കൊര്‍ബെവാക്‌സ്; കോവിഡ് പ്രതിരോധത്തിന് ഊര്‍ജം പകര്‍ന്ന് ചെലവു കുറഞ്ഞ വാക്‌സിന്‍

കൊര്‍ബെവാക്‌സ്; കോവിഡ് പ്രതിരോധത്തിന് ഊര്‍ജം പകര്‍ന്ന് ചെലവു കുറഞ്ഞ വാക്‌സിന്‍

ഹൂസ്റ്റണ്‍: വികസ്വര രാജ്യങ്ങളിലെ ജനങ്ങള്‍ക്കും കോവിഡ് പ്രതിരോധമൊരുക്കുക എന്ന ലക്ഷ്യത്തോടെ ചെലവു കുറഞ്ഞ വാക്‌സിന്‍ വികസിപ്പിച്ചെടുത്ത് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍. ആഫ്രിക്ക ഉള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങളിലെ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കിയാല്‍ മാത്രമേ കോവിഡ് മഹാമാരിയെ പിടിച്ചുകെട്ടാന്‍ സാധിക്കുകയുള്ളൂ എന്ന ഗവേഷകരുടെ നിഗമനമാണ് പുതിയ വാക്‌സിന്റെ കണ്ടെത്തലിലേക്കു വഴിതെളിച്ചത്.

അമേരിക്കയിലെ ടെക്‌സാസിലെ ശാസ്ത്രജ്ഞരാണ് ചെലവ് കുറഞ്ഞ വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. 'കൊര്‍ബെവാക്‌സ്' എന്നു പേരുള്ള വാക്‌സിന്‍ ടെക്‌സസ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലും ഹൂസ്റ്റണിലെ ബെയ്ലര്‍ കോളജ് ഓഫ് മെഡിസിനും ചേര്‍ന്നാണ് കഴിഞ്ഞ വര്‍ഷം അവസാനത്തോടെ വികസിപ്പിച്ചെടുത്തത്. ഇന്ത്യ ഇതിനകം തന്നെ വാക്‌സിന്‍ അംഗീകരിച്ചു.

ബിബിസി റിപ്പോര്‍ട്ട് അനുസരിച്ച്, ആഫ്രിക്കയിലെ ഏഴ് രാജ്യങ്ങള്‍ മാത്രമാണ് 40% വാക്‌സിനേഷന്‍ എങ്കിലും പൂര്‍ത്തിയാക്കിയത്. സീഷെല്‍സ് (79.50%), മൗറീഷ്യസ് (71.50%) തുടങ്ങിയ രാജ്യങ്ങള്‍ പ്രതിരോധ കുത്തിവയ്പ്പുകളുടെ കാര്യത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുമ്പോള്‍, മാലി (1.90%), സൗത്ത് സുഡാന്‍ (1.40%), ഗിനിയ (1.10%), ചാഡ് (0.50%) കോംഗോ (0.10%) തുടങ്ങിയ രാജ്യങ്ങളില്‍ കോവിഡിനെതിരെയുള്ള പ്രതിരോധ നടപടികള്‍ ഏറെ മന്ദഗതിയിലാണ്.

നിലവില്‍ എല്ലാ കോവിഡ് പ്രതിരോധ വാക്സിനുകളും വികസിത രാജ്യങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ്. പകര്‍ച്ചവ്യാധിക്കെതിരെ പോരാടാന്‍ വികസ്വര രാജ്യങ്ങളെയും അവികസിത രാജ്യങ്ങളെയും ഒരുപോലെ സഹായിക്കുക എന്ന ലക്ഷ്യത്തിലാണ് ചെലവു കുറഞ്ഞ വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്.

ലോകം മുഴുവന്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുന്നതിനും പകര്‍ച്ചവ്യാധി തടയുന്നതിനുമുള്ള ആദ്യപടിയാണിതെന്നും ഈ പുതിയ സാങ്കേതികവിദ്യ, ആഗോള മാനുഷിക പ്രതിസന്ധി നേരിടാനുള്ള മാര്‍ഗമാണെന്നും ബെയ്ലര്‍ ആന്‍ഡ് കോയിലെ നാഷണല്‍ സ്‌കൂള്‍ ഓഫ് ട്രോപ്പിക്കല്‍ മെഡിസിന്‍ പ്രൊഫസറും ഡീനുമായ ഡോ. പീറ്റര്‍ ഹോട്ടെസ് പ്രസ്താവനയില്‍ പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങള്‍ക്കു വേണ്ടിയാണ് വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്.

ഇന്ത്യയില്‍, ബയോളജിക്കല്‍ ഇ ലിമിറ്റഡ് എന്ന സ്ഥാപനത്തിന് ഇതിന്റെ ഉത്പാദനാവകാശം കൈമാറി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.