ഐ.ബി.എമ്മിനെ പിന്തള്ളി ടി.സി.എസും ഇന്‍ഫോസിസും; മൂല്യവത്തായ ആഗോള ഐ.ടി സേവന ബ്രാന്‍ഡുകള്‍

ഐ.ബി.എമ്മിനെ പിന്തള്ളി ടി.സി.എസും ഇന്‍ഫോസിസും; മൂല്യവത്തായ ആഗോള ഐ.ടി സേവന ബ്രാന്‍ഡുകള്‍


ലണ്ടന്‍:ഏറ്റവും മൂല്യവത്തായ മൂന്ന് അന്തര്‍ദേശീയ ഐ ടി സേവന ബ്രാന്‍ഡുകളില്‍ രണ്ടെണ്ണം ഇന്ത്യയില്‍ നിന്ന്. ലോകത്തെ മുന്‍നിര ബ്രാന്‍ഡ് മൂല്യനിര്‍ണ്ണയ സ്ഥാപനമായ യു കെ ആസ്ഥാനമായുള്ള ബ്രാന്‍ഡ് ഫിനാന്‍സിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകരം ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസും (ടി.സി.എസ്), ഇന്‍ഫോസിസും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തിയത് ഐബിഎമ്മിനെ പിന്തള്ളിയാണ്. അതേസമയം, ലോകത്തിലെ ഏറ്റവും മൂല്യമേറിയതും ശക്തവുമായ ഐടി സേവന ബ്രാന്‍ഡ് എന്ന പദവി തുടര്‍ച്ചയായി നാലാം വര്‍ഷവും ആക്സഞ്ചര്‍ നിലനിര്‍ത്തി.

മൊത്തത്തിലുള്ള ബ്രാന്‍ഡ് മൂല്യം അളക്കുന്നതിനു പുറമേ, മാര്‍ക്കറ്റിംഗ് നിക്ഷേപം, ഉപഭോക്തൃ പരിചയം, ജീവനക്കാരുടെ സംതൃപ്തി, കോര്‍പ്പറേറ്റ് പ്രശസ്തി തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ബ്രാന്‍ഡ് ഫിനാന്‍സിന്റെ വിലയിരുത്തല്‍. ബ്രാന്‍ഡ് ഫിനാന്‍സ് ഗ്ലോബല്‍ 500 2022 റിപ്പോര്‍ട്ടില്‍, ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ഐടി സേവന ബ്രാന്‍ഡായും ആഗോളതലത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന 25 ബ്രാന്‍ഡുകളിലൊന്നായും ഇന്‍ഫോസിസ് സ്ഥാനം നേടി.ടിസിഎസും ഇന്‍ഫോസിസും കൂടാതെ, ആഗോള 'എലൈറ്റ് ക്ലബി'ല്‍ ഉറച്ചുനില്‍ക്കുന്ന മറ്റ് നാല് ഇന്ത്യന്‍ ബ്രാന്‍ഡുകളുണ്ട്:വിപ്രോ (ഏഴാം സ്ഥാനം), എച്ച്‌സിഎല്‍ (8), ടെക് മഹീന്ദ്ര (15), എല്‍ടിഐ (22) എന്നിവ.

മുന്‍ റിപ്പോര്‍ട്ടിനെ ആപേക്ഷിച്ച് റാങ്കിംഗില്‍ ഇന്‍ഫോസിസ് 56 സ്ഥാനങ്ങള്‍ ഉയര്‍ത്തി.വാര്‍ഷിക ബ്രാന്‍ഡ് മൂല്യം 52 ശതമാനം വര്‍ധിച്ച് 12.8 ബില്യണ്‍ ഡോളറിലെത്തി. ബ്രാന്‍ഡ് മൂല്യത്തിലുളള കരുത്തും വളര്‍ച്ചയുമാണ് റിപ്പാര്‍ട്ടില്‍ സൂചിപ്പിക്കുന്നതെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. മഹാമാരിയുടെ കാലത്ത് ലോകമെമ്പാടുമുള്ള ഒരു ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെ ആവശ്യകത വ്യക്തമായപ്പോള്‍, ഇന്‍ഫോസിസ് വെല്ലുവിളി ഏറ്റെടുത്തുവെന്ന് ബ്രാന്‍ഡ് ഫിനാന്‍സ് ചെയര്‍മാനും സിഇഒയുമായ ഡേവിഡ് ഹെയ് ചൂണ്ടിക്കാട്ടി.

ഇന്‍ഫോസിസ് റാങ്കിങില്‍ വന്‍ കുതിച്ചുചാട്ടം നടത്തിയപ്പോള്‍, ലോകത്തിലെ ഏറ്റവും മൂല്യവത്തായ രണ്ടാമത്തെ ഐടി ബ്രാന്‍ഡായി റാങ്ക് ചെയ്യപ്പെടാന്‍ ടിസിഎസിന് കഴിഞ്ഞു. ടാറ്റ സണ്‍സിന്റെ ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരനെ പത്മഭൂഷണ്‍ പുരസ്‌കാര ജേതാവായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ടിസിഎസിന്റെ ബ്രാന്‍ഡിങ്ങിലുണ്ടായ മുന്നേറ്റം. ബ്രാന്‍ഡ് ഫിനാന്‍സിന്റെ ലോകത്തിലെ ഏറ്റവും മികച്ച 250 സിഇഒമാരുടെ ബ്രാന്‍ഡ് ഗാര്‍ഡിയന്‍ഷിപ്പ് ഇന്‍ഡക്‌സ് 2022ല്‍ ആഗോളതലത്തില്‍ 25 ാം സ്ഥാനത്താണ് ചന്ദ്രശേഖരന്‍. റാങ്കിങ് പ്രകാരം ഇന്ത്യയിലെ ഏറ്റവും മികച്ച സിഇഒ ആണ് എന്‍ ചന്ദ്രശേഖരന്‍.

ഏറ്റവും പുതിയ ബ്രാന്‍ഡ് ഫിനാന്‍സ് റിപ്പോര്‍ട്ട് പ്രകാരം ടിസിഎസിന്റെ ബ്രാന്‍ഡ് മൂല്യം 1.844 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ചതായി കണ്ടെത്തി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 12.5 ശതമാനം ഉയര്‍ച്ച. 2022ല്‍ അതിന്റെ ബ്രാന്‍ഡ് മൂല്യം 16.8 ബില്യണ്‍ ഡോളറാണ്. ന്യൂയോര്‍ക്ക് സിറ്റി മാരത്തണ്‍, ലണ്ടന്‍ മാരത്തണ്‍, ടൊറന്റോ മാരത്തണ്‍, ജാഗ്വാര്‍ ടിസിഎസ് റേസിംഗ് ടീം എന്നിവയുള്‍പ്പെടെയുള്ള കായിക ഇനങ്ങളിലെ സ്പോണ്‍സര്‍ഷിപ്പുകളും പങ്കാളിത്തവും കാരണം ആഗോളതലത്തില്‍ ഏറ്റവും അംഗീകൃത ഇന്ത്യന്‍ ബ്രാന്‍ഡുകളിലൊന്നാണ് ടിസിഎസ്. ലോകത്തിലെ ഏറ്റവും മികച്ച 250 സിഇഒമാരുടെ ബ്രാന്‍ഡ് ഫിനാന്‍സ് ബ്രാന്‍ഡ് ഗാര്‍ഡിയന്‍ഷിപ്പ് ഇന്‍ഡക്‌സ് 2022ല്‍ മൈക്രോസോഫ്റ്റിന്റെ സത്യ നാദെല്ല ഒന്നാമതെത്തി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.