അനുദിന വിശുദ്ധര്‍ - ജനുവരി 21
പന്ത്രണ്ടു വയസുമാത്രം പ്രായമുള്ളപ്പോള്‍ യേശുവിനു വേണ്ടി ക്രൂരമായ പീഡനങ്ങളേറ്റു വാങ്ങുകയും ഒടുവില്‍ രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത കുഞ്ഞു വിശുദ്ധയാണ് ആഗ്‌നസ്. കുഞ്ഞാട് എന്നര്‍ഥമുള്ള പേരു മാത്രമല്ല, കുഞ്ഞാടിനെ പോലെ ഓമനത്തമുള്ള മുഖവും നിര്‍മലമായ മനസും ആഗ്‌നസിനുണ്ടായിരുന്നു. കുഞ്ഞാടിനെ കൈകളില്‍ വഹിക്കുന്നതായിട്ടാണ് വിശുദ്ധയുടെ ചിത്രങ്ങളേറെയും.
യേശുവിന്റെ ദിവ്യസ്നേഹത്തില്‍ നിറഞ്ഞാണ് അവള്‍ വളര്‍ന്നത്. മരണ സമയത്തു പോലും വിശ്വാസത്തിന്റെ ശക്തി അവളില്‍ നിന്നു ചോര്‍ന്നു പോയില്ല. റോമിലായിരുന്നു ആഗ്‌നസ് ജനിച്ചത്. അതീവ സുന്ദരിയായിരുന്ന അവളെ വിവാഹം കഴിക്കാന്‍ റോമിലെ പ്രഭു കുമാരന്മാരടക്കം ധാരാളം യുവാക്കള്‍ മോഹിച്ചിരുന്നു. ആഗ്‌നസിനെ സ്വന്തമാക്കാന്‍ അവരെല്ലാവരും പരസ്പരം മല്‍സരിച്ചു.
എന്നാല്‍ തന്റെ വിവാഹം നേരത്തെ നിശ്ചയിക്കപ്പെട്ടതാണെന്നും സ്വര്‍ഗത്തിലാണ് തന്റെ മണവാളനുള്ളതെന്നുമായിരുന്നു അവളുടെ മറുപടി. ആഗ്‌നസ് വഴങ്ങുന്നില്ലെന്നു കണ്ടപ്പോള്‍ ചില യുവാക്കള്‍ ചക്രവര്‍ത്തിയുടെ മുന്നില്‍ അവളെ ഒറ്റുകൊടുത്തു. ക്രിസ്ത്യാനിയാണ് ആഗ്‌നസ് എന്നറിഞ്ഞതോടെ അവളുടെ കൈകളില്‍ വിലങ്ങുകള്‍ വീണു.
ജൂപ്പിറ്റര്‍ ദേവനെ സാഷ്ടാംഗം നമസ്‌കരിക്കാന്‍ ന്യായാധിപന്‍ ആഗ്‌നസിനോടു കല്‍പിച്ചു. അവള്‍ അതിനു തയാറായില്ല. ക്ഷുഭിതനായ ന്യായാധിപന്‍ സൈനികരെ കൊണ്ട് ആഗ്‌നസിനെ വലിച്ചിഴച്ച് ജൂപ്പിറ്റര്‍ ദേവന്റെ വിഗ്രഹത്തിനരികില്‍ കൊണ്ടു വന്നു. എന്നാല്‍, അവിടെയെത്തിയ ഉടനെ ഒരു കുരിശടയാളം വരയ്ക്കുകയാണ് ആഗ്‌നസ് ചെയ്തത്. അതോടെ മര്‍ദ്ദനങ്ങള്‍ തുടങ്ങി.
പിന്നീട് അവളെ ഒരു വേശ്യാലയത്തിലേക്ക് അയയ്ക്കാന്‍ ന്യായാധിപന്‍ ഉത്തരവിട്ടു. ആര്‍ക്കും അവളെ ലൈംഗികമായി ഉപയോഗിക്കാമെന്നു കൂടി അയാള്‍ പറഞ്ഞു. ''എന്റെ യേശുനാഥന്‍ അവനു സ്വന്തമായുള്ളവരെ സംരക്ഷിക്കും'' എന്നാണ് ആഗ്‌നസ് പറഞ്ഞത്. പരസ്യമായി അവളുടെ വസ്ത്രങ്ങള്‍ ഉരിഞ്ഞു മാറ്റാന്‍ തുടങ്ങി. ആഗ്‌നസ് കണ്ണുകളടച്ചു പ്രാര്‍ഥിച്ചു.
അവിടെ കൂടിയിരുന്നവരെല്ലാം പെട്ടെന്ന് പുറത്തേക്ക് പോയി. ഒരു യുവാവ് മാത്രം അവിടെ നിന്നു. അവളുടെ നഗ്‌നത ആസ്വദിക്കാന്‍ നിന്ന അയാള്‍ ഉടനടി അന്ധനാക്കപ്പെട്ടു. ദൈവത്തിന്റെ അദ്ഭുതമായിരുന്നു അത്. ആഗ്‌നസിന്റെ സൗന്ദര്യത്തില്‍ മതിമറന്ന ന്യായാധിപന്‍ തന്നെ വിവാഹം കഴിക്കാന്‍ തയാറായാല്‍ ഉടനടി മോചിപ്പിക്കാമെന്നു പറഞ്ഞു. ''യേശുനാഥനാണ് എന്റെ മണവാളന്‍'' എന്നവള്‍ വീണ്ടും പറഞ്ഞു.
ക്ഷുഭിതനായ ന്യായാധിപന്‍ ആഗ്‌നസിനെ തലയറുത്തു കൊല്ലാന്‍ ഉത്തരവിട്ടു. മുട്ടുകുത്തി നിന്നു പ്രാര്‍ഥിച്ചശേഷം ആഗ്‌നസ് തലകുനിച്ചു കൊടുത്തു. ആരാച്ചാര്‍ ഒറ്റവെട്ടിന് അവളുടെ തല ശരീരത്തില്‍ നിന്നു വേര്‍പ്പെടുത്തി. എല്ലാ കന്യകകള്‍ക്കും മാതൃകയാണ് വിശുദ്ധ ആഗ്‌നസിന്റെ ജീവിതം. 'കന്യകാത്വത്തിന്റെ മഹത്വ കിരീടം രക്തസാക്ഷിത്വം കൊണ്ട് ചൂടിയ വിശുദ്ധ' എന്നാണ് മഹാനായ വിശുദ്ധ ജെറോം ആഗ്‌നസിനെ വിശേഷിപ്പിച്ചിട്ടുള്ളത്.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. പത്രോക്കളൂസ്, വെസ്റ്റ്ഫാലിയ
2. സ്വിറ്റ്‌സര്‍ലന്‍ഡിലെ മെജിന്റാത്തൂസ്
3. പാവിയാ ബിഷപ്പായിരുന്ന എപ്പിഫാനിയൂസ്
4. സ്‌പെയിനിലെ ബിഷപ്പായിരുന്ന ഫ്രുക്തുവോസൂസ്, ഡീക്കന്‍മാരായ ഔഗൂറൂസ്, എവുളോഗിയൂസ്.
'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.