സുകുമാരക്കുറുപ്പിന്റെ വിദൂര മാതൃക യു. എസില്‍ ; ഭാര്യയെ കൊന്ന് ഇന്‍ഷൂറന്‍സ് തുക തട്ടിയ ഡെന്റല്‍ സര്‍ജന്‍ അകത്തായി

സുകുമാരക്കുറുപ്പിന്റെ വിദൂര മാതൃക യു. എസില്‍ ; ഭാര്യയെ കൊന്ന് ഇന്‍ഷൂറന്‍സ് തുക തട്ടിയ ഡെന്റല്‍ സര്‍ജന്‍ അകത്തായി


പിറ്റ്‌സ്ബര്‍ഗ്:ആഫ്രിക്കയില്‍ വേട്ടയ്ക്കു പോയപ്പോള്‍ ഭാര്യയെ വെടിവെച്ചു കൊന്ന് ഇന്‍ഷൂറന്‍സ് തുക തട്ടിയെടുത്ത കോടീശ്വരനായ ഡെന്റല്‍ സര്‍ജന്‍ അമേരിക്കയില്‍ അകത്തായി. ത്രീ റിവേഴ്‌സ് ഡെന്റല്‍ ഗ്രൂപ്പ് ഉടമയും ഡെന്റല്‍ സര്‍ജനുമായ പെന്‍സില്‍വാനിയ സ്വദേശി ഡോ. ലോറന്‍സ് റുഡോള്‍ഫ് (67) ആണ് അറസ്റ്റിലായത്. ഭാര്യയെ കൊന്ന ശേഷം അവരുടെ പേരില്‍ വിവിധ കമ്പനികളില്‍ ഉണ്ടായിരുന്ന അഞ്ച് മില്യന്‍ ഡോളര്‍ (36.9 കോടി രൂപ) ഇയാള്‍ കൈക്കലാക്കിയതായി പോലീസ് കണ്ടെത്തി.

കേരളത്തിലെ സുകുമാരക്കുറുപ്പ് സംഭവത്തിന്റെ വിദൂര മാതൃക അരങ്ങേറിയത് 2016 ലാണ്. ഭാര്യ ബിയാന്‍കയ്ക്കൊപ്പം സാംബിയയിലെ വനപ്രദേശത്ത് വേട്ടയ്ക്ക് പോയതായിരുന്നു റുഡോള്‍ഫ്. അവിടെ വെച്ചാണ് ഭാര്യ വെടിയേറ്റ് മരിച്ചത്. ബിയാന്‍ക വേട്ടയ്ക്കുപയോഗിച്ച തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ സ്വന്തം തോക്കില്‍ നിന്ന് വെടിയേറ്റാണ് ഭാര്യ മരിച്ചതെന്നാണ് ഇയാള്‍ സാംബിയന്‍ പോലീസിനോട് പറഞ്ഞത്. സാഹചര്യ തെളിവുകള്‍ അനുകൂലമായിരുന്നതിനാല്‍ പോലീസ് അയാള്‍ക്ക് അനുകൂലമായ റിപ്പോര്‍ട്ട് നല്‍കി. ഭാര്യയുടെ സംസ്‌കാരവും നടത്തി.

തുടര്‍ന്ന് എംബസിയില്‍ നിന്നുള്ള രേഖകളുടെയും പോലീസ് റിപ്പോര്‍ട്ടുകളുടെയും പിന്‍ബലത്തോടെ റുഡോള്‍ഫ്. ഭാര്യയുടെ പേരിലുള്ള ഇന്‍ഷുറന്‍സ് തുക കൈക്കലാക്കി. എന്നാല്‍ ബിയാന്‍കയുടെ സുഹൃത്ത് എഫ്ബിഐയെ സമീപിച്ച് മരണത്തിലുള്ള സംശയങ്ങള്‍ ചൂണ്ടിക്കാട്ടി. മികച്ച വേട്ടക്കാരിയയായ ബിയാന്‍ക ഒരിക്കലും തോക്ക് അബദ്ധത്തില്‍ പൊട്ടി മരിക്കില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി. റുഡോള്‍ഫിന് അവിഹിത ബന്ധങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഭാര്യയുടെ മരണത്തിന് ശേഷം ഇയാള്‍ കാമുകിക്കൊപ്പം താമസം ആരംഭിച്ചതായും ഇവര്‍ അറിയിച്ചു.

ഭാര്യയുടെ മരണത്തിന് തൊട്ടുമുമ്പായി ലക്ഷക്കണക്കിന് ഡോളറുകളുടെ ഇന്‍ഷുറന്‍സ് പോളിസികള്‍ ഇയാള്‍ എടുത്തിരുന്നതായും അവര്‍ വിവരം നല്‍കി. തുടര്‍ന്നാണ് എഫ്ബിഐ ഇയാള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചത്.സുഹൃത്ത് നല്‍കിയ എല്ലാ വിവരങ്ങളും ശരിയാണെന്ന് തെളിഞ്ഞു. മരണത്തിനു ശേഷം, യുഎസ് എംബസിയെ വിവരമറിയിച്ചപ്പോള്‍, ഇയാള്‍ പരസ്പര വിരുദ്ധമായാണ് സംസാരിച്ചിരുന്നതെന്നും പോലീസിന് വ്യക്തമായി. തുടര്‍ന്നാണ് 'പെന്‍സില്‍വാനിയയിലെ സുകുമാരക്കുറുപ്പി'ന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.മുതിര്‍ന്ന രണ്ട് മക്കളുണ്ട് ഇയാള്‍ക്ക്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.