കുരിശുപള്ളി മാതാവിന് മുമ്പില്‍ മെഴുതിരി തെളിയിച്ച് സുരേഷ് ഗോപി: ചിത്രം വൈറല്‍

കുരിശുപള്ളി മാതാവിന് മുമ്പില്‍ മെഴുതിരി തെളിയിച്ച് സുരേഷ് ഗോപി: ചിത്രം വൈറല്‍

 സിനിമയില്‍ മാത്രമല്ല സമൂഹമാധ്യമങ്ങളിലും സജീവമാണ് ചലച്ചിത്ര താരങ്ങളില്‍ മിക്കവരും. താരങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളുമൊക്കെ പലപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടുന്നതും മലയാളികളുടെ പ്രിയതാരം സുരേഷ് ഗോപി പങ്കുവെച്ച ചില ചിത്രങ്ങളാണ്. നല്ലൊരു തുടക്കത്തിനായി പാലായിലെ കുരിശുപള്ളി മാതാവിന്റെ മുമ്പില്‍ തിരികള്‍ കത്തിച്ചു പ്രാര്‍ത്ഥിക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. ഇതിനോടകംതന്നെ ഈ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ലേലം എന്ന സൂപ്പര്‍ഹിറ്റ് ചിത്രം പ്രേക്ഷകരിലേക്കെത്തിയപ്പോള്‍ സുരേഷ് ഗോപി അവതരിപ്പിച്ച ആനക്കാട്ടില്‍ ചാക്കോച്ചി എന്ന കഥാപാത്രത്തിന്റെ 'എന്റെ കുരിശുപള്ളി മാതാവേ' എന്ന വിളി ഇന്നും മലയാളികളുടെ മനസ്സിലുണ്ട്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കുരിശുപള്ളി മാതാവിന്റെ മുമ്പിലെത്തി പ്രാര്‍ത്ഥിച്ച് തിരി തെളിയിച്ചാണ് ലേലം എന്ന സിനിമയുടെ ചിത്രീകരണ സമയത്തും സുരേഷ് ഗോപി തുടങ്ങിയത്.

വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു സിനിമയുടെ ചിത്രീകരണത്തിന് മുമ്പും താരം അതേ കുരിശുപള്ളി മാതാവിന് മുമ്പിലെത്തിയിരിക്കുകയാണ് പ്രാര്‍ത്ഥനയോടെ. കാവല്‍ എന്ന സിനിമയുടെ ചിത്രീകരണത്തിന് ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങവേയാണ് താരം പാലായിലെത്തിയത്. അതേസമയം സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമായെത്തുന്ന ഒറ്റക്കൊമ്പന്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ മാത്യൂസ് തോമസും താരത്തിനൊപ്പം കുരിശുപള്ളി മാതാവിന്റെ മുമ്പില്‍ തിരി കത്തിക്കുന്നത് ചിത്രങ്ങളില്‍ കാണാം.

സുരേഷ് ഗോപിയുടെ ഇരുനൂറ്റി അമ്പതാം ചിത്രമായ ഒറ്റക്കൊമ്പന്റെ ആദ്യ ഷോട്ട് ചിത്രീകരിച്ചിരിക്കുന്നതും ഈ പള്ളിയുടെ മുമ്പില്‍ വെച്ചാണ്. ചിത്രത്തില്‍ ഒരു പലാക്കാരന്‍ അച്ചായന്റെ കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് ചിത്രത്തിന്റെ നിര്‍മാണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.