ചോദ്യ ശരങ്ങളേറ്റ് 11 മണിക്കൂര്‍: ആദ്യദിന ചോദ്യം ചെയ്യല്‍ അവസാനിച്ചു; ദിലീപും കൂട്ടുപ്രതികളും നാളെയും ഹാജരാകണം

ചോദ്യ ശരങ്ങളേറ്റ് 11 മണിക്കൂര്‍: ആദ്യദിന ചോദ്യം ചെയ്യല്‍ അവസാനിച്ചു; ദിലീപും കൂട്ടുപ്രതികളും നാളെയും ഹാജരാകണം

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ആദ്യദിന ചോദ്യം ചെയ്യല്‍ അവസാനിച്ചു.

രാവിലെ ഒന്‍പതിന് അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍ ഹാജരായ ദിലീപിനെയും കൂട്ടു പ്രതികളെയും പതിനൊന്ന് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമാണ് വിട്ടയച്ചത്. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം തിങ്കള്‍, ചൊവ്വാ ദിവസങ്ങളിലും ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്യും.

കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സൂരജ്, സുഹൃത്ത് ബൈജു ചെങ്ങമനാട്, ഡ്രൈവര്‍ അപ്പു എന്നിവരടക്കം അഞ്ചു പ്രതികളെ ചോദ്യം ചെയ്തത്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.

അന്വേഷണ ഉദ്യോഗസ്ഥര്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറായില്ല. ഉന്നത ക്രൈബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ആദ്യ ദിന ചോദ്യം ചെയ്യലിന്റെ പുരോഗതി വിലയിരുത്തി വരികയാണ്.

ആകെ മൂന്നു ദിവസത്തേക്കാണ് പ്രതികളെ ചോദ്യം ചെയ്യാന്‍ കോടതി അനുമതി നല്‍കിയിരിക്കുന്നത്. പ്രതികള്‍ അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കണമെന്നും അന്വേഷണം തടസപ്പെടുത്തുന്നത് ചിന്തിക്കുക പോലും ചെയ്യരുതെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു.

അതിനിടെ നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സമയം നീട്ടിനല്‍കരുതെന്ന് ദിലീപ് സുപ്രീം കോടതിയില്‍ നല്‍കിയ മറുപടി സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു. വിചാരണ നീട്ടിവെക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം നല്‍കരുത്. വിചാരണ നീട്ടുന്നത് വിചാരണക്കോടതി ജഡ്ജിയെ മാറ്റുവാനാണെന്നും ദിലീപ് സത്യവാങ്മൂലത്തില്‍ ആരോപിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.