നിയന്ത്രണങ്ങള്‍ ഫലപ്രദമാകുന്നില്ല; സംസ്ഥാനത്ത് ടിപിആര്‍ 30 ന് മുകളില്‍

 നിയന്ത്രണങ്ങള്‍ ഫലപ്രദമാകുന്നില്ല; സംസ്ഥാനത്ത് ടിപിആര്‍ 30 ന് മുകളില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലും തടസമില്ലാതെ ജനക്കൂട്ടങ്ങള്‍ പങ്കെടുക്കുന്ന പൊതു പരിപാടികള്‍ ആശങ്ക സൃഷ്ടിക്കുന്നു. ഞായറാഴ്ച സംസ്ഥാനത്ത് ആദ്യമായി ടിപിആര്‍ 30 ശതമാനത്തിന് മുകളിലായി. ഇതിനിടയിലും ഞായറാഴ്ച നടന്നത് അഞ്ഞൂറിന് മേല്‍ ആളുകള്‍ പങ്കെടുത്ത വിവിധ പരിപാടികളാണ്.

കേരളത്തില്‍ ഞായറാഴ്ച കോവിഡ് രോഗികളുടെ എണ്ണം 18,123 ആണ്. 30.55 ശതമാനമാണ് ടി.പിആര്‍. ആദ്യ രണ്ട് തരംഗങ്ങളിലും സംസ്ഥാനത്ത് രോഗസ്ഥിരീകരണ നിരക്ക് ഇത്രയും ഉയര്‍ന്നിട്ടില്ല. രോഗികളുടെ എണ്ണം മുന്‍പ് 40,000 കടന്നിട്ടുണ്ടെങ്കിലും അന്ന് ടെസ്റ്റുകളുടെ എണ്ണം കൂടുതലായിരുന്നു. സംസ്ഥാനത്ത് ഏറ്റവും തീവ്രമായി രോഗം വ്യാപിക്കുമ്പോഴും ആള്‍ക്കൂട്ടത്തിന് യാതൊരു നിയന്ത്രണവുമില്ലെന്നതാണ് ആശങ്ക ഉയര്‍ത്തുന്നത്.

പാര്‍ട്ടി സമ്മേളനങ്ങള്‍ അടക്കം രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികളില്‍ നിയന്ത്രണം ലംഘിച്ചുള്ള ജനക്കൂട്ടമുള്ളതായി ആരോപണം ശക്തമാകുകയാണ്. തിരുവനന്തപുരത്ത് സിപിഎം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത രണ്ട് പേര്‍ക്ക് കോവിഡ് പോസിറ്റീവ് ആയി. ഐ.ബി സതീഷ് എംഎല്‍എ. വട്ടപ്പാറ ബിജു എന്നിവരാണ് പോസിറ്റീവായത്.

കോവിഡ് വ്യാപനത്തില്‍ മുന്നിലുള്ള തലസ്ഥാന ജില്ലയില്‍ പാര്‍ട്ടി സമ്മേളനം മാറ്റി വയ്ക്കാത്തത് ജനാധിപത്യ രീതിക്ക് മാറ്റം വരും എന്നതിനാലാണെന്നും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് പരിപാടി നടത്തിയതെന്നുമാണ് ഇക്കാര്യത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിശദീകരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.