ലഖ്നൗ: നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം അവശേഷിക്കേ ഉത്തപ്രദേശ് ബിജെപിയിലെ കൊഴിഞ്ഞു പോക്ക് തുടരുന്നു. യോഗി ആദിത്യനാഥ് സര്‍ക്കാരിലെ മൂന്നാമത്തെ മന്ത്രി ഇന്ന് രാജിവെച്ചു. ആയുഷ് വകുപ്പ് മന്ത്രിയും നാകുര്‍ എംഎല്‍എയുമായ ധരം സിങ് സൈനിയാണ് രാജി പ്രഖ്യാപിച്ചത്.
ഫിറോസാബാദ് എംഎല്‍എ മുകേഷ് വര്‍മ ഇന്ന് രാവിലെ രാജിവെച്ചിരുന്നു. തൊട്ടുപിന്നാലെയാണ് ധരം സിങ് സൈനിയുടെ രാജി. വിനയ് ശാക്യയെന്ന മറ്റൊരു എംഎല്‍എയും ഇന്ന് രാജി പ്രഖ്യാപിച്ചിട്ടുണ്ട്. ദലിത്, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളോടും കര്‍ഷകരോടുമുള്ള യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ചാണു രാജിയെന്ന് മുകേഷ് വര്‍മ അറിയിച്ചു.
'കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണത്തിനിടെ, ദലിത്, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ള നേതാക്കള്‍ക്കോ പ്രതിനിധികള്‍ക്കോ ബിജെപി സര്‍ക്കാര്‍ യാതൊരു പരിഗണനയും നല്‍കിയിട്ടില്ല. ഈ വിഭാഗങ്ങളോടുള്ള കടുത്ത അവഗണനയില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം രാജിവയ്ക്കുകയാണ്'-മുകേഷ് വര്‍മ ട്വിറ്ററില്‍ കുറിച്ചു.
ഇതോടെ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ ബിജെപിയില്‍ നിന്ന് രാജിവെച്ച എംഎല്‍എമാരുടെ എണ്ണം ഒമ്പതായി. ഇതില്‍ മൂന്ന് മന്ത്രിമാരും ഉള്‍പ്പെടുന്നു. മന്ത്രിമാരായ സ്വാമി പ്രസാദ് മൗര്യയും ദാരാസിങ് ചൗഹാനുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ രാജിവെച്ച മറ്റു മന്ത്രിമാര്‍. സ്വാമി പ്രസാദ് മൗര്യയുമായി ബന്ധം പുലര്‍ത്തുന്നവരാണ് ബിജെപി വിടുന്ന ഭൂരിപക്ഷം എംഎല്‍എമാരും.
ദളിത്, പിന്നാക്ക വിഭാഗങ്ങളോടും പാര്‍ശ്വവത്കരിക്കപ്പെട്ടവരോടും ബി.ജെ.പിയും യോഗി സര്‍ക്കാരും അവഗണന കാണിക്കുന്നുവെന്നാണ് രാജിവെക്കുന്നവരുടെ പ്രധാന ആരോപണം. ഇവരെല്ലാവരും പിന്നാക്ക വിഭാഗത്തില്‍ പെട്ടവരാണ്.
സ്വാമി പ്രസാദ് മൗര്യയും നാല് എം.എല്‍.എ.മാരുമാണ് ചൊവ്വാഴ്ച രാജിവെച്ചത്. വനം പരിസ്ഥിതി മന്ത്രി ദാരാസിങ് ചൗഹാനും എം.എല്‍.എ. അവ്താര്‍ സിങ് ഭഡാനയും ബുധനാഴ്ച പാര്‍ട്ടി വിട്ടു. ഇന്ന് ഒരു മന്ത്രിയും രണ്ട് എംഎല്‍എമാരുമാണ് പാര്‍ട്ടി വിട്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.