ഉക്രെയ്‌നിലെ നയതന്ത്ര ഉദ്യോഗസ്ഥ കുടുംബങ്ങളെ തിരികെ വിളിച്ച് യു.എസ് ; അടിക്കടി മുറുകി റഷ്യന്‍ ആക്രമണ ഭീതി

ഉക്രെയ്‌നിലെ നയതന്ത്ര ഉദ്യോഗസ്ഥ കുടുംബങ്ങളെ തിരികെ വിളിച്ച് യു.എസ് ; അടിക്കടി മുറുകി റഷ്യന്‍ ആക്രമണ ഭീതി

വാഷിംഗ്ടണ്‍:ഉക്രെയ്നിലെ യു.എസ് എംബസിയിലെ നയതന്ത്ര പ്രതിനിധികളുടെ കുടുംബങ്ങളോട് രാജ്യം വിടാന്‍ നിര്‍ദ്ദേശിച്ച് അമേരിക്ക. റഷ്യന്‍ സൈന്യത്തിന്റെ ആക്രമണം ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഭീതി മുറുകുന്ന ഉക്രെയ്നിന്റെ ആശങ്കകള്‍ അധികരിച്ചിരിക്കുകയാണ് ഇതോടെ. അടിയന്തിര ജോലികള്‍ക്കായുളളവര്‍ മാത്രം ഉക്രെയന്‍ തലസ്ഥാനമായ കീവില്‍ തുടര്‍ന്നാല്‍ മതിയെന്നാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് നല്‍കിയ നിര്‍ദ്ദേശം.എംബസിയുടെ പ്രവര്‍ത്തനം തുടരും.

ഏത് നിമിഷവും റഷ്യന്‍ അധിനിവേശത്തിനുളള സാദ്ധ്യത കണക്കിലെടുത്താണ് അമേരിക്കയുടെ നടപടി.നയതന്ത്ര പ്രതിനിധികളുടെ കുടുംബങ്ങള്‍ക്ക് രാജ്യത്തേക്കു മടങ്ങാനുള്ള ചെലവ് ഗവണ്‍മെന്റ് വഹിക്കും. യുദ്ധമുണ്ടായാല്‍ അടിയന്തര ഒഴിപ്പിക്കലിന് സജ്ജമായ അവസ്ഥയിലല്ല രാജ്യമെന്നും വ്യക്തമാക്കപ്പെട്ടു. ഉക്രെയ്നിലേക്കുളള യുഎസ് പൗരന്‍മാരുടെ യാത്രയില്‍ അമേരിക്ക നേരത്തെ സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് ആവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. ഏതെങ്കിലും തരത്തിലുളള കടന്നുകയറ്റം ഉണ്ടാകുന്നതിന് മുന്‍പ് പരമാവധി പൗരന്‍മാരെ സുരക്ഷിത കേന്ദ്രങ്ങളിലെത്തിക്കാനാണ് അമേരിക്കയുടെ നീക്കം.

ഉക്രെയ്ന്‍ അതിര്‍ത്തിയില്‍ റഷ്യ വന്‍ തോതില്‍ സേനാവിന്യാസം നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നടപടി.ഏത് നിമിഷവും ഉക്രെയ്നില്‍ റഷ്യന്‍ അധിനിവേശം ഉണ്ടാകാമെന്ന്് യുഎസ് കരുതുന്നു. 10000 മുതല്‍ 15000 വരെ യുഎസ് പൗരന്‍മാര്‍ ഉക്രെയ്നില്‍ ഉണ്ടാകുമെന്നാണ് യു.എസിന്റെ വിലയിരുത്തല്‍. റഷ്യയ്ക്കെതിരെ ഉപരോധമോ മറ്റ് നടപടികളോ സ്വീകരിക്കാനില്ലെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ആക്രമണമോ അധിനിവേശമോ നടക്കാതെ റിപ്പോര്‍ട്ടുകളെ മാത്രം അടിസ്ഥാനമാക്കി നടപടി സ്വീകരിക്കാനാകില്ലെന്നാണ് ആന്റണി ബ്ലിങ്കന്റെ വിശദീകരണം.

അധിനിവേശ സാദ്ധ്യതകള്‍ റഷ്യ ഔദ്യോഗികമായി നിഷേധിച്ചിട്ടുണ്ടെങ്കിലും അതിര്‍ത്തിയിലെ സേനാവിന്യാസം മറിച്ചുളള സൂചനയാണ് നല്‍കുന്നതെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ടാങ്കുകളും മിസൈലുകളും ഉള്‍പ്പെടെയാണ് ഉക്രെയ്ന്‍ അതിര്‍ത്തിയില്‍ റഷ്യ വിന്യസിച്ചിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.