'സൂപ്പര്‍ മോം'കോളര്‍വാലി ഓര്‍മയായി; യാത്ര പറഞ്ഞ് 29 കടുവക്കുട്ടികള്‍

 'സൂപ്പര്‍ മോം'കോളര്‍വാലി ഓര്‍മയായി; യാത്ര പറഞ്ഞ് 29 കടുവക്കുട്ടികള്‍

ഭോപ്പാല്‍: 'സൂപ്പര്‍ മോം' എന്നറിയപ്പെടുന്ന മധ്യപ്രദേശിലെ പെഞ്ച് കടുവാ സങ്കേതത്തിലെ അമ്മക്കടുവ കോളര്‍വാലി ഓര്‍മയായി. 17വയസായ കടുവയ്ക്ക് പ്രായാധിക്യം മൂലമുള്ള അവശതകള്‍ ഉണ്ടായിരുന്നു. 17 വയസിനിടെ 29 കുഞ്ഞുങ്ങള്‍ക്കാണ് കോളര്‍വാലി ജന്മം നല്‍കിയത്. ശനിയാഴ്ച വൈകുന്നേരം 6.15ഓടെ കര്‍മാഝിരി വനപരിധിയില്‍ വച്ചാണ് കോളര്‍വാലി മരണപ്പെട്ടതെന്നാണ് പെഞ്ച് കടുവാ സങ്കേതം അറിയിച്ചത്.

ആരോഗ്യനില മോശമായിരുന്ന കോളര്‍വാലി കഴിഞ്ഞ ഒരാഴ്ചയായി വനംവകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു. പ്രായാധിക്യമാണ് മരണകാരണമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. 12 വയസുവരെയാണ് കടുവകളുടെ ശരാശരി ആയുസ്.

2008 മാര്‍ച്ചിലാണ് കടുവയ്ക്ക് കോളര്‍ നല്‍കിയത്. 2010ല്‍ അത് പ്രവര്‍ത്തനരഹിതമായതോടെ പുതിയ കോളര്‍ നല്‍കി. ഇതോടെയാണ് പ്രദേശവാസികള്‍ക്കിടയില്‍ കടുവ കോളര്‍വാലി എന്ന പേരില്‍ അറിയപ്പെട്ടു ുടങ്ങിയത്.പെഞ്ച് കടുവാ സങ്കേതം സന്ദര്‍ശിക്കാനെത്തുന്നവര്‍ക്കെല്ലാം സുപരിചിതയായിരുന്നു കോളര്‍വാലി.

മധ്യപ്രദേശിലെ കടുവകളുടെ എണ്ണം വര്‍ദ്ധിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചത് കോളര്‍വാലിയായിരുന്നു. 'പെഞ്ച് കടുവാ സങ്കേതത്തിലെ റാണി' എന്നാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ കോളര്‍വാലിയെ വിശേഷിപ്പിച്ചത്. ലോകത്ത് ഏറ്റവും കൂടുതല്‍ ചിത്രങ്ങളെടുക്കപ്പെട്ട കടുവയും കോളര്‍വാലിയാണെന്ന് ഐഎഫ്എസ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ കസ്വാന്‍ വ്യക്തമാക്കി.

പ്രദേശവാസികള്‍ക്ക് പ്രിയങ്കരിയായ കോളര്‍വാലിയെ ഏറെ ബഹുമതികളോടെയാണ് സംസ്‌കരിച്ചത്. പൂമാലകള്‍കൊണ്ട് അലങ്കരിച്ച് ചിതയൊരുക്കിയായിരുന്നു സംസ്‌കാരം. ഒട്ടേറെ ഗ്രാമവാസികളാണ് തൊഴുകൈകളോടെ അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.