പാലക്കാട്: അട്ടപ്പാടിയിലെ മധുവിനെ കൊലപ്പെടുത്തിയ കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എവിടെയെന്ന് കോടതി. ചൊവ്വാഴ്ച മണ്ണാര്‍ക്കാട് പട്ടികജാതി, പട്ടികവര്‍ഗ കോടതി കേസ് പരിഗണിച്ചപ്പോള്‍ മധുവിന് വേണ്ടി ആരും ഹാജരായിരുന്നില്ല. ഈ സാഹചര്യത്തിലാണ് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എവിടെയെന്ന് കോടതി ചോദിച്ചത്.
കഴിഞ്ഞ നവംബര്‍ 15ന് കേസ് പരിഗണിച്ചപ്പോളും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരായിരുന്നില്ല. തുടര്‍ന്നാണ് ജനുവരി 25ലേക്ക് മാറ്റിവെച്ചത്. എന്നാല്‍ 25നും പ്രോസിക്യൂട്ടര്‍ കോടതിയില്‍ എത്തിയില്ല. തുടര്‍ന്ന് കേസ് ഫെബ്രുവരി 26ലേക്ക് മാറ്റിവെച്ചതായി കോടതി അറിയിക്കുകയായിരുന്നു. നേരത്തെയും മധു കേസ് പരിഗണിച്ചപ്പോള്‍ ഓരോ കാരണങ്ങള്‍ പറഞ്ഞ് പ്രോസിക്യൂഷന്‍ വിചാരണ നീട്ടിക്കൊണ്ടു പോവുകയായിരുന്നു.
കേസിന്റെ വിചാരണ വൈകിപ്പിക്കുന്നതായി മധുവിന്റെ കുടുംബവും നേരത്തെ തന്നെ ആരോപണം ഉന്നയിച്ചിരുന്നു. കേസിന്റെ പിന്നാലെ പോകാനും സമ്മര്‍ദം ചെലുത്താനും തങ്ങള്‍ക്ക് ആരുമില്ലെന്നും മകന് നീതി ലഭിക്കണമെന്നുമായിരുന്നു മധുവിന്റെ അമ്മ മല്ലി അന്ന് പ്രതികരിച്ചത്.
2018 ഫെബ്രുവരി 22നാണ് ആദിവാസി യുവാവായ മധുവിനെ ആള്‍ക്കൂട്ട വിചാരണ നടത്തി തല്ലിക്കൊന്നത്. മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവം അന്ന് ഏറെ ചര്‍ച്ചയായെങ്കിലും കേസിന്റെ നടത്തിപ്പില്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധ ചെലുത്തിയില്ലെന്നാണ് നിലവിലെ സ്ഥിതിഗതികള്‍ ചൂണ്ടിക്കാണിക്കുന്നത്. കേസിനായി ആദ്യം ഒരു സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചെങ്കിലും സൗകര്യങ്ങള്‍ പോരെന്ന് പറഞ്ഞ് അദ്ദേഹം ഒഴിയുകയായിരുന്നു. പിന്നീട് 2019 ഓഗസ്റ്റിലാണ് വി.ടി രഘുനാഥിനെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്.
പക്ഷെ ഒരിക്കല്‍ പോലും അദ്ദേഹം മണ്ണാര്‍ക്കാട്ടെ കോടതിയില്‍ എത്തിയില്ല. അദ്ദേഹത്തിന്റെ ജൂനിയര്‍ അഭിഭാഷകര്‍ മാത്രമാണ് കോടതിയില്‍ വന്നത്. എന്നാല്‍ കേസിലെ പ്രോസിക്യൂട്ടര്‍ സ്ഥാനം ഒഴിഞ്ഞെന്ന് താന്‍ കത്ത് നല്‍കിയിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ അനൗദ്യോഗിക വിശദീകരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.