കോണ്‍ഗ്രസ് ഉഴപ്പി; ഗോവയില്‍ മഹാസഖ്യ നീക്കം പൊളിഞ്ഞു: തൃണമൂല്‍ സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടി

കോണ്‍ഗ്രസ് ഉഴപ്പി; ഗോവയില്‍ മഹാസഖ്യ നീക്കം പൊളിഞ്ഞു: തൃണമൂല്‍ സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടി

പനാജി: ഗോവ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നിലപാട് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഗോവാ പോരാട്ട സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടിയായി. വിശാല സഖ്യമെന്ന തൃണമൂല്‍ കോണ്‍ഗ്രസ്, ശിവസേന, എന്‍സിപി പാര്‍ട്ടികളുടെ ആവശ്യം കോണ്‍ഗ്രസ് തള്ളിയതോടെ ശിവസേനയും എന്‍സിപിയും പ്രത്യേക മുന്നണിയായി മത്സരിക്കും. ഇതോടെ തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റപ്പെട്ടു.

മറ്റൊരു തിരിച്ചടിയും തൃണമൂലിന് ഗോവയിലുണ്ടായി. പാര്‍ട്ടി വിട്ട് തൃണമൂലിലേക്കു പോയ കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റും മുന്‍ എംഎല്‍എയുമായ അലക്‌സിയോ റെജിനാള്‍ഡോ ഒരു മാസത്തിനുള്ളില്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തി.

ഇതിനിടെ കോണ്‍ഗ്രസ് മൂന്നാമത്തെ സ്ഥാനാര്‍ത്ഥി പട്ടികയും പ്രഖ്യാപിച്ചു. ഇതോടെ ഇതുവരെ 24 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച കോണ്‍ഗ്രസ് പ്രചാരണത്തില്‍ സജീവമായിക്കഴിഞ്ഞു. കഴിഞ്ഞ തവണ 6.3 ശതമാനം വോട്ട് നേടിയ ആം ആദ്മി പാര്‍ട്ടി മത്സര രംഗത്ത് സജീവമായുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 2.3 ശതമാനം വോട്ടാണ് എന്‍സിപിക്കു ലഭിച്ചത്. ശിവസേന് 1.2 ശതമാനം വോട്ടും കരസ്ഥമാക്കി.

തൃണമൂലും ആം ആദ്മി പാര്‍ട്ടിയും ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കുമെന്നതല്ലാതെ ഒരു ചലനവും ഉണ്ടാക്കില്ലെന്നാണ് ഗോവയിലെ കോണ്‍ഗ്രസ് നിരീക്ഷകന്‍ പി. ചിദംബരം പറയുന്നത്. കോണ്‍ഗ്രസില്‍ നിന്നടക്കം അടര്‍ത്തിയെടുത്ത ഏതാനും നേതാക്കളും മുന്‍ എന്‍സിപി എംഎല്‍എ ചര്‍ച്ചില്‍ അലിമാവോയും അല്ലാതെ തൃണമൂലിന് ഗോവയില്‍ കാര്യമായ അടിത്തറയില്ല. വന്‍തോതില്‍ പണം ഇറക്കുന്നുണ്ടെങ്കിലും അതനുസരിച്ചു പ്രവര്‍ത്തകരെ കിട്ടുന്നില്ല.

തിരഞ്ഞെടുപ്പുഫലം വന്ന ശേഷം ബിജെപിയും തൃണമൂലും ഒഴികെയുള്ള പ്രധാന പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുന്ന കാര്യം ആലോചിക്കുമെന്ന് കഴിഞ്ഞ ദിവസം ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാളിന്റെ പ്രസ്താവനയും കോണ്‍ഗ്രസിന് ആശ്വാസവാര്‍ത്തയാണ്.

40 സീറ്റുകളിലും ഒറ്റയ്ക്കു മത്സരിക്കാനാണ് ബിജെപി ഒരുങ്ങുന്നത്. അതിനിടെ ബിജെപി വിട്ടെത്തിയ മുന്‍ മന്ത്രി മൈക്കിള്‍ ലോബോ കാലന്‍ഗൂട്ടില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കും. ഈ മാസം ആദ്യമാണ് ബിജെപി സര്‍ക്കാരില്‍നിന്നു മൈക്കിള്‍ ലോബോ രാജിവച്ചത്.
അടുത്ത മാസം 14 നാണ് ഗോവയിലെ തിരഞ്ഞെടുപ്പ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.