ലണ്ടന്‍:ഭീകര പ്രവര്‍ത്തനവും ഭരണ അസ്ഥിരതയും രൂക്ഷമായ ബുര്‍ക്കിന ഫാസോയില്‍ പ്രസിഡന്റ് റോച്ച് കബോറെയെ കലാപകാരികളായ സൈനികര്‍ തടവിലാക്കിയതായി റിപ്പോര്‍ട്ട്. അതേസമയം, സൈനിക അട്ടിമറി ഉണ്ടായെന്നും പ്രസിഡന്റ് അറസ്റ്റിലായെന്നുമുള്ള അഭ്യൂഹങ്ങള്‍ സര്‍ക്കാര്‍ നിഷേധിച്ചു.സൈനിക മേധാവികളെ പിരിച്ചുവിടണമെന്നും ഇസ്ലാമിക തീവ്രവാദികളോട് പോരാടുന്നതിന് കൂടുതല്‍ വിഭവങ്ങള്‍ വേണമെന്നും സൈനികര്‍ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് പശ്ചിമാഫ്രിക്കന്‍ രാഷ്ട്രത്തിലെ പുതിയ സംഭവ വികാസം.
പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിന് സമീപവും തലസ്ഥാനമായ ഔഗാഡൗഗൂവിലെ ബാരക്കുകളിലും രാത്രി മുഴുവന്‍ വെടിയൊച്ച കേട്ടതായി ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു. തലസ്ഥാനത്ത് നിന്നുള്ള വീഡിയോകളില്‍ കവചിത വാഹനങ്ങള്‍ റോഡുകളില്‍ നിരന്നതിന്റെ ദൃശ്യങ്ങളുണ്ട്. ബുള്ളറ്റ് കയറി ഉപേക്ഷിച്ചവയും തെരുവില്‍ കാണപ്പെടുന്നു.
പ്രസിഡന്റ് എവിടെയാണെന്ന കാര്യം അജ്ഞാതമാണ്. എന്നാല്‍ അദ്ദേഹവും മന്ത്രിമാരും തലസ്ഥാനത്തെ സാംഗൗലെ ലാമിസാന ബാരക്കില്‍ ഉണ്ടെന്ന് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് എഎഫ്പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് മത്സരത്തിലെ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ വിജയത്തെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഞായറാഴ്ച രാത്രി മുതല്‍ പ്രസിഡന്റ് കബോറെയില്‍ നിന്ന് ഒരു ആശയവിനിമയവും ഉണ്ടായിട്ടില്ല.
ഫിക്സഡ് ലൈന്‍ ഇന്റര്‍നെറ്റും ഗാര്‍ഹിക വൈഫൈയും പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസ്സപ്പെട്ടു. സൈനികര്‍ ദേശീയ ടെലിവിഷന്‍ ആസ്ഥാനവും വളഞ്ഞിട്ടുണ്ട്. തത്സമയ പരിപാടികള്‍ നിലച്ചു.എങ്കിലും തെരുവില്‍ ശാന്തത തിരിച്ചെത്തിയെന്ന് ബിബിസി റിപ്പോര്‍ട്ടര്‍ സൈമണ്‍ ഗോംഗോ അറിയിച്ചു.'കൂടുതല്‍ വെടിയൊച്ചകള്‍ കേള്‍ക്കുന്നില്ല, ആളുകളും കാറുകളും നഗരത്തിലൂടെ നീങ്ങുന്നുണ്ട്.' പ്രസിഡന്റിന്റെ സ്വകാര്യ വസതിക്ക് മുന്നില്‍ ജനക്കൂട്ടമുണ്ട്.രാത്രിയില്‍ എന്താണ് സംഭവിച്ചതെന്ന കാര്യം വ്യക്തമല്ലെന്ന് അദ്ദേഹം പറഞ്ഞു.
സൈന്യത്തിന് ജനപിന്തുണ
സൈന്യത്തില്‍ നിന്നോ സര്‍ക്കാരില്‍ നിന്നോ പ്രതികരണങ്ങളൊന്നും ഇല്ലാത്തതിനാല്‍, സ്ഥിതിഗതികളെക്കുറിച്ചുള്ള ഔദ്യോഗിക പ്രസ്താവനയ്ക്കായി ജനങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് ബിബിസി റിപ്പോര്‍ട്ടര്‍ അറിയിച്ചു.ഞായറാഴ്ച നൂറുകണക്കിന് ആളുകള്‍ സൈനികര്‍ക്ക് പിന്തുണയുമായി രംഗത്തെത്തി.അവരില്‍ ചിലര്‍ ഭരണകക്ഷിയുടെ ആസ്ഥാനത്തിന് തീയിട്ടു. തുടര്‍ന്ന് രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി.
ആശയക്കുഴപ്പം തുടരുന്നതായി തലസ്ഥാനത്തെ ഫ്രഞ്ച് എംബസി പ്രസ്താവനയില്‍ അറിയിച്ചു. ഫ്രഞ്ച് പൗരന്മാരോട് അനാവശ്യമായി പുറത്തിറങ്ങരുതെന്നും ഉപദേശിച്ചു. ഫ്രഞ്ച് സ്‌കൂളുകള്‍ അടച്ചിടും;രണ്ട് എയര്‍ ഫ്രാന്‍സ് വിമാനങ്ങള്‍ റദ്ദാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ ഫ്രഞ്ച് കോളനിയായ ബുര്‍ക്കിന ഫാസോ (പഴയ അപ്പര്‍ വോള്‍ട്ട) 1960-ല്‍ സ്വാതന്ത്ര്യം നേടിയതിനുശേഷം, നിരവധി ഭരണ അട്ടിമറികള്‍ മൂലം വിട്ടുമാറാത്ത അസ്ഥിരത അനുഭവിക്കുകയാണ്.
1983-ല്‍ അധികാരമേറ്റ വിപ്ലവകാരിയായ മിലിട്ടറി ഓഫീസര്‍ തോമസ് സങ്കാറ ആണ് 'സത്യസന്ധരായ മനുഷ്യരുടെ നാട്' എന്നര്‍ഥമുള്ള പേര് രാജ്യത്തിനായി തിരഞ്ഞെടുത്തത്. 1987-ല്‍ അദ്ദേഹത്തെ താഴെയിറക്കി കൊലപ്പെടുത്തി. 2015 മുതല്‍, അയല്‍രാജ്യമായ മാലിയില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട ഇസ്ലാമിക കലാപത്തിനെതിരെ രാജ്യം പോരാടുകയാണ്. ഒരു കാലത്ത് കത്തിനിന്നിരുന്ന ടൂറിസ്റ്റ് വ്യവസായം അശാന്തി മുലം തകര്‍ന്നു.
സ്വര്‍ണ്ണ ഖനികള്‍ കയ്യടക്കി
അല്‍ഖ്വയ്ദ, ഐ.എസ്
ഇതിനിടെ, ഭീകരരുടെ പറുദീസയായ പടിഞ്ഞാറന്‍ മേഖലയില്‍ ഈയിടെ സൈന്യം കലാപത്തിന് മുതിര്‍ന്നു. കഴിഞ്ഞ ദിവസം സൈനിക ക്യാമ്പിനകത്തു വെടിവെപ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഭരണകൂടം സൈനികരെ വേണ്ടവിധം പരിഗണിക്കുന്നില്ലെന്നും ഐ.എസ് പിന്തുണയുള്ള ഭീകരര്‍ ഉപയോഗിക്കുന്ന ആയുധം പോലും തങ്ങളുടെ പക്കലില്ലെന്നുമാണ് സൈനികര്‍ ആരോപിക്കുന്നത്.
നിരന്തരം തട്ടിക്കൊണ്ടുപോയും ഗ്രാമങ്ങള്‍ കൊള്ളയടിച്ചുമാണ് ബുര്‍ക്കിനോ ഫാസോയിലെ ഭീകരര്‍ അക്രമം അഴിച്ചുവിടുന്നത്. ഭീകരരുടെ അപ്രതീക്ഷിത ആക്രമണത്തില്‍ ഒറ്റയടിക്ക് 40 ലേറെ സൈനികര്‍ വരെ കൊല്ലപ്പെട്ട സംഭവങ്ങളിലും ഭരണകൂടം നിസ്സംഗത പുലര്‍ത്തി. അല്‍ഖ്വയ്ദ-ഐ.എസ് ഭീകരര്‍ മികച്ച പരിശീലനം നേടിയിട്ടാണ് വിവിധ പ്രവിശ്യകളില്‍ പ്രവര്‍ത്തി ക്കുന്നത്. എന്നാല്‍ കൃത്യമായി ഭക്ഷണം പോലും ലഭിക്കാതെയാണ് സൈനികര്‍ ക്യാമ്പുകളില്‍ കഴിയുന്നതെന്നാണ് പരാതി. പരിക്കേറ്റ സൈനികരുടെ ചികിത്സയും വേണ്ടപോലെയല്ല നടത്തുന്നത്. സൈനികരുടെ കുടുംബാംഗങ്ങളുടെ സുരക്ഷയും സാമൂഹ്യക്ഷേമവും ഉറപ്പാക്കണമെന്നും സൈനികര്‍ പറഞ്ഞിരുന്നു.
നൈജീരിയന്‍ മേഖലയിലെ സ്വര്‍ണ്ണ ഖനികളുള്ള പ്രദേശങ്ങളില്‍ നിന്ന് ഗ്രാമീണരെ ഓടിച്ച് ഭീകരര്‍ താവളമുണ്ടാക്കി. ഇവര്‍ വിദേശരാജ്യങ്ങളുടെ ഖനന കമ്പനികള്‍ക്കു നേരേയും ആക്രമണം നടത്തുകയാണെന്നു സൈനികര്‍ പറയുന്നു. ദേശീയ സൈന്യത്തിനു പലപ്പോഴും കാഴ്ചക്കാരാകേണ്ടിവരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.