അപ്പീല്‍ കോടതി തള്ളി; ജോക്കോവിച്ചിനെ ഓസ്ട്രേലിയയില്‍നിന്ന് ഉടന്‍ തിരിച്ചയയ്ക്കും

അപ്പീല്‍ കോടതി തള്ളി; ജോക്കോവിച്ചിനെ ഓസ്ട്രേലിയയില്‍നിന്ന് ഉടന്‍ തിരിച്ചയയ്ക്കും

മെല്‍ബണ്‍: ലോക ഒന്നാം നമ്പര്‍ ടെന്നിസ് താരം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിന് ഓസ്ട്രേലിയന്‍ ഓപ്പണില്‍ കളിക്കാനാവില്ലെന്ന് ഉറപ്പായി. വിസ രണ്ടാം തവണയും റദ്ദാക്കിയ ഓസ്ട്രേലിയന്‍ ഭരണകൂടത്തിന്റെ നടപടി ചോദ്യം ചെയ്ത ജോക്കോവിച്ചിന്റെ അപ്പീല്‍ ഫെഡറല്‍ കോടതി തള്ളി.

മൂന്നു വര്‍ഷത്തേക്കു പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയ ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ തീരുമാനവും കോടതി ചോദ്യം ചെയ്യാതിരുന്നതോടെ കനത്ത തിരിച്ചടിയാണ് ജോക്കോവിച്ച് നേരിട്ടിരിക്കുന്നത്. നാളെയാണ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ ആരംഭിക്കുന്നത്. തന്റെ പത്താം ഓസ്ട്രേലിയന്‍ ഓപ്പണും 21-ാം ഗ്രാന്‍ഡ്സ്ലാം നേട്ടവുമാണ് നിലവിലെ ചാമ്പ്യനായ ജോക്കോവിച്ച് ലക്ഷ്യമിട്ടിരുന്നത്. ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഡ്രോയില്‍ ഒന്നാം നമ്പര്‍ സീഡായി ജോക്കോവിച്ചിന്റെ പേര് ഉള്‍പ്പെടുത്തിയിരുന്നു. സെര്‍ബിയയുടെ തന്നെ കെച്മനോവിച്ചിനെയാണ് ജോക്കോവിച്ച് ആദ്യ റൗണ്ടില്‍ നേരിടേണ്ടിയിരുന്നത്.

കോവിഡ് വാക്‌സിനെടുക്കാതെ ഓസ്ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കാന്‍ മെല്‍ബണിലെത്തിയ ജോക്കോയെ വിമാനത്താവളത്തില്‍ തടഞ്ഞതോടെയാണ് വിവാദങ്ങളുടെ തുടക്കം. വാക്സിന്‍ എടുക്കാതിരുന്നതിനുള്ള മെഡിക്കല്‍ രേഖകള്‍ ഹാജരാക്കാത്തതിന്റെ പേരിലാണു ജോക്കോയുടെ വിസ ഓസ്ട്രേലിയ ആദ്യം റദ്ദാക്കിയത്. പിന്നാലെ കോടതിയെ സമീപിച്ച് ജോക്കോ അനുകൂല വിധി നേടിയെടുത്തു. വിസ റദ്ദാക്കിയ നടപടി കോടതി റദ്ദാക്കി.

തന്റെ പക്കല്‍ മെഡിക്കല്‍ രേഖകള്‍ ഉണ്ടെന്നായിരുന്നു ജോക്കോവിച്ചിന്റെ അവകാശവാദം. എന്നാല്‍ ഇമിഗ്രേഷന്‍ മന്ത്രിയുടെ സവിശേഷാധികാരം ഉപയോഗിച്ച് രണ്ടാമതും ജോക്കോവിച്ചിന്റെ വിസ സര്‍ക്കാര്‍ റദ്ദാക്കുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്ത ജോക്കോവിച്ചിന്റെ അപ്പീലാണ് ഇപ്പോള്‍ കോടതി തള്ളിയത്.

പൊതുതാത്പര്യം പരിഗണിച്ചാണ് ഇതെന്നാണ് ഇമിഗ്രേഷന്‍ മന്ത്രാലയം വ്യക്തമാക്കിയത്. ജോക്കോവിച്ചിന്റെ സാന്നിധ്യം രാജ്യത്ത് അശാന്തിയുണ്ടാക്കുമെന്നും വാക്സിനേഷനില്‍നിന്ന് ഒഴിവാകുന്നതില്‍ പലരെയും പ്രേരിപ്പിക്കുമെന്നും വാദിച്ചാണ് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ താരത്തിനെതിരേ കുരുക്ക് മുറുക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.