നികുതിയിളവിനുള്ള പി.എഫ്.നിക്ഷേപ പരിധി സ്വകാര്യ മേഖലയ്ക്കും അഞ്ചുലക്ഷമാക്കാന്‍ ആലോചന

നികുതിയിളവിനുള്ള പി.എഫ്.നിക്ഷേപ പരിധി സ്വകാര്യ മേഖലയ്ക്കും അഞ്ചുലക്ഷമാക്കാന്‍ ആലോചന

ന്യൂഡല്‍ഹി: ആദായ നികുതി ഇളവ് ലഭിക്കാനുള്ള പ്രോവിഡന്റ് ഫണ്ട് നിക്ഷേപ പരിധി സ്വകാര്യ മേഖലയ്ക്കും അഞ്ചുലക്ഷം രൂപയായി ഉയര്‍ത്തിയേക്കും. പ്രോവിഡന്റ് ഫണ്ടിലേക്ക് തൊഴിലാളിയുടെ മാസവിഹിതത്തിനു തുല്യമായി തൊഴിലുടമയും വിഹിതമടയ്ക്കുന്ന സ്വകാര്യ മേഖലയിലുള്ളവര്‍ക്ക്(ഇ.പി.എഫ്) രണ്ടരലക്ഷം രൂപയാണ് നിലവിലെ പരിധി. അതിനുമുകളിലാണ് ഒരുവര്‍ഷത്തെ നിക്ഷേപമെങ്കില്‍ അതിന് നികുതി ഈടാക്കും.

അതേസമയം തൊഴിലുടമ വിഹിതം അടയ്ക്കാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഞ്ചുലക്ഷം രൂപവരെ പ്രോവിഡന്റ് ഫണ്ടിലേക്ക്(ജി.പി.എഫ്.) നിക്ഷേപിക്കാം. മാസശമ്പളം പറ്റുന്ന എല്ലാവരുടെയും കാര്യത്തില്‍ ഇത് ഏകീകരിക്കാനാണ് പുതിയ തീരുമാനം. പ്രഖ്യാപനം വരുന്ന ബജറ്റില്‍ ഉണ്ടാകും. ആദായ നികുതിക്കായി പ്രോവിഡന്റ് ഫണ്ടിലെ നിക്ഷേപത്തിന് രണ്ടര ലക്ഷം പരിധി ഏര്‍പ്പെടുത്തിയത് കഴിഞ്ഞ കൊല്ലത്തെ ബജറ്റിലായിരുന്നു.

പ്രതിഷേധം ഉയര്‍ന്നതിനെ ത്തുടര്‍ന്ന് പരിധി അഞ്ചുലക്ഷമാക്കി. എന്നാല്‍, തൊഴിലുടമ വിഹിതമടയ്ക്കുന്നവരുടെ കാര്യത്തില്‍ അത് ബാധകമാക്കിയിരുന്നില്ല. ഫലത്തില്‍ അഞ്ചുലക്ഷം രൂപയെന്നത് സര്‍ക്കാര്‍ ജീവനക്കാര്‍ക്കു മാത്രമായി ചുരുങ്ങി. ഭൂരിഭാഗം ശമ്പളക്കാരും രണ്ടരലക്ഷം രൂപയുടെ പരിധിക്കുള്ളിലാണെന്ന് ബജറ്റു നിര്‍ദേശം ന്യായീകരിച്ചുകൊണ്ട് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ വിശദീകരിച്ചിരുന്നു. എന്നാല്‍, സര്‍ക്കാര്‍ ജീവനക്കാരുടെ കാര്യത്തില്‍ മാത്രം പരിധി ഉയര്‍ത്തിയത് വിവേചനപരമാണെന്ന പരാതി പിന്നീട് ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് എല്ലാ ശമ്പളക്കാര്‍ക്കും നിര്‍ദേശം ബാധകമാക്കാന്‍ തീരുമാനിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.