പിതാവിന്റെ ചുമതല നിര്‍വഹിക്കുന്നതില്‍ ജാതിക്കും മതത്തിനും പങ്കില്ല: ഹൈക്കോടതി

 പിതാവിന്റെ ചുമതല നിര്‍വഹിക്കുന്നതില്‍ ജാതിക്കും മതത്തിനും പങ്കില്ല: ഹൈക്കോടതി

കൊച്ചി: പിതാവെന്ന ചുമതല നിശ്ചയിക്കുന്നതില്‍ മതത്തിനും ജാതിക്കും വിശ്വാസത്തിനുമൊന്നും ഒരു പങ്കുമില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. ഇരു മതവിശ്വാത്തില്‍പ്പെട്ട മാതാപിതാക്കള്‍ക്കുണ്ടായ മകള്‍ക്ക് ജീവനാംശം നല്‍കണമെന്ന കുടുംബക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് പിതാവ് നല്‍കിയ അപ്പീല്‍ ഭാഗികമായി അനുവദിച്ചു കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് കൗസര്‍ എടപ്പഗത്തും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

വിവാഹം, പഠനം എന്നിവയ്ക്കായി ചെലവായ തുകയടക്കം മകള്‍ക്ക് ജീവനാംശമായി 16.70 ലക്ഷം രൂപ നല്‍കാന്‍ നെടുമങ്ങാട് കുടുംബക്കോടതി ഉത്തരവിട്ടതിന് എതിരേയായിരുന്നു അപ്പീല്‍. ഹിന്ദുമതത്തില്‍പ്പെട്ട കോഴിക്കോട് സ്വദേശിയായ പിതാവാണ് അപ്പീല്‍ നല്‍കിയത്. മുസ്ലീം മതവിശ്വാസിയായിരുന്നു മാതാവ്. മകള്‍ക്ക് മൂന്നു വയസായപ്പോള്‍ മാതാപിതാക്കള്‍ വേര്‍ പിരിഞ്ഞു. മാതാവ് പിന്നീട് വിവാഹിതയായി.

മൂന്നു വയസു മുതല്‍ കുട്ടിയെ വളര്‍ത്തിയത് മാതാവിന്റെ മാതാപിതാക്കളായിരുന്നു. മുസ്ലീം മതവിശ്വാസം അനുസരിച്ചാണ് വളര്‍ത്തിയത്. മാതാപിതാക്കളെ എതിര്‍കക്ഷിയാക്കിയാണ് ജീവനാംശത്തിനായി കുടുംബക്കോടതിയില്‍ മകള്‍ ഹര്‍ജി നല്‍കിയത്. ഇരുമതത്തില്‍പ്പെട്ട മാതാപിതാക്കള്‍ക്കുണ്ടാകുന്ന കുട്ടികളുടെ ജീവനാംശം തീരുമാനിക്കുന്നതില്‍ നിലവില്‍ നിയമമില്ല. 1984-ലെ സ്‌പെഷ്യല്‍ മാര്യേജ് ആക്ടും ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നു.

എന്നാല്‍, യു.എന്‍ കണ്‍വെന്‍ഷന്‍ അംഗീകരിച്ച കുട്ടികളുടെ അവകാശ പ്രകാരം മാതാപിതാക്കള്‍ക്ക് കുട്ടികളെ സംരക്ഷിക്കാനുള്ള ബാധ്യതയുണ്ടെന്ന് കോടതി വിലയിരുത്തി. ഈ അവകാശത്തെ 1992ല്‍ ഇന്ത്യയും അംഗീകരിച്ചതാണെന്നതും കോടതി വ്യക്തമാക്കി. വിവാഹച്ചെലവായി 14.66 ലക്ഷം രൂപ നല്‍കണമെന്നത് ഹൈക്കോടതി മൂന്നു ലക്ഷമായി കുറച്ചു. സ്വര്‍ണം വാങ്ങാനാണ് കൂടുതല്‍ തുക ചെലവഴിച്ചതെന്നത് കണക്കിലെടുത്താണിത്. ഇതിനുപുറമേ ജീവനാംശമായി 5000 രൂപയും വിദ്യാഭ്യാസ ചെലവായി 96,000 രൂപയും നല്‍കണമെന്നും നിര്‍ദേശിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.