അട്ടപ്പാടി മധുവിന്റെ കൊലപാതകം; സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റും

അട്ടപ്പാടി മധുവിന്റെ കൊലപാതകം; സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റും

പാലക്കാട്: അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതക കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റും. പ്രോസിക്യൂട്ടറായി നിയമിക്കാന്‍ താല്‍പര്യമുള്ള മൂന്ന് പേരെ നിര്‍ദേശിക്കാന്‍ മധുവിന്റെ കുടുംബത്തോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മധുവിന്റെ കുടുംബാംഗങ്ങളോട് നിര്‍ദേശം തേടിയിട്ടുണ്ട്.

നിലവിലെ പ്രോസിക്യൂട്ടര്‍ അഡ്വ. വി.ടി രഘുനാഥിന് ഒരു തവണ താക്കീത് നല്‍കിയിരുന്നെങ്കിലും കേസ് പരിഗണിക്കുന്ന സമയത്ത് കോടതിയില്‍ ഹാജരായിരുന്നില്ല. കേസില്‍ പ്രോസിക്യൂട്ടര്‍ എവിടെയെന്ന ചോദ്യം ഇന്നലെ മണ്ണാര്‍ക്കാട് കോടതി ഉന്നയിച്ചിരുന്നു. രഘുനാഥ് ഹാജരാകാതെ വന്നതോടെ കേസ് ഫെബ്രുവരി 26 ലേയ്ക്ക് മാറ്റുകയായിരുന്നു.
കേസില്‍ നിന്നും ഒഴിയാന്‍ സന്നദ്ധത അറിയിച്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് രഘുനാഥ് കത്ത് നല്‍കിയിരുന്നു. പ്രോസിക്യൂട്ടര്‍ ഹാജരാകാത്തതിനെ സര്‍ക്കാര്‍ ഗൗരവമായി കാണുന്നെന്ന് നിയമമന്ത്രി പി രാജീവ് പറഞ്ഞു. മധുവിന്റെ കുടുംബം ഉന്നയിച്ച പരാതികള്‍ പരിശോധിക്കും. കേസിന്റെ തുടര്‍ നടപടികള്‍ക്ക് തടസപ്പെടാത്ത രീതിയില്‍ മുന്നോട്ടു കൊണ്ടുപോകുമെന്നും മന്ത്രി വ്യക്തമാക്കി.

പ്രോസിക്യൂട്ടറിനെതിരെ കുടുംബത്തിന് പരാതിയുണ്ടെങ്കില്‍ അത് അന്വേഷിക്കുമെന്നും പി രാജീവ് പറഞ്ഞു. കുറ്റക്കാര്‍ക്ക് പരമാവധി ശിക്ഷ നല്‍കുകയാണ് നയം. കേസില്‍ സംഭവിച്ചത് എന്താണെന്ന് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

2018 ഫെബ്രുവരി 22 നാണ് അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടമര്‍ദ്ദനത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ടത്. നാലു വര്‍ഷമായിട്ടും കേസിന്റെ വിചാരണ നടപടികള്‍ വൈകുന്നതില്‍ മധുവിന്റെ കുടുബം കടുത്ത അതൃപ്തിയിലാണ്. മുക്കാലി പൊട്ടിക്കല്‍ ഗുഹയില്‍ കഴിഞ്ഞിരുന്ന മധു 2018 ഫെബ്രുവരി 22നാണ് ആള്‍ക്കൂട്ടത്തിന്റെ വിചാരണയ്ക്കും മര്‍ദനത്തിനും ഇരായായത്.

കേസിലാകെ പതിനാറു പ്രതികളാണുള്ളത്. മേച്ചേരിയില്‍ ഹുസൈന്‍, കിളയില്‍ മരയ്ക്കാര്‍, പൊതുവച്ചോലയില്‍ ഷംസുദ്ദീന്‍, താഴുശേരില്‍ രാധാകൃഷ്ണന്‍, വിരുത്തിയില്‍ നജീവ്, മണ്ണമ്പറ്റയില്‍ ജെയ്ജുമോന്‍, കരിക്കളില്‍ സിദ്ദിഖ്, പൊതുവച്ചോലയില്‍ അബൂബക്കര്‍ എന്നിവരാണ് കേസിലെ മുഖ്യപ്രതികള്‍.

കൊലപാതകക്കുറ്റവും പട്ടികവര്‍ഗ പീഡന നിരോധന നിയമവുമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.