ഗൂഢാലോചനക്കേസ്: ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ചോദ്യം ചെയ്യല്‍ ഇന്ന് പൂര്‍ത്തിയാകും

 ഗൂഢാലോചനക്കേസ്: ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ചോദ്യം ചെയ്യല്‍ ഇന്ന് പൂര്‍ത്തിയാകും

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് അടക്കമുള്ള അഞ്ച് പ്രതികളുടെ ചോദ്യം ചെയ്യല്‍ 22 മണിക്കൂര്‍ പൂര്‍ത്തിയായി. ശേഷിക്കുന്ന 11 മണിക്കൂറിലെ ചോദ്യം ചെയ്യല്‍ ഇന്ന് നടക്കും. ദിലീപിനെ കൂടാതെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സൂരജ്, ഡ്രൈവര്‍ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരെയാണ് കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്തത്.

കേസില്‍ ഒരാളെ മാപ്പു സാക്ഷിയാക്കി മാറ്റി മറ്റു പ്രതികളുടെ കുരുക്കുമുറുക്കാന്‍ സാധ്യതയുണ്ട്. അപ്പു, ബൈജു എന്നിവരില്‍ ആരെയെങ്കിലും മാപ്പുസാക്ഷിയാക്കി മാറ്റാനാണ് നീക്കം. തിങ്കളാഴ്ച സംവിധായകരായ റാഫി, അരുണ്‍ ഗോപി, ദിലീപിന്റെ നിര്‍മാണ കമ്പനി ഗ്രാന്‍ഡ് പ്രൊഡക്ഷന്‍ മാനേജരടക്കം മൂന്ന് ജീവനക്കാര്‍ എന്നിവരെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് വിവരങ്ങള്‍ ശേഖരിച്ചത്.

തെളിവായി ശേഖരിച്ചിരിക്കുന്ന ശബ്ദ സന്ദേശങ്ങള്‍ ദിലീപുമായി ബന്ധമുള്ളവരെ കേള്‍പ്പിച്ചു. ശബ്ദസാംപിള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുന്നതിനു മുമ്പായുള്ള നടപടിയുടെ ഭാഗമാണിതെന്ന് ചോദ്യം ചെയ്യലിനു നേതൃത്വം നല്‍കുന്ന ക്രൈംബ്രാഞ്ച് എസ്.പി എം.പി മോഹന ചന്ദ്രന്‍ പറഞ്ഞു. കുറ്റകൃത്യവുമായി ബന്ധപ്പെട്ട് 26 സംഭവങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ ചോദ്യം ചെയ്യലായിരുന്നു ആദ്യ ദിനം നടന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.