വത്തിക്കാന്‍ സിറ്റി: ക്രിസ്തുവില്‍ വിശ്വസിക്കുന്നവരുടെ ആത്മീയ യാത്ര ഒരുമിച്ചായിരിക്കേണ്ടതിന്റെ പ്രസക്തി ചൂണ്ടിക്കാട്ടി ഫ്രാന്‍സിസ് മാര്‍പാപ്പ. 'ദൈവത്തെ ഇതിനകം സ്വന്തമാക്കിയവരായിട്ടല്ല, മറിച്ച് അവിടുത്തെ അന്വേഷിക്കുന്നവരായാകണം ഈ യാത്ര'. ജീവിത വഴിയില്‍ പരസ്പരം പ്രോത്സാഹിപ്പിക്കാനും പിന്തുണയ്ക്കാനുമുള്ള ധൈര്യവും ക്ഷമയും സ്വന്തമാക്കണമെന്നും പാപ്പ ആഹ്വാനം ചെയ്തു.
ക്രിസ്ത്യന്‍ ഐക്യത്തിനായുള്ള പ്രാര്‍ത്ഥനാ വാരത്തോടനുബന്ധിച്ച് ഫിന്‍ലന്‍ഡില്‍ നിന്ന് വത്തിക്കാനിലെത്തിയ എക്യുമെനിക്കല്‍ പ്രതിനിധി സംഘത്തെ സ്വാഗതം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. ഫിന്‍ലന്‍ഡ് സംഘത്തോട് മാര്‍പാപ്പ തന്റെ പ്രസംഗം ആരംഭിച്ചത്, ഉണ്ണിയേശുവിനെ കണ്ടെത്തി ആരാധിച്ച പൂര്‍വ ദിക്കില്‍ നിന്നുള്ള വിദ്വാന്മാരുടെ യാത്ര ചൂണ്ടിക്കാട്ടിയാണ്.'കര്‍ത്താവ് കാണിച്ച നക്ഷത്രത്തിന്റെ അടയാളത്തെ മുന്‍ നിര്‍ത്തി അന്വേഷിച്ചതുകൊണ്ടാണ് ആ വിദ്വാന്മാര്‍ ലക്ഷ്യത്തിലെത്തിയത്. വിദ്വാന്മാരെപ്പോലെയാകണം ദൈവത്തിനായുള്ള നമ്മുടെ അന്വേഷണം: ഒരുമിച്ചാകട്ടെ ആ യാത്ര.'
'ദൈവകൃപയാല്‍ സ്പര്‍ശിക്കപ്പെടുന്നവര്‍ക്ക് തങ്ങള്‍ക്കുവേണ്ടി മാത്രമായി ജീവിക്കാന്‍ കഴിയില്ല; അവര്‍ എപ്പോഴും ഒരുമിച്ച് മുന്നോട്ട് പോകാന്‍ യത്‌നിക്കും.നക്ഷത്രത്തെ അടയാളമായി കണ്ട വിദ്വാന്മാരെ മാതൃകയാക്കി നമ്മുടെ സഹോദരീസഹോദരന്മാരുടെ കൈപിടിച്ച് ... ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയണം. അങ്ങനെ ദൈവത്തോട് കൂടുതല്‍ അടുക്കാനാകും '- ഫ്രാന്‍സിസ് മാര്‍പാപ്പ ഉദ്‌ബോധിപ്പിച്ചു.
ഇപ്രകാരം ഒരുമിച്ചുള്ള യാത്രയില്‍, സ്ഥിരതയോടെ വേഗത്തില്‍ മുന്നേറാന്‍ നമ്മെ അനുവദിക്കുന്ന ചില ഘടകങ്ങളുണ്ടെന്ന് മാര്‍പ്പാപ്പ പറഞ്ഞു. ജീവകാരുണ്യ പ്രവര്‍ത്തനമാണ് മുഖ്യം. അതുവഴി ദരിദ്രരുമായി നമുക്ക് അടുപ്പം വരും. പരസ്പരം നമ്മെ അടുപ്പിക്കാനും പൂര്‍ണ്ണമായ ഐക്യത്തിലേക്കുള്ള യാത്ര സുഗമമാകാനും ഇടവരുത്തും ജീവകാരുണ്യ പ്രവര്‍ത്തനത്തിലെ കൂട്ടായ്മ. ക്രിസ്തീയ ഐക്യത്തിലേക്കുള്ള യാത്ര ചിലപ്പോള്‍ ഏറെ ദുഷ്‌കരമായി മാറാമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. ഈ യാത്രയില്‍ ക്ഷീണമുണ്ടാകാം; നിരുത്സാഹവും പ്രലോഭനങ്ങളും കടന്നുവന്നേക്കാം.
എക്യുമെനിക്കല്‍ പ്രയാണത്തിലെ 'പ്രധാന മുഹൂര്‍ത്തങ്ങള്‍' ആയി 2005 ല്‍ വന്നെത്തുന്ന രണ്ട് വാര്‍ഷികങ്ങളെ മാര്‍പാപ്പ ചൂണ്ടിക്കാണിച്ചു: നിഖ്യാ സൂനഹദോസിന്റെ 1700-ാം വാര്‍ഷികവും, ലൂഥറന്‍ ഓഗ്‌സ്ബര്‍ഗ് കുറ്റസമ്മതത്തിന്റെ 500-ാം വാര്‍ഷികവും. 'നമ്മുടെ കൂട്ടായ്മയുടെ യാത്രയില്‍ നമ്മെ പ്രോത്സാഹിപ്പിക്കുന്നതിനും സ്ഥിരീകരിക്കുന്നതിനുമുള്ള ഫലപ്രദമായ അവസരമായി ഇതു വര്‍ത്തിക്കും; ലൗകിക ലക്ഷ്യങ്ങള്‍ പിന്തുടരുന്നതിനേക്കാള്‍ സ്വര്‍ഗ്ഗം ചൂണ്ടിക്കാണിച്ച വഴി പിന്തുടരാന്‍ കൂടുതല്‍ താല്‍പ്പര്യമുണ്ടാകണം.'- ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.