വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള: ഭാരതത്തിലെ പ്രഥമ അല്‍മായ രക്തസാക്ഷി

വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള: ഭാരതത്തിലെ പ്രഥമ അല്‍മായ രക്തസാക്ഷി

അനുദിന വിശുദ്ധര്‍ - ജനുവരി 14

മുന്‍പ് കേരളത്തിന്റെ ഭാഗമായിരുന്ന കന്യാകുമാരി ജില്ലയിലെ നട്ടാലത്ത് ഒരു ഹൈന്ദവ കുടുംബത്തില്‍ 1712 ഏപ്രില്‍ 23 നാണ് നീലകണ്ഠ പിള്ള എന്ന ദേവസഹായം പിള്ള ജനിച്ചത്. തിരുവിതാംകൂര്‍ രാജകൊട്ടാരത്തില്‍ കാര്യദര്‍ശിയായിരിക്കേയാണ് ഹൈന്ദവ മതം ഉപേക്ഷിച്ച് അദ്ദേഹം ക്രൈസ്തവ വിശ്വാസം സ്വീകരിച്ചത്.

കുളച്ചല്‍ യുദ്ധത്തില്‍ തിരുവിതാംകൂര്‍ സൈന്യം പിടിയിലാക്കിയ ഡച്ച് പടത്തലവനും കത്തോലിക്കാ വിശ്വാസിയുമായ ഡിലനോയിയുടെ വിശ്വാസ ജീവിതമാണ് ക്രിസ്തുവിനെ കുറിച്ച് അറിയാന്‍ ദേവസഹായം പിള്ളയെ പ്രചോദിപ്പിച്ചത്.

തുടര്‍ന്ന് തെക്കന്‍ തിരുവിതാംകൂറിലെ നേമം എന്ന സ്ഥലത്ത് മിഷനറിയായിരുന്ന ബുട്ടാരി എന്ന ഈശോസഭാ വൈദികനില്‍ നിന്ന് 1745 മെയ് 17-ന് ലാസര്‍ എന്നര്‍ത്ഥമുള്ള ദേവസഹായം പിള്ള എന്ന പേരില്‍ ജ്ഞാനസ്‌നാനം സ്വീകരിച്ചു. അറിഞ്ഞ ക്രിസ്തുവിനെ പ്രഘോഷിക്കാതിരിക്കാന്‍ പിള്ളയ്ക്കു സാധിച്ചില്ല. രാമപുരം, വടക്കേക്കുളം, നെയ്യാറ്റിന്‍കര തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പോയി പിള്ള ക്രിസ്തുവിനെ പ്രസംഗിച്ചു.

ഇത് രാജസേവകരുടെയും പിള്ളയുടെ സഹ പ്രവര്‍ത്തകരുടെയും കോപം ജ്വലിപ്പിച്ചു. നമ്പൂതിരിമാരെ വെറുത്തിരുന്ന രാമയ്യന്‍ ദളവയുടെ കൂടി സഹായത്തോടെ പിള്ളയ്‌ക്കെതിരായി അവര്‍ ഉപജാപം നടത്തി രാജദ്രോഹക്കുറ്റം ചാര്‍ത്തി രാജസമക്ഷം അവതരിപ്പിച്ചു.

'ജീവന്‍ വേണമെങ്കില്‍ ക്രിസ്തുവിനെ ഉപേക്ഷിക്കുക.' രാജാവ് ഉത്തരവിട്ടു. പ്രാണനെക്കാള്‍ ക്രിസ്തുവിനെ സ്‌നേഹിച്ച പിള്ള പക്ഷേ, അതിന് തയ്യാറായില്ല. പിള്ളയുടെ കൈകാലുകള്‍ ബന്ധിച്ച് ദിവസവും 30 അടി വീതം കാല്‍വെള്ളയില്‍ അടിക്കാന്‍ രാജാവ് ഉത്തരവിട്ടു. വഴിപോക്കര്‍ പോലും പിള്ളയെ മര്‍ദിച്ചു രസിച്ചു. മുളകുപോടി ചുറ്റിനും ഇട്ടു പുകയ്ക്കുക, എരുക്കിന്‍ പൂമാലയണിയിച്ച് പൊള്ളുന്ന വെയിലത്ത് എരുമപ്പുറത്ത് കയറ്റി നാടുചുറ്റിക്കുക, മുറിവില്‍ മുളകു പുരട്ടുക തുടങ്ങിയ മര്‍ദനമുറകള്‍ക്കു പുറമേ നാലു കൊല്ലത്തോളം ജയില്‍ വാസവും അനുഭവിച്ചു.

1752 ജനുവരി 14ന് വെടിവച്ചു കൊല്ലാനുള്ള ഉത്തരവുമായി രാജ ഭടന്‍മാര്‍ പിള്ളയെ കാറ്റാടി മലയിലെ ഒരു പാറയില്‍ കൊണ്ടു ചെന്നു നിര്‍ത്തി. തനിക്ക് പോകാന്‍ സമയമായി എന്നറിഞ്ഞ പിള്ള അവസാനമായി പ്രാര്‍ത്ഥിക്കാന്‍ അനുവാദം ചോദിച്ചു. പാറയില്‍ ചങ്ങലകളില്‍ ബന്ധിക്കപ്പെട്ടു പ്രാര്‍ത്ഥിക്കുന്ന ചിത്രം പിന്നീട് വിശ്വാസ ചരിത്രത്തിന് വിളക്കായി. അങ്ങനെ അദ്ദേഹം ധീര രക്തസാക്ഷിത്വം വരിച്ചു. ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ട നിലയില്‍ മുട്ടില്‍ നിന്ന് പ്രാര്‍ത്ഥിക്കുന്ന ദേവസഹായം പിള്ളയുടെ പെയിന്റിംഗ് ഇന്നും അദ്ദേഹത്തിന്റെ വീരോചിത വിശ്വാസ സാക്ഷ്യത്തെ എടുത്തുക്കാട്ടുന്നു.

2004 ല്‍ ഭാരത മെത്രാന്‍ സമിതിയുടെ തമിഴ്‌നാട് ശാഖ, ദേവസഹായം പിള്ളയെ വിശുദ്ധ പദവിയിലേയ്ക്ക് ഉയര്‍ത്തണമെന്ന് വത്തിക്കാനോട് ശുപാര്‍ശ ചെയ്തു. ദേവസഹായം പിള്ളയെ രക്തസാക്ഷി വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്താനുള്ള നടപടികള്‍ക്ക് 2012 ല്‍ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ അംഗീകാരം ലഭിച്ചു.

2012 ഡിസംബര്‍ രണ്ടിന്് കത്തോലിക്ക സഭ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയെ 2022 മെയ് 15 ന് വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തും. 2021 നവംബര്‍ ഒമ്പതിനാണ് ഇതു സംബന്ധിച്ച റോമിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. ദേവസഹായം പിള്ളയുടെ മധ്യസ്ഥതയില്‍ സംഭവിച്ച രോഗ സൗഖ്യത്തിന് കഴിഞ്ഞ വര്‍ഷം ഫ്രാന്‍സിസ് പാപ്പ അംഗീകാരം നല്‍കിയിരുന്നു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. സ്‌കോട്ട്‌ലന്‍ഡിലെ കെന്റിജേണ്‍ മൂങ്കോ

2. കാന്റര്‍ബറി ബിഷപ്പായ ദേവൂസ് ഡേഡിത്

3. സൂഫണിലെ ബിഷപ്പായിരുന്ന ബാര്‍ബാസിമാസ്

4. മിലാനില്‍ നിന്ന് കോണ്‍സ്റ്റാന്റിനോപ്പിളിലേക്ക് പലായനം ചെയ്ത ദാഷിയൂസ്.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.