്‍വലിക്കണമെന്ന, കാലങ്ങളായുള്ള ആവശ്യവുമായി ജനം വീണ്ടും തെരുവിലിറങ്ങിയപ്പോള്‍ ബിജെപി പിന്തുണയോടെ ഭരിക്കുന്ന മുഖ്യമന്ത്രി നെഫ്യു റിയോ അടക്കമുള്ള നേതാക്കളും ഇതേ ആവശ്യം ഉന്നയിച്ചു.
ബിജെപിയുടെ 'പ്രത്യേക പരിഗണന'
2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം, നാഷനലിസ്റ്റ് ഡമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി (എന്‍ഡിപിപി)- ബിജെപി സഖ്യം അധികാരത്തില്‍ എത്തിയതിനു ശേഷം ആദ്യമായാണു നാഗാലാന്‍ഡ് വീണ്ടും ദേശീയ ശ്രദ്ധയില്‍ എത്തുന്നത്. എന്‍ഡിപിപി നേതാവായ നെഫ്യു റിയോ ബിജെപി പിന്തുണയോടെ മുഖ്യമന്ത്രിയുമായി. പിന്നീട്, സമാധാന ശ്രമങ്ങള്‍ക്കു വേഗം കൂട്ടാനും സംസ്ഥാനത്തിന്റെ ഉന്നമനവും ലക്ഷ്യമിട്ട് നാഗാ പീപ്പിള്‍സ് ഫ്രണ്ട് (എന്‍പിഎഫ്) കൂടി സര്‍ക്കാരില്‍ ചേര്‍ന്നതോടെ നാഗാലാന്‍ഡില്‍ പ്രതിപക്ഷം തന്നെ ഇല്ലാതായി.
60 അംഗ നിയമസഭയില്‍ 26 സീറ്റുള്ള എന്‍പിഎഫാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. എന്‍ഡിപിപിക്കു 18 ഉം ബിജെപിക്കു 12 ഉം സീറ്റുണ്ട്. സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനം ഉറപ്പിക്കാനുള്ള നീക്കങ്ങളിലാണു ബിജെപി.അനുക്രമമായി പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാരും നാഗാലാന്‍ഡിനെ ഒപ്പം നിര്‍ത്താന്‍ ശ്രമിക്കുന്നു. കേന്ദ്രത്തിന്റെയും ബിജെപിയുടെയും 'പ്രത്യേക പരിഗണന'യുള്ള നാഗാലാന്‍ഡില്‍ പക്ഷേ, കലാപം കെട്ടടങ്ങുന്നില്ല; കാരണ മുഖ്യമായും അഫ്‌സ്പ തന്നെ.
1958 ല്‍ നിലവില്‍വന്ന ആംഡ് ഫോഴ്‌സസ് സ്‌പെഷല്‍ പവേഴ്‌സ് ആക്ട് (അഫ്‌സ്പ) സംസ്ഥാനത്തുനിന്നു പിന്‍വലിക്കണമെന്ന രാഷ്ടീയ കക്ഷികളുടെയും പൗരന്‍മാരുടെയും ആവശ്യത്തിനു ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. തര്‍ക്കമോ കലാപമോ നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ ക്രമസമാധാനം നിലനിര്‍ത്താന്‍ കേന്ദ്ര സേനയ്ക്കു പ്രത്യേക അധികാരം നല്‍കുന്നു അഫ്‌സ്പ. സേനയ്ക്ക് അസാധാരണ സ്വഭാവമുള്ള അധികാരങ്ങളും അതോടൊപ്പം നിയമപരിരക്ഷയും ഇതിലൂടെ ഉറപ്പാക്കുന്നു.
ബ്രിട്ടിഷ് കൊളോണിയലിസത്തിന്റെ ബാക്കിപത്രമാണ് ഫലത്തില്‍ അഫ്‌സ്പ. 1942 ല്‍ മഹാത്മാ ഗാന്ധി നേതൃത്വം നല്‍കിയ ക്വിറ്റ് ഇന്ത്യ സമരത്തിനു പിന്നാലെ, ദേശീയവാദം അടിച്ചമര്‍ത്താനാണ് ബ്രിട്ടിഷ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് മൂലം ഈ നിയമം ഏര്‍പ്പെടുത്തിയത്. സ്വാതന്ത്ര്യലബ്ധിക്കു ശേഷവും ആഭ്യന്തര കലഹം അടങ്ങാതെ വന്ന പശ്ചാത്തലത്തിലാണ്, അസമിലും മണിപ്പുരിലും അഫ്‌സ്പ തുടര്‍ന്നും ഏര്‍പ്പെടുത്താന്‍ ജവാഹര്‍ലാല്‍ നെഹ്‌റു സര്‍ക്കാര്‍ തീരുമാനിച്ചത്. പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബില്‍ പാസായതോടെ, രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദ് 1958 മേയ് 22 ന് ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കി.
വടക്കുകിഴക്കന്‍ മേഖലയില്‍ അസമിനു പുറമേ കേന്ദ്ര ഭരണ പ്രദേശങ്ങളായ മണിപ്പുരും ത്രിപുരയുമാണ് അന്നുണ്ടായിരുന്നത്. ആഭ്യന്തര കലഹങ്ങള്‍ രൂക്ഷമായിരുന്ന അസമിന്റെ മലനിരകളിലും നാഗാ കുന്നുകളിലും അങ്ങനെ അഫ്‌സ്പ വീണ്ടും നിലവില്‍ വന്നു. പിന്നീട് നാഗാ ഹില്‍സ് ജില്ല നാഗാലാന്‍ഡ് സംസ്ഥാനമായി, അതോടൊപ്പം മറ്റ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളും രൂപീകൃതമായി. ഇതോടെ വടക്കു കിഴക്ക് മേഖലയിലെ ഏഴു സംസ്ഥാനങ്ങളും (അസം, അരുണാചല്‍ പ്രദേശ്, മേഘാലയ, മിസോറം, ത്രിപുര, മണിപ്പുര്‍, നാഗാലന്‍ഡ്) അഫ്‌സ്പയുടെ നിയന്ത്രണത്തിലായി.
പിന്നീട് അടിയന്തരാവസ്ഥക്കാലത്തു ജമ്മു കശ്മീരിലും പഞ്ചാബിലും ഈ നിയമം ഏര്‍പ്പെടുത്തി.2008ല്‍ പഞ്ചാബിലും പിന്നീട് ത്രിപുര (2015), മേഘാലയ (2018) എന്നീ സംസ്ഥാനങ്ങളിലും അഫ്‌സ്പ പിന്‍വലിച്ചു. നാഗാലാന്‍ഡിനു പുറമേ, ജമ്മു കശ്മീര്‍, അസം, മണിപ്പുര്‍, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലണ് അഫ്‌സ്പ ഇപ്പോള്‍ നിലവിലുള്ളത്. ആഭ്യന്തര കലഹങ്ങള്‍ ശമിച്ചതായി ബോധ്യപ്പെട്ടാല്‍ കേന്ദ്ര സര്‍ക്കാരിന് ഈ നിയമം പൂര്‍ണമായോ ഭാഗികമായോ പിന്‍വലിക്കുന്നതിന് തടസങ്ങളില്ല.
അധികാര ദുരുപയോഗം വ്യാപകം
ആഭ്യന്തര കലഹങ്ങള്‍ അടിച്ചമര്‍ത്താനും സംസ്ഥാനത്തു സമാധാനം പുലര്‍ത്താനും സര്‍ക്കാരിനെ സഹായിക്കുകയാണു ലക്ഷ്യം എന്ന ആമുഖമുണ്ട് അഫ്‌സ്പയ്ക്ക്. എന്നാല്‍, ഈ അധികാരം ദുരുപയോഗം ചെയ്യുന്നതായാണ് വ്യാപക വിമര്‍ശനം. നിയമവ്യവസ്ഥയ്ക്കു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ വെടിയുതിര്‍ക്കാന്‍ സേനയ്ക്ക് അധികാരമുണ്ട്. എന്നാല്‍ ഇത് ദുരുപയോഗം ചെയ്യപ്പെടുമെന്നും നിയമവിരുദ്ധരെന്നു മുദ്രകുത്തി ആര്‍ക്കെതിരെയും പ്രയോഗിക്കപ്പെടാമെന്നും വിമര്‍ശകര്‍ അനുഭവത്തിലൂടെ ചൂണ്ടിക്കാട്ടുന്നു. നാഗാലാന്‍ഡില്‍ സംഭവിച്ചത് ഇതാണെന്നാണ് ആരോപണം.
സംസ്ഥാനത്ത് അരങ്ങേറിയ വ്യാപക പ്രതിഷേധങ്ങള്‍ക്കു പിന്നാലെ, നിരപരാധികളായ ഗ്രാമീണരെ പ്രകോപനം കൂടാതെ വെടിവച്ചുകൊന്നെന്നാണു സേനയ്‌ക്കെതിരായ കേസില്‍ നാഗാലാന്‍ഡ് പൊലീസ് ഇപ്പോള്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിച്ച അമിത് ഷാ, പക്ഷേ കുറ്റക്കാരെന്നു കണ്ടെത്തിയാല്‍ സൈനികര്‍ക്കെതിരെ എന്തു നടപടിയെടുക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.
വാറന്റ് ഇല്ലാതെ ആരെയും അറസ്റ്റു ചെയ്യാം, വാഹനങ്ങളോ വീടുകളോ പരിശോധിക്കാം, അഞ്ചില്‍ അധികം ആളുകള്‍ കൂട്ടം കൂടുന്നതും ആയുധങ്ങള്‍ കൈവശം വയ്ക്കുന്നതു നിരോധിക്കാം തുടങ്ങിയ അധികാരങ്ങളും അഫ്‌സ്പ സേനയ്ക്കു നല്‍കുന്നു. പ്രത്യേക അധികാര പ്രകാരം കസ്റ്റഡിയില്‍ എടുക്കുന്ന ആളുകളെ തൊട്ടടുത്ത പൊലീസ് സ്റ്റേഷനില്‍ ചാര്‍ജ് വഹിക്കുന്ന ഉദ്യോഗസ്ഥനു മുന്‍പാകെ, അറസ്റ്റിലേക്കു നയിച്ച കാരണങ്ങള്‍ വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് സഹിതം ഹാജരാക്കണമെന്നു മാത്രം.
ഇറോം ശര്‍മിളയുടെ ദീര്‍ഘ നിരാഹാരം
പ്രത്യേക സൈനിക നിയമം വ്യക്തിസ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ച് അഫ്‌സ്പയ്‌ക്കെതിരെ ഒട്ടേറെ മനുഷ്യാവകാശ സംഘടനകള്‍ കാലങ്ങളായി രംഗത്തുണ്ട്. 2000 മുതല്‍ 2016 വരെ, 16 വര്‍ഷം നീണ്ട നിരാഹാര സമരം നടത്തി ലോകശ്രദ്ധ പിടിച്ചുപറ്റിയ സാംസ്‌കാരിക പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഇറോം ശര്‍മിളയാണ് ഇതില്‍ പ്രധാനി.
മണിപ്പുരില്‍ ബസ് കാത്തുനിന്ന പത്തു നാട്ടുകാര്‍ സേനയുടെ വെടിയേറ്റു മരിച്ചതോടെയാണു ശര്‍മിള പ്രത്യക്ഷ സമരത്തിനിറങ്ങുന്നത്. ലോകത്തെ തന്നെ ഏറ്റവും ദീര്‍ഘമായ നിരാഹാര സമരമായി ഇറോം ശര്‍മിളയുടെ പോരാട്ടം വിലയിരുത്തപ്പെടുന്നു. 500 ആഴ്ചകളാണു ശര്‍മിളയുടെ സമരം നീണ്ടത്. ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചതോടെ വീട്ടുതടങ്കലിലാക്കിയതിനു ശേഷം മൂക്കില്‍ ട്യൂബിട്ട്, നിര്‍ബന്ധപൂര്‍വമാണ് അവര്‍ക്കു ഭക്ഷണം നല്‍കിയിരുന്നത്.
ഒടുവില്‍ അഫ്‌സ്പ പിന്‍വലിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി രാഷ്ട്രീയത്തില്‍ ഇറങ്ങുകയാണെന്ന ആമുഖത്തോടെ 2016 ല്‍ ശര്‍മിള നിരാഹാര സമരം അവസാനിപ്പിച്ചു. 2017ല്‍ നടന്ന മണിപ്പുര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ശര്‍മിള മത്സരിച്ചെങ്കിലും തോല്‍വിയായിരുന്നു ഫലം. മൂന്നു തവണ മുഖ്യമന്ത്രിയായിരുന്ന ഇബോബി സിങ്ങിനെതിരെ മത്സരിച്ച ശര്‍മിളയ്ക്കു ലഭിച്ചതാകട്ടെ, 90 വോട്ടുകള്‍ മാത്രം. ഇതോടെ ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും അവര്‍ പ്രഖ്യാപിച്ചു.
സമാധാനം കിനാവില്‍
സേനയുടെ വെടിവയ്പ്പില്‍ 14 ഗ്രാമീണര്‍ക്കു ജീവന്‍ നഷ്ടമായത്, നാഗാലാന്‍ഡില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്കു കനത്ത തിരിച്ചടിയായി. സംസ്ഥാനത്തെ സൈനികാധികാരം സംബന്ധിച്ച് കേന്ദ്രവുമായി ആശയവിനിമയം നടത്തുന്ന പ്രധാന സംഘടനയായ നാഷനല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലിം (എന്‍എസ്സിഎന്‍) വെടിവയ്പ്പു നടന്ന ദിവസത്തെ നാഗാലാന്‍ഡ് ചരിത്രത്തിലെ കരിദിനമെന്നാണു രേഖപ്പെടുത്തിയത്.
സേനയെ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ടു കേന്ദ്രവുമായി പല തരത്തിലുള്ള ചര്‍ച്ചകള്‍ പല സംഘടനകളും നടത്തിയിട്ടുണ്ടെങ്കിലും നിലപാടിലെ കാര്‍ക്കശ്യം കൊണ്ടും സംഘടനാശേഷി കൊണ്ടും എന്‍എസ്സിഎന്‍ ആണ് സംസ്ഥാനത്തെ കരുത്തുറ്റ സാന്നിധ്യം. നാഗാലാന്‍ഡ് സംസ്ഥാനത്തിനു പ്രത്യേക ഭരണഘടനയും പതാകയും എന്ന ആവശ്യം അംഗീകരിക്കുന്നതുവരെ സന്ധിയില്ല എന്നാണ് ഇവരുടെ നിലപാട്.
അതേസമയം ഇവ രണ്ടും അനുവദിക്കാനാകില്ലെന്നാണു കേന്ദ്രത്തിന്റെ നയം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും അയല്‍ രാജ്യമായ മ്യാന്‍മറിലെയും നാഗാ ഭൂരിപക്ഷ പ്രദേശങ്ങള്‍ അടങ്ങുന്ന നാഗാലിം എന്ന പ്രദേശം രൂപീകരിക്കണമെന്ന ആശയവും എന്‍എസ്സിഎന്‍ മുന്നോട്ടുവയ്ക്കുന്നു. കേന്ദ്രത്തിന്റെ പല ബദല്‍ നിര്‍ദേശങ്ങളും ഇവര്‍ക്കു സ്വീകാര്യമല്ല.
പ്രത്യേക ദേശീയ പതാകയ്ക്കു പകരം സാംസ്‌കാരിക പതാക, കരാറില്‍ ഒപ്പിട്ടതിനു ശേഷം പ്രത്യേക ഭരണഘടന എന്ന ആവശ്യത്തില്‍ അനുഭാവ പൂര്‍ണ നിലപാടു സ്വീകരിക്കല്‍ തുടങ്ങിയ കേന്ദ്ര നിര്‍ദേശങ്ങള്‍ എന്‍എസ്സിഎന്‍ നേരത്തേ തള്ളിയിരുന്നു. 2015ല്‍ ധാരണാ ചട്ടം (ഫ്രെയിംവര്‍ക് ഓഫ് എഗ്രിമെന്റ്) നിലവില്‍വന്നതോടെ ആശയവിനിമയം അവസാനിച്ചെന്നും സംസ്ഥാനത്തു സ്ഥായിയായി സമാധാനം പുലരാനുള്ള അന്തിമ ഉടമ്പടി മാത്രമാണ് ഇനി അവശേഷിക്കുന്നതെന്നും കേന്ദ്രം സൂചിപ്പിച്ചിരുന്നു.
ധാരണാ ചട്ടം നിര്‍വീര്യം
നാഗാലാന്‍ഡില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതു ലക്ഷ്യമിട്ട് 2015 ലാണു എന്‍എസ്സിഎന്‍ കേന്ദ്രവുമായി ധാരണാ ചട്ടം ഒപ്പിടുന്നത്. 80 വട്ടം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ഒപ്പിട്ട കരാറിനെ ചരിത്രപരമെന്നാണു പ്രധാനമന്ത്രി നരേന്ദ്ര മോഡി വിശേഷിപ്പിച്ചത്.പക്ഷേ, കേന്ദ്ര ധാരണ പ്രകാരം മുന്നോട്ടുപോകുന്നതിനെതിരെ ശക്തമായ വാദഗതികള്‍ ഉയര്‍ത്തി 2020 ല്‍ എന്‍എസ്സിഎന്‍ ചെയര്‍മാന്‍ തുയിന്‍ഗലേങ് മുവിയ രംഗത്തെത്തി. പിന്നാലെ പ്രത്യേക പതാക, ഭരണഘടന എന്നീ ആവശ്യങ്ങള്‍ അംഗീകരിക്കാനാകില്ലെന്നു കേന്ദ്ര പ്രതിനിധിയും അന്നു നാഗാലാന്‍ഡ് ഗവര്‍ണറുമായിരുന്ന ആര്‍.എന്‍. രവി അഭിപ്രായപ്പെട്ടു. ഒത്തുതീര്‍പ്പു പൂര്‍ണമാകാതിരിക്കാന്‍ എന്‍എസ്സിഎന്‍ ഉരുണ്ടുകളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. 2020 ഒക്ടോബറില്‍ ഇരു വിഭാഗങ്ങളും വീണ്ടും ചര്‍ച്ച നടത്തിയെങ്കിലും അന്തിമ ധാരണയിലെത്താനായില്ല.
വടക്കുകിഴക്കന്‍ ഇന്ത്യയിലെയും മ്യാന്‍മറിലെയും നാഗാ വിഭാഗത്തില്‍പ്പെട്ട ആളുകളെ മുഴുവന്‍ ഉള്‍പ്പെടുത്തിക്കൊണ്ടു നാഗാലിം എന്ന പ്രദേശം രൂപീകരിക്കണമെന്ന എന്‍എസ്സിഎന്‍ (ഐഎം) വാദത്തിനെതിരെ, അരുണാചല്‍ പ്രദേശ്, അസം, മണിപ്പുര്‍ തുടങ്ങിയ സംസ്ഥാനങ്ങളും ജാഗ്രതയിലാണ്. പ്രാദേശിക വിട്ടുവീഴ്ച്കള്‍ക്ക യാതൊരു കാരണവശാലും തയാറാകില്ലെന്ന് മൂന്നു സംസ്ഥാനങ്ങളും അറിയിച്ചിട്ടുണ്ടെങ്കിലും, എന്‍എസ്സിഎന്റെ സംഘടനാ ശേഷി വെല്ലുവിളി തന്നെയാണ്.
ഉപഭൂഖണ്ഡത്തിലെതന്നെ ഏറ്റവും കരുത്തുറ്റ വിഘടനവാദ സംഘടനകളില്‍ ഒന്നാണ് എന്‍എസ്സിഎന്‍. അത്യാധുനിക ആയുധങ്ങള്‍ വരെ കൈവശമുണ്ട ഇവര്‍ക്കെന്നാണു വിവരം. കടുത്ത നടപടികളിലേക്കു കടന്നാല്‍, സംസ്ഥാനത്തെ ജനജീവിതത്തില്‍ അതു കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുമെന്നതിനാലാണു സേനയും അല്‍പം ഉള്‍വലിഞ്ഞു നില്‍ക്കുന്നത്. കരാറിന്റെ അന്തിമ രൂപമാകുന്നതുവരെ കാത്തിരിക്കാമെന്ന നിലപാടിലാണ് അരുണാചല്‍, അസം, മണിപ്പുര്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍.
അതേസമയം ധാരണാചട്ടത്തിലെ ചില പരാമര്‍ശങ്ങളും വ്യവസ്ഥകളുമാണ് വിഷയത്തിന്റെ സ്ഥായിയായ പരിഹാരത്തിനുള്ള അന്തിമ കരാറിനു വിലങ്ങുതടിയാകുന്നതെന്നും വിലയിരുത്തപ്പെടുന്നു. 'പരമാധികാരം പങ്കുവയ്ക്കുന്നതു' സംബന്ധിച്ചു ധാരണാപത്രത്തില്‍ ചില വ്യവസ്ഥകള്‍ ഉള്ളതായും, 'ഞങ്ങള്‍ വ്യത്യസ്തരാണെന്നും അതിനാല്‍ വ്യത്യസ്തതകള്‍ നിലനിര്‍ത്തുക തന്നെ വേണമെന്നും' നാഗാ വിഭാഗത്തില്‍പ്പെട്ടവര്‍ നിര്‍ബന്ധം പിടിക്കുന്നതിനാലാണു അന്തിമ കരാറില്‍ എത്താനാകാത്തതെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
2015ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സാന്നിധ്യത്തില്‍ ഒപ്പുവച്ച ധാരണാപത്രത്തില്‍, കേന്ദ്ര സര്‍ക്കാരിന്റെയും അതോടൊപ്പം നാഗാ വിഭാഗത്തിന്റെയും പരമാധികാരമാണു നിലനിര്‍ത്തപ്പെടേണ്ടതെന്നു എന്‍എസ്സിഎന്‍ വാദിക്കുന്നതായാണു കേന്ദ്ര സര്‍ക്കാരിന്റെ പക്ഷം. ധാരണാ പത്രത്തിലെ പല വ്യവസ്ഥകളും വ്യാഖ്യാനിക്കുന്നതിലും അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട് എന്നതാണു മറ്റൊരു വാദഗതി. അതേസമയം നാഗാ വിഭാഗത്തിലെ ആളുകളെ ഭിന്നിപ്പിച്ചു നിര്‍ത്തുന്നതാണു കേന്ദ്ര സര്‍ക്കാര്‍ തന്ത്രമെന്ന് എഎന്‍എസ്സിഎന്‍ നേതാക്കളും പറയുന്നു. പ്രതിഷേധവുമായി തെരുവിലിറങ്ങുന്ന ജനതയെ അടക്കി നിര്‍ത്താന്‍ പൊടിക്കൈകള്‍ മതിയാകില്ല. സംസ്ഥാനത്തെ സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കാന്‍ പ്രതിജ്ഞാബദ്ധമാണു കേന്ദ്രം എന്ന തോന്നലുണ്ടായിട്ടില്ല ജനങ്ങള്‍ക്കെന്നതാണ് നിലവിലെ അവസ്ഥ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.