മോഷ്ടിച്ച ലോട്ടറിക്ക് 5000 അടിച്ചു; ഭാഗ്യം തെളിഞ്ഞപ്പോള്‍ കള്ളന്‍ കുടുങ്ങി

മോഷ്ടിച്ച ലോട്ടറിക്ക് 5000 അടിച്ചു; ഭാഗ്യം തെളിഞ്ഞപ്പോള്‍ കള്ളന്‍ കുടുങ്ങി

കോതമംഗലം: മോഷ്ടിച്ച ഭാഗ്യക്കുറിക്ക് സമ്മാനം അടിച്ചതോടെ കള്ളന്‍ കുടുങ്ങി. കോതമംഗലത്തു നിന്ന് മോഷ്ടിച്ച ഭാഗ്യക്കുറി പാലായില്‍ മാറുന്നതിനിടെയാണ് മോഷ്ടാവിനെ കുറിച്ച് വിവരം ലഭിച്ചത്. കോതമംഗലത്ത് ലോട്ടറി കട കുത്തിത്തുറന്ന് ഭാഗ്യക്കുറി മോഷ്ടിച്ച കേസില്‍ പാലാ പന്ത്രണ്ടാം മൈല്‍ ഉറുമ്പില്‍ ബാബു (അനാഥന്‍ ബാബു-56) ആണ് അറസ്റ്റിലായത്.

കോതമംഗലം താലൂക്ക് ആശുപത്രിക്ക് സമീപത്തെ ജെ.ജെ ലോട്ടറീസില്‍ നിന്ന് നവംബര്‍ പന്ത്രണ്ടിന് 80,000 രൂപയുടെ 2520 ലോട്ടറികളാണ് മോഷ്ടിച്ചത്. മോഷണം പോയ ലോട്ടറികളുടെ നമ്പര്‍ വിവരങ്ങള്‍ ഏജന്‍സികളുടെ സംഘടന മുഖേന എല്ലായിടത്തേക്കും പൊലീസ് അറിയിച്ചിരുന്നു. മോഷ്ടിച്ച ലോട്ടറികളില്‍ ഒന്നിന് 5000 രൂപയുടെ സമ്മാനം അടിച്ചു. ഈ ടിക്കറ്റുമായി പാലായിലെ ഒരു ലോട്ടറി ഏജന്‍സിയില്‍ മാറാന്‍ എത്തിയപ്പോള്‍ സംശയം തോന്നിയ കട ഉടമ പൊലീസിനെ അറിയിക്കുകയായിരുന്നു.

ബാബു സമ്മാനം ലഭിച്ച ലോട്ടറി നല്‍കിയപ്പോള്‍ കടയുടമ മൊബൈലില്‍ മോഷണം പോയ ലോട്ടറി നമ്പറുമായി ഒത്തുനോക്കി. ലോട്ടറി ഏജന്റിന് കാര്യം മനസിലായെന്നു ബോധ്യമായ ബാബു ലോട്ടറിയും തട്ടിപ്പറിച്ച് കടന്നുകളഞ്ഞു. ഇയാളെ പൊലീസ് തിരയുന്നതിനിടെ കാഞ്ഞിരപ്പള്ളി പൊലീസ് കേബിള്‍ മോഷണത്തിന് ബാബുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയെ വ്യാഴാഴ്ച കോതമംഗലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കൂട്ടുപ്രതികള്‍ക്കായി അന്വേഷണം നടക്കുകയാണ്. മുപ്പതോളം കേസിലെ പ്രതിയാണ് ബാബുവെന്ന് പൊലീസ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.