അമേരിക്കന്‍ സൈനികന്‍ അമ്മയ്ക്കയച്ച കത്ത്: 76 വര്‍ഷങ്ങള്‍ക്ക് ശേഷം കൈപ്പറ്റിയത് സൈനികന്റെ ഭാര്യ

അമേരിക്കന്‍ സൈനികന്‍ അമ്മയ്ക്കയച്ച കത്ത്: 76 വര്‍ഷങ്ങള്‍ക്ക് ശേഷം കൈപ്പറ്റിയത് സൈനികന്റെ ഭാര്യ

വാഷിംഗ്ടണ്‍: വിദേശത്തുനിന്ന് അമേരിക്കന്‍ സൈനികന്‍ അമ്മയ്ക്ക് അയച്ച കത്ത് കുടുംബത്തിന് ലഭിച്ചത് 76 വര്‍ഷങ്ങള്‍ക്കു ശേഷം. കത്ത് അയച്ച സൈനികനും കത്ത് വായിക്കേണ്ടിയിരുന്ന അമ്മയും ഇന്ന് ജീവിച്ചിരിപ്പില്ല. 1945-ല്‍ അയച്ച കത്താണ് യുഎസ് പോസ്റ്റല്‍ സര്‍വീസ് (യു.എസ്.പി.എസ്) കഴിഞ്ഞ ദിവസം കുടുംബത്തിന് കൈമാറിയത്. കത്ത് അയച്ച സൈനികന്‍ സര്‍ജന്റ് ജോണ്‍ ഗോണ്‍സാല്‍വസ് 2015-ല്‍ മരിച്ചു.

1945-ല്‍ ജര്‍മനിയില്‍ വിന്യസിക്കപ്പെട്ട അമേരിക്കന്‍ സേനയിലെ അംഗമായിരുന്നു 22 വയസുകാരനായ ജോണ്‍ ഗോണ്‍സാല്‍വസ്. അക്കാലത്ത് അമ്മയ്ക്ക് എഴുതി അയച്ച കത്താണ് കഴിഞ്ഞ ദിവസം ഭാര്യ ആഞ്ജലീന ഗോണ്‍സാല്‍വസിന് കൈമാറിയത്.

രണ്ടാം ലോകമഹായുദ്ധം അവസാനിച്ച് മാസങ്ങള്‍ക്ക് ശേഷം 1945 ഡിസംബര്‍ 6-നാണ് കത്ത് എഴുതിയിരിക്കുന്നത്. താന്‍ ഉടന്‍ ജര്‍മനിയില്‍നിന്ന് മസാച്യുസെറ്റ്സിലെ വീട്ടിലേക്കു വരുമെന്ന് അമ്മയെ അറിയിക്കാന്‍ അദ്ദേഹം കത്തില്‍ നിര്‍ദേശിക്കുന്നു. ജീവിച്ചിരുന്നപ്പോള്‍ മകന്റെ കത്ത് അമ്മയ്ക്ക് കാണാനായില്ല. കത്ത് അയച്ച് 76 വര്‍ഷവും മൂന്ന് ദിവസവും കഴിഞ്ഞ്, അത് യു.എസ്.പി.എസ് അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് കൈമാറി.


കത്തിന്റെ ഉള്ളടക്കം

76 വര്‍ഷങ്ങള്‍ക്കു മുന്‍പ് അയച്ച കത്ത് ഇപ്പോള്‍ ലഭിച്ചത് അത്ഭുതപ്പെടുത്തിയെന്ന് മസാച്യുസെറ്റ്സിലെ വോബര്‍ണില്‍ താമസിക്കുന്ന ആഞ്ജലീന ഗോണ്‍സാല്‍വസ് പറഞ്ഞു.

അതേസമയം, ഈ കത്ത് എഴുതുമ്പോള്‍ ആഞ്ജലീനയ്ക്കും ജോണിനും പരസ്പരം അറിയുമായിരുന്നില്ല എന്നതാണ് രസകരം. 1953-ലാണ് ഇരുവരും വിവാഹിതരായത്. ദമ്പതികള്‍ക്ക് അഞ്ച് ആണ്‍മക്കളുണ്ട്. 2015-ല്‍ 92-ാം വയസിലാണ് ജോണ്‍ മരിച്ചത്.

ആഞ്ജലീന എന്നാണ് അമ്മയുടെ പേരും. അമ്മയ്ക്ക് എഴുതിയ രണ്ട് പേജുള്ള കത്തില്‍, താന്‍ താമസിക്കുന്ന ജര്‍മനിയിലെ ബാഡ് ഓര്‍ബ് എന്ന സ്ഥലത്തെ മോശം ഭക്ഷണത്തെക്കുറിച്ചും കാലാവസ്ഥയെക്കുറിച്ചുമുള്ള അനുഭവങ്ങള്‍ ജോണ്‍ പങ്കുവയ്ക്കുന്നു. കുടുംബാംഗങ്ങള്‍ക്കുള്ള സ്‌നേഹാന്വേഷണവും കത്തിലുണ്ട്. കവറിന്റെ മുന്‍ഭാഗത്ത് ആറ് യു.എസ്. സെന്റിന്റെ സ്റ്റാമ്പ് ഒട്ടിച്ചിട്ടുണ്ട്.

ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കുന്ന കത്ത് വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ആഞ്ജലീനയുടെയും ജോണിന്റെയും മകനായ ബ്രയാന്‍ പറഞ്ഞു.

അതേസമയം ഈ കത്ത് എവിടെയാണ് ഇത്രയും കാലം മറഞ്ഞിരുന്നതെന്ന് വ്യക്തമല്ല. കഴിഞ്ഞ വര്‍ഷം അവസാനം ഇത് യു.എസ്.പി.എസിന്റെ പിറ്റ്സ്ബര്‍ഗിലെ പ്രോസസിംഗ് സെന്ററില്‍നിന്നാണു കണ്ടെത്തിയത്. യു.എസ്.പി.എസില്‍ നിന്നുള്ള കത്തിനൊപ്പമാണ് ജോണിന്റെ കത്തും ആഞ്ജലീനയ്ക്ക് ലഭിച്ചത്.

ഒരു സൈനികന്റെ കത്തിന് കുടുംബം എത്രത്തോളം പ്രാധാന്യം കല്‍പ്പിക്കുന്നുവെന്ന് തിരിച്ചറിഞ്ഞ സെന്ററിലെ ജീവനക്കാരാണ് ജോണിന്റെ അടുത്ത ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയത്.

ഭര്‍ത്താവിന്റെ വേര്‍പാടില്‍ അനുശോചനം അറിയിച്ചുകൊണ്ടാണ് യു.എസ്.പി.എസില്‍ നിന്നുള്ള കത്ത് ആരംഭിക്കുന്നത്. തപാല്‍ ജീവനക്കാരുടെ അര്‍പ്പണബോധത്തോടെയുള്ള ശ്രമത്തിന്റെ ഫലമായാണ് കത്തിലെ വിലാസം നിര്‍ണയിക്കാന്‍ കഴിഞ്ഞത്. കത്തിലെ ഉള്ളടക്കത്തിന്റെ പ്രാധാന്യം മനസിലാക്കിയാണ് 76 വര്‍ഷം വൈകിയാണെങ്കിലും കുടുംബത്തിന് സൈനികന്റെ കത്ത് കൈമാറുന്നതെന്ന് യു.എസ്.പി.എസ് അധികൃതര്‍ പറയുന്നു.

തനിക്ക് ലഭിച്ച ഏറ്റവും മികച്ച ക്രിസ്മസ് സമ്മാനമാണ് ഈ കത്തെന്ന് ആഞ്ജലീനയും മകനും പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.