പി.വി അന്‍വറിന്റെ അധിക ഭൂമി അഞ്ചു മാസത്തിനകം തിരിച്ചു പിടിക്കണം: ഹൈക്കോടതി

  പി.വി അന്‍വറിന്റെ അധിക ഭൂമി അഞ്ചു മാസത്തിനകം തിരിച്ചു പിടിക്കണം: ഹൈക്കോടതി

കൊച്ചി: പി.വി അന്‍വറിന്റെ അധിക ഭൂമി അഞ്ചു മാസത്തിനകം തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി. പി.വി അന്‍വര്‍ എംഎല്‍എയുടെയും കുടുംബാംഗങ്ങളുടെയും പേരില്‍ മലപ്പുറത്തും കോഴിക്കോടുമുള്ള അധിക ഭൂമി തിരിച്ചു പിടിക്കാനുള്ള നടപടികള്‍ അഞ്ച് മാസത്തിനകം പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.

ചേലാമ്പ്ര സ്വദേശി കെ.വി ഷാജി നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണു ജസ്റ്റിസ് രാജ വിജയരാഘവന്റെ ഉത്തരവ്. പി.വി അന്‍വര്‍ എംഎല്‍എയും കുടുംബാംഗങ്ങളും നിയമം ലംഘിച്ചു വന്‍തോതില്‍ ഭൂമി കൈവശം വച്ചിട്ടുണ്ടെന്ന ഹര്‍ജിയില്‍ ആറുമാസത്തിനകം തീര്‍പ്പുണ്ടാക്കണമെന്ന മാര്‍ച്ച് 24ലെ ഹൈക്കോടതി നിര്‍ദേശം പാലിച്ചില്ലെന്ന് ആരോപിച്ചാണു കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്.

കോഴിക്കോട്, മലപ്പുറം ജില്ലകളിലായി എംഎല്‍എയ്ക്കും കുടുംബത്തിനും 22.82 ഏക്കര്‍ ഭൂമിയുണ്ടെന്നും 12 ഏക്കറില്‍ കൂടുതല്‍ ഭൂമി കൈവശമുള്ളതായി കണ്ടതിനാല്‍ കേസ് റജിസ്റ്റര്‍ ചെയ്‌തെന്നും താമരശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

27നു ഹാജരാകാന്‍ കക്ഷികള്‍ക്കു നോട്ടിസ് നല്‍കിയിട്ടുണ്ടെന്നും ജനുവരി ഒന്നു മുതല്‍ അഞ്ച് മാസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു. കൂടുതല്‍ സമയം നല്‍കുന്നതിന് എതിര്‍പ്പില്ലെന്നും എന്നാല്‍ നടപടികളില്‍ പങ്കെടുത്തു രേഖകള്‍ ഹാജരാക്കാന്‍ അനുവദിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു.

ഡിസംബര്‍ 30നു ഹിയറിങ്ങിനു പി.വി അന്‍വറോ പ്രതിനിധികളോ ഹാജരായില്ലെന്നതു കോടതി വിലയിരുത്തി. നടപടികള്‍ നീട്ടിക്കൊണ്ടുപോകാന്‍ അനുവദിക്കില്ല. കെ.വി ഷാജിക്ക് രേഖകള്‍ ഹാജരാക്കാന്‍ അവസരം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.