മെല്‍ബണില്‍ രണ്ട് വ്യത്യസ്ത ആക്രമണങ്ങളില്‍ നാലു പേര്‍ കൊല്ലപ്പെട്ടു

മെല്‍ബണില്‍ രണ്ട് വ്യത്യസ്ത ആക്രമണങ്ങളില്‍ നാലു പേര്‍ കൊല്ലപ്പെട്ടു

0 മില്‍ പാര്‍ക്കില്‍ അമ്മയും ആറുവയസുള്ള മകളും കുത്തേറ്റു മരിച്ചു
0 മോര്‍ഡിയലോക്കിലുണ്ടായ വെടിവെപ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ നഗരമായ മെല്‍ബണിലുണ്ടായ രണ്ട് വ്യത്യസ്ത ആക്രമണങ്ങളില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. മില്‍ പാര്‍ക്കിലുണ്ടായ ആക്രമണത്തില്‍ രണ്ടു പേരും മോര്‍ഡിയലോക്കിലുണ്ടായ വെടിവെപ്പില്‍ രണ്ടു പേരുമാണ് മരിച്ചത്.

മില്‍ പാര്‍ക്കിലെ ഒരു വീട്ടില്‍ യുവാവിന്റെ കുത്തേറ്റാണ് ഭാര്യയും ആറു വയസുള്ള മകളും മരിച്ചത്. സംഭത്തിനു സാക്ഷിയായ മൂത്ത മകള്‍ ഓടി രക്ഷപ്പെട്ടു. ഇന്നലെ രാത്രി 7.50-നാണു സംഭവം.

നിലവിളി കേട്ട് അയല്‍വാസി വിവരമറിയിച്ചതനുസരിച്ച് പോലീസ് എത്തിയപ്പോഴാണ് വീടിനുള്ളില്‍ 39 വയസുകാരിയെയും മകളെയും കുത്തേറ്റ് ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്. കുത്തേറ്റ സ്ത്രീ സംഭവസ്ഥലത്തുതന്നെ മരിച്ചു. ആറു വയസുകാരി ആശുപത്രിയില്‍ വച്ചാണു മരിച്ചത്. 10 വയസുള്ള മകള്‍ സംഭവ സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടു. കുട്ടിയെ പോലീസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി ആരോഗ്യ വകുപ്പിന്റെ പരിചരണ കേന്ദ്രത്തിലേക്കു മാറ്റി.

ഇരുവരെയും കുത്തിയ യുവാവിനെ പോലീസ് പിടികൂടിയപ്പോള്‍ ഇയാള്‍ സ്വയം മാരകമായി പരിക്കേല്‍പ്പിച്ചു. പ്രതി പോലീസ് കാവലില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വൈകാതെ ഇയാളെ പോലീസ് ചോദ്യം ചെയ്യും.

സഹായത്തിനായി സ്ത്രീ അയല്‍വാസിയുടെ അടുത്തേക്ക് ഓടിയപ്പോള്‍ അക്രമി പിന്തുടരുകയും കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.

ആറും പത്തും വയസുള്ള രണ്ട് പെണ്‍കുട്ടികളും പ്രതിയും ഭാര്യയുമാണ് വീട്ടില്‍ താമസിച്ചിരുന്നത്.

മൂത്ത മകള്‍ക്ക് ശാരീരികമായി പരിക്കേറ്റിട്ടില്ലെങ്കിലും മാനസികമായി വലിയ ആഘാതമേല്‍പ്പിച്ച സംഭവത്തിലൂടെയാണ് കടന്നുപോയതെന്ന് ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ ഡീന്‍ തോമസ് പറഞ്ഞു. ഇപ്പോള്‍ കുട്ടി ആരോഗ്യ വകുപ്പിന്റെ പരിചരണയിലാണെന്നും രാത്രി പോലീസിന് വിവരങ്ങള്‍ കൈമാറിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബുദ്ധിമുട്ടേറിയ സാഹചര്യത്തിലൂടെയാണ് കുട്ടി കടന്നുപോകുന്നത്. അമ്മയും സഹോദരിയും കണ്‍മുന്നില്‍ കുത്തേറ്റു മരിക്കുന്ന ഭയാനകമായ രംഗങ്ങള്‍ക്ക് അവള്‍ സാക്ഷിയായി. കുട്ടിക്ക് ആവശ്യമായ കൗണ്‍സലിംഗും സാന്ത്വനവും നല്‍കുന്നതിനാണ് മുന്‍ഗണന. കൊലപാതകവുമായി ബന്ധപ്പെട്ട് മറ്റാരെയും പോലീസ് അന്വേഷിക്കുന്നില്ലെന്ന് ഡീന്‍ തോമസ് സ്ഥിരീകരിച്ചു.

അതിനിടെ, മെല്‍ബണിലെ മോര്‍ഡിയലോക്കിലുണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു.
ഇന്നലെ രാത്രി ഒന്‍പതു മണിയോടെയാണ് സംഭവം. പോലീസ് എത്തിയപ്പോള്‍ 72, 62 വയസ് പ്രായമുള്ള രണ്ടുപേരെ വെടിയേറ്റ നിലയില്‍ കണ്ടെത്തി. പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും ഇരുവരും താമസിയാതെ മരിച്ചു.

പോലീസ് പ്രദേശത്ത് തിരച്ചില്‍ നടത്തിയപ്പോള്‍ തോക്കുമായി ഒരു വയോധികനെ കണ്ടെത്തി. ഇയാള്‍ പോലീസിന് നേരെ തോക്ക് ചൂണ്ടിയപ്പോള്‍ ഒരു ഉദ്യോഗസ്ഥന്‍ തിരിച്ചു വെടിവച്ചു. വെടിയേല്‍ക്കാതെ രക്ഷപ്പെട്ട ഇയാള്‍ അവിടെനിന്ന് പോവുകയും പിന്നീട് പോലീസില്‍ കീഴടങ്ങുകയുമായിരുന്നു.

മൂന്ന് പേരും അയല്‍വാസികളാണ്. ഇവര്‍ തമ്മിലുള്ള തര്‍ക്കമാണ് വെടിവയ്പ്പിന് കാരണമെന്ന് ഇന്‍സ്‌പെക്ടര്‍ തോമസ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്കായി പ്രതിയായ 73 വയസുകാരനെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്.

ജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ മില്‍ പാര്‍ക്കിലും മോര്‍ഡിയല്ലോക്കിലും കൂടുതല്‍ ലോക്കല്‍ പോലീസിനെ വിന്യസിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.