കോവിഡ് വ്യാപനം രൂക്ഷം: അവലോകന യോഗം വ്യാഴാഴ്ച; കൂടുതല്‍ നിയന്ത്രണങ്ങള്‍ ഉണ്ടായേക്കും

 കോവിഡ് വ്യാപനം രൂക്ഷം: അവലോകന യോഗം വ്യാഴാഴ്ച; കൂടുതല്‍ നിയന്ത്രണങ്ങള്‍ ഉണ്ടായേക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ വ്യാഴാഴ്ച കോവിഡ് അവലോകന യോഗം ചേരും. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തിലാണ് യോഗം ചേരാന്‍ തീരുമാനിച്ചത്. തല്‍സ്ഥിതി തുടരുകയാണെങ്കില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും. മുഖ്യമന്ത്രി ഓണ്‍ലൈന്‍ വഴി യോഗത്തില്‍ പങ്കെടുക്കും.

മന്ത്രിമാരുടെ ഓഫിസുകളില്‍ ഉള്‍പ്പെടെ കോവിഡ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ സെക്രട്ടേറിയറ്റില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസ് ഭാഗികമായി അടച്ചു. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഉള്‍പ്പെടെ പല മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. നോര്‍ക്കയില്‍ സിഇഒ അടക്കമുള്ള ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലും കോവിഡ് പ്രതിസന്ധി രൂക്ഷമാണ്. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കൂട്ടത്തോടെ രോഗം സ്ഥിരീകരിച്ചിരിക്കുകയാണ്. 10 ഡോക്ടേഴ്സ് ഉള്‍പ്പെടെ 17 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തിലാണ്. ഇതോടെ ഡെന്റല്‍, ഇ. എന്‍.ടി വിഭാഗങ്ങള്‍ താല്‍കാലികമായി അടച്ചു.

അതേസമയം കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കിടയില്‍ കോവിഡ് പടരുകയാണെങ്കിലും ബസ് സര്‍വീസുകള്‍ നിര്‍ത്തി വെയ്ക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി അറിയിച്ചു. കെഎസ്ആര്‍ടിസിയിലെ ഏതാനും ജീവനക്കാര്‍ക്ക് മാത്രമാണ് രോഗം ബാധിച്ചത്. ഇന്നത്തെ സാഹചര്യത്തില്‍ ഒരു പ്രതിസന്ധിക്കും വകയില്ലെന്നും സര്‍വീസുകള്‍ സുഗമമായി നടക്കുമെന്നും ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.