ജന്മനാട്ടിലും ജോക്കോവിച്ചിനെ കാത്തിരിക്കുന്നത് ശിക്ഷയോ? കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തില്‍ കുരുക്കു മുറുകുന്നു

ജന്മനാട്ടിലും ജോക്കോവിച്ചിനെ കാത്തിരിക്കുന്നത് ശിക്ഷയോ? കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തില്‍ കുരുക്കു മുറുകുന്നു

മെല്‍ബണ്‍: കോവിഡ് വാക്‌സിനെടുക്കാതെ ഓസ്ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കാനെത്തിയ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നോവാക് ജോക്കോവിച്ചിന്റെ വിസ് റദ്ദാക്കിയ സംഭവത്തിനൊടുവില്‍ ജന്മനാടായ സെര്‍ബിയയിലും താരത്തിന് കുരുക്കു മുറുക്കുന്നു.

കോവിഡ് ബാധിതനായിരിക്കേ പ്രോട്ടോക്കോള്‍ ലംഘിച്ചതായുള്ള ജോക്കോവിച്ചിന്റെ കുറ്റസമ്മതത്തെതുടര്‍ന്നാണ് സെര്‍ബിയയിലും അതൃപ്തി പുകയുന്നത്. ലംഘനത്തിന് സെര്‍ബിയയില്‍ പിഴയോ ജയില്‍ ശിക്ഷയോ പോലും നേരിടേണ്ടിവരുമെന്ന് നിയമവിദഗ്ധര്‍ പറഞ്ഞു. താരത്തിന് ശക്തമായ പിന്തുണയുമായി ഒപ്പംനിന്ന സെര്‍ബിയന്‍ പ്രധാനമന്ത്രിയും കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. ജോക്കോവിച്ചിന്റെ പ്രവൃത്തി വ്യക്തമായ നിയമലംഘനമാണെന്ന് സെര്‍ബിയന്‍ പ്രധാനമന്ത്രി കുറ്റപ്പെടുത്തി. പ്രോട്ടോക്കോള്‍ ലംഘിച്ചതില്‍ ജന്മനാടും തിരിഞ്ഞതോടെ ജോക്കോവിച്ചിനു മേലുള്ള കുരുക്ക് മുറുകുകയാണ്.

ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ കളിക്കാനായി മെല്‍ബണിലെത്തിയ താരം ഓസ്‌ട്രേലിയന്‍ സര്‍ക്കാരുമായി പോരാട്ടത്തിലായിരുന്നു. മെല്‍ബണ്‍ വിമാനത്താവളത്തിലെത്തിയ താരത്തെ അധികൃതര്‍ തടയുകയും രാജ്യത്തേക്കുള്ള യാത്രയ്ക്ക് വേണ്ട രേഖകള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ വാക്സിന്‍ സ്വീകരിച്ചതിനുള്ള മതിയായ രേഖകള്‍ ഇല്ലായിരുന്നു. ഇതേതുടര്‍ന്ന് താരത്തിന്റെ വിസ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ റദ്ദാക്കുകയും ഹോട്ടലില്‍ കരുതല്‍ തടങ്കലില്‍ വിടുകയും ചെയ്തു. സംഭവം ഓസ്‌ട്രേലിയയും സെര്‍ബിയയും തമ്മിലുള്ള നയതന്ത്ര തര്‍ക്കത്തിലേക്കും നയിച്ചു.

ഫെഡറല്‍ കോടതി അനുവദിച്ചെങ്കിലും താരത്തെ ടൂര്‍ണമെന്റില്‍ പങ്കെടുപ്പിക്കുന്നതില്‍ അന്തിമ തീരുമാനമായിട്ടില്ല.

കാര്യങ്ങളെ സമീപിക്കുന്നതിനുള്ള തന്റെ പിഴവ് ഇവിടെയും ആവര്‍ത്തിച്ചതാണു കാരണമെന്നു ജോക്കോ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പറഞ്ഞു. കോവിഡ് പോസിറ്റീവായ ശേഷം ഒരു മാധ്യമ പ്രവര്‍ത്തകനുമായി കൂടിക്കാഴ്ച നടത്തിയെന്നും ജോക്കോ വെളിപ്പെടുത്തി.
ഡിസംബര്‍ 16 നായിരുന്നു താരത്തിനു കോവിഡ് സ്ഥിരീകരിച്ചത്. പോസിറ്റീവായ ശേഷവും ജോക്കോ ബെല്‍ഗ്രേഡിലെ വിവിധ ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു. ഓസ്ട്രേലിയയിലേക്കു പ്രവേശിക്കാന്‍ നല്‍കിയ യാത്രാ രേഖകളിലെ പിഴവുകള്‍ തന്റെ ഏജന്റ് വരുത്തിയതാണെന്നും ജോക്കോ പറഞ്ഞു.

വിസ റദ്ദാക്കിയ ഓസ്ട്രേലിയയുടെ നടപടി കോടതി തള്ളിയെങ്കിലും പുതിയ പ്രശ്‌നവും ഉടലെടുത്തിരിക്കുകയാണ്. ഓസ്‌ട്രേലിയയിലേക്കുള്ള പ്രവേശന പാസില്‍ നല്‍കിയിരിക്കുന്നത് തെറ്റായ വിവരങ്ങള്‍ ആണെന്നാണ് പുതിയ അരോപണം. അത് അന്വേഷിക്കാനുള്ള ഒരുക്കത്തിലാണ് ഓസ്‌ട്രേലിയന്‍ ബോര്‍ഡര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍. ജോക്കോവിച്ചിനെ മോചിപ്പിക്കാന്‍ തിങ്കളാഴ്ച്ച കോടതി ഉത്തരവിട്ടിരുന്നെങ്കിലും പുതിയതായി ലഭിച്ച തെളിവുകള്‍ അദ്ദേഹത്തെ വീണ്ടും തടവില്‍ പാര്‍പ്പിക്കാന്‍ മതിയാകുന്നവയാണെന്നാണ്് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ പറയുന്നത്.

ഓസ്‌ട്രേലിയയില്‍ വരുന്നതിന് 14 ദിവസം മുമ്പ് മറ്റെവിടേക്കെങ്കിലും യാത്ര ചെയ്തിരുന്നോ എന്ന് പ്രവേശന പാസില്‍ ചോദിച്ചിരുന്നു. ഇല്ല എന്നാണ് ഉത്തരം നല്‍കിയത്. എന്നാല്‍ ഇത് തെറ്റാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ജനുവരി നാലിന് സ്പെയിനില്‍ നിന്ന് താരം ദുബായിലേക്കു പോയിരുന്നു. അവിടെ നിന്നാണ് ജനുവരി അഞ്ചിന് മെല്‍ബണിലേക്കു വിമാനം കയറിയത്. ഇതാണ് ഉദ്യോഗസ്ഥരെ അന്വേഷണങ്ങള്‍ക്ക് പ്രേരിപ്പിച്ചിരിക്കുന്നത്.

കടുത്ത കോവിഡ് നിയന്ത്രണങ്ങളുള്ള സെര്‍ബിയയില്‍ ക്വാറന്റീന്‍ ലംഘനം നടത്തിയെന്നു തെളിഞ്ഞാല്‍ മൂന്ന് വര്‍ഷം വരെ പിഴയോ തടവോ ലഭിക്കാമെന്ന് അഭിഭാഷകരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു,

മാതൃരാജ്യത്തെ ദേശീയ ഹീറോ ആയ വ്യക്തി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ മാതൃകാപരമായ ഉപരോധം നേരിടേണ്ടിവരും അല്ലെങ്കില്‍ സാമൂഹിക സേവനം ചെയ്യേണ്ടി വരുമെന്നാണ് അഭിഭാഷകരുടെ നിഗമനം.

മഹാമാരിയുടെ പ്രാരംഭ ഘട്ടത്തില്‍, കോവിഡ് പോസിറ്റീവായ ശേഷം ക്വാറന്റീന്‍ പാലിക്കാത്ത നിരവധി സെര്‍ബിയക്കാര്‍ക്ക് മൂന്നു വര്‍ഷം വരെ തടവുശിക്ഷ ലഭിച്ചിരുന്നു. എന്നാല്‍ അടുത്തിടെ 150,000 ദിനാര്‍ (ഒരു ലക്ഷത്തോളം ഇന്ത്യന്‍ രൂപ) പിഴയാണു ചുമത്തുന്നത്.

ജോക്കോവിച്ച് പോസിറ്റീവ് ആയപ്പോള്‍ ക്വാറന്റീനില്‍ പോകേണ്ടിയിരുന്നെന്ന് സെര്‍ബിയന്‍ പ്രധാനമന്ത്രി അന ബ്രനാബിക് പറഞ്ഞു. താരം നിയമം ലംഘിച്ചിട്ടുണ്ടെങ്കില്‍ ബന്ധപ്പെട്ട അധികാരികളെ നേരിടണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വാക്‌സിനേഷന്‍ സംബന്ധമായ കാര്യങ്ങളില്‍ താരത്തിന്റെ നിലപാടിനോട് വിയോജിപ്പുണ്ടെങ്കിലും ജോക്കോവിച്ച് സെര്‍ബിയയിലെ ഏറ്റവും മികച്ച കായിക താരമാണെന്നും അദ്ദേഹത്തിന് ടൂര്‍ണമെന്റില്‍ കളിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. ജോക്കോവിച്ചിനു വേണ്ടിയുള്ള ആശയവിനിമയം ഓസ്ട്രേലിയന്‍ പ്രതിനിധികളുമായി സെര്‍ബിയ തുടരുന്നുണ്ട്.

കോടതി ഉത്തരവ് അനുസരിച്ച് ജോക്കോവിച്ചിനെ ഹോട്ടലില്‍നിന്ന് മോചിപ്പിച്ചതായും അദ്ദേഹത്തില്‍ നിന്ന് അധികൃതര്‍ പിടിച്ചെടുത്ത രോഖകളെല്ലാം കൈമാറിയതായും ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 17-ന് തുടങ്ങുന്ന ഓസ്ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കുമെന്നാണ് ജോക്കോവിച്ചിന്റെ സഹോദരനായ ജോര്‍ജ് ബല്‍ഗ്രേഡില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. ജോക്കോവിച്ച് ഇതിനോടകം തന്നെ പരിശീലനം തുടങ്ങിയതായും സഹോദരന്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.