കോട്ടയം: എസ്.എം. വൈ. എം പാലാ രൂപതയുടെയും എസ്. എം. വൈ. എം.രാമപുരം ഫൊറോനയുടെയും സംയുക്താഭിമുഖ്യത്തിൽ ഇന്ത്യയുടെ 73 ആം റിപ്പബ്ലിക്ക് ദിനത്തിൽ, വൈകുന്നേരം മൂന്നുമണിക്ക് "ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ക്രിസ്ത്യാനികളുടെ പങ്ക് "എന്ന വിഷയത്തിൽ രാമപുരം ഫൊറോനാ പള്ളി ഓഡിറ്റോറിയത്തിൽ വച്ച് ചരിത്ര സെമിനാർ നടത്തപ്പെട്ടു. എസ്. എം. വൈ.എം.പാലാ രൂപത വൈസ് പ്രസിഡന്റ് റിന്റു റെജി പറയൻകുഴിയിൽ സ്വാഗതം ആശംസിച്ചു. രാമപുരം ഫൊറോന വികാരി റവ.ഡോ. ജോർജ്ജ് വർഗ്ഗീസ് ഞാറക്കുന്നേൽ സെമിനാർ ഉദ്ഘാടനം ചെയ്യുകയും"ക്രിസ്തീയതയും സ്വാതന്ത്ര്യ സമരവും" എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. മറ്റ് ഏത് സ്വാതന്ത്ര്യസമര സേനാനികൾക്കും മുൻപ് ജീവിച്ചു കടന്നുപോയ ഒരു സ്വദേശി - സ്വയംഭരണ വക്താവാണ് പാറേമ്മാക്കൽ ഗോവർണ്ണദോർ അച്ചൻ. സഭയുടെയും സമുദായത്തിന്റെയും ഐക്യത്തിനും വേണ്ടി സുദീർഘവും ആപത്കരവുമായ പോർച്ചുഗൽ - റോമാ യാത്ര നടത്തുവാൻ ധൈര്യം കാണിച്ച പാറേമ്മാക്കലിന്റെയും കരിയാറ്റി മൽപ്പാന്റെയും രാജ്യസ്നേഹവും സമുദായ സ്നേഹവും ചരിത്രകാരന്മാർ വിസ്മരിക്കുന്നതാണ് നാം ഇന്ന് കാണുന്നതെന്നും വാക്കുകൊണ്ടല്ല പ്രവൃത്തി കൊണ്ടാണ് ധീരതയും സ്നേഹവും പ്രകടിപ്പിക്കേണ്ടതെന്നാണ് പാറേമ്മാക്കലിനെയും, അക്കാമ്മ ചെറിയാനെയും ജോർജ് ജോസഫിനെയും ആനി മസ്‌ക്രീനെയും പോലുള്ള വ്യക്തിത്വങ്ങൾ യുവജനങ്ങൾക്ക് നൽകുന്ന പാഠമെന്ന് എന്ന് അച്ചൻ പ്രസ്ഥാവിച്ചു .
മലയാളത്തിലെ പ്രഥമ യാത്രാവിവരണ ഗ്രന്ഥമായ വർത്തമാന പുസ്തകത്തിലെ ദേശീയതയെക്കുറിച്ച് ശ്രീ അനിൽ മാനുവൽ പുന്നത്താനത്ത് സംസാരിച്ചു. ദേശീയ ജനസംഖ്യയിൽ 2 ശതമാനം മാത്രമുള്ള ക്രൈസ്തവ സമുദായത്തിന്റെ ദേശീയപ്രസ്ഥാനത്തിലെ പങ്കാളിത്തവും സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പരിശ്രമങ്ങളും ത്യാഗങ്ങളും പലപ്പോഴും നേതാക്കളും ചരിത്രകാരന്മാരും നിർഭാഗ്യവശാൽ പുതിയതലമുറയും എന്നും വിസ്മരിച്ച് ഉള്ളൂ,എന്നാൽ ഈ സമുദായത്തിലെ ചരിത്രം സൂക്ഷ്മമായി പഠിച്ച ആർക്കും ദേശീയ പ്രസ്ഥാനത്തിന് വേണ്ടിയുള്ള ഈ സമുദായത്തിന് പ്രവർത്തനങ്ങളെ വിസ്മരിക്കുവാൻ സാധിക്കുന്നതല്ല എന്ന് ശ്രീ അനിൽ സാർ പറഞ്ഞു.
നസ്രാണികളുടെ ഐക്യബോധം വർത്തമാന പുസ്തകത്തിലും മാർത്തോമനസ്രാണികളുടെ ഭരണത്തിലും കാണുവാൻ സാധിക്കും. നമ്മുടെ ദേശം സുറിയാനിയിലും "ഹെന്ദോ" എന്നാണ് അറിയപ്പെടുന്നത്. അസ്‌ലേത്താ ദ്‌ഹെന്ദോ, മെത്രാപ്പോലീത്താ ദ്‌കോൽ ഹെന്ദോ, തറ്ആ ദ്‌കോൽ ഹെന്ദോ, മ്ദവ്റാനാ ദ്‌കോൽ ഹെന്ദോ, കൊല്ലാ ഹെന്ദോ, ..... എന്നിങ്ങനെ ഒരുപിടി പ്രയോഗങ്ങൾ അവിടെയും കാണാം. "കോൽ ഹെന്ദോ" അഥവാ അഖിലേന്ത്യ, മുഴുവൻ ഇന്ത്യ നമ്മുടെ പൂർവ്വീകർ പറഞ്ഞിരുന്നത് . വിവിധ ചെറു നാട്ടുരാജ്യങ്ങളായി നിന്ന നമ്മുടെ നാടിന് "ഒരൊറ്റ ഇന്ത്യ" എന്ന പരിവേഷം ആദ്യമായി ചാർത്തിയത് ഒരുപക്ഷേ നമ്മുടെ ഭാഷയിലാണ്.അഖിലേന്ത്യയുടെ മെത്രാപ്പോലീത്തായും കവാടവും (മെത്രാപ്പോലീത്താ ഉതറ്ആ ദ്‌കോൽ ഹെന്ദോ) , അഖിലേന്ത്യയുടെ അർക്കദിയാക്കോൻ ഭരണാധികാരി ( മ്ദവ്റാനാ ദ്‌കോൽ ഹെന്ദോ) എന്നിങ്ങനെ ആയിരുന്നു നമ്മുടെ സഭയുടെയും സമുദായത്തിന്റെയും അധികാരികൾ ആദ്യം മുതൽക്കേ അറിയപ്പെട്ടത്. ഏകദേശം അഞ്ചോ ആറോ നൂറ്റാണ്ടുകൾ മുതൽ ഇൗ സ്ഥാനമാനങ്ങൾ ഉപയോഗത്തിൽ ഉള്ളതാണ് എന്ന് ചരിത്ര രേഖകളിൽ നിന്ന് നമുക്ക് മനസ്സിലാകുംഎന്ന് ശ്രീ അനിൽ സർ കൂട്ടിച്ചേർത്തു.
അക്കാമ്മ ചെറിയാൻ, ബാരിസ്റ്റർ ജോർജ് ജോസഫ്, ആനി മസ്ക്രീൻ എന്നിവരെക്കുറിച്ച് അനുഷ ചാക്കോ, ലിയോ ഡോജി, ആൽബിൻ ജിജോ എന്നിവർ യഥാക്രമം പേപ്പറുകൾ അവതരിപ്പിച്ചു. ചോദ്യോത്തര സെക്ഷന് ശേഷം രാമപുരം ഫൊറോന വൈസ് പ്രസിഡന്റ് നന്ദന മാർട്ടിൻ വിഷയം ക്രോഡീകരിച്ച് സംസാരിച്ചു. ഭാരതത്തിന്റെ സ്വാതന്ത്ര്യമുന്നേറ്റത്തിൽ ക്രിസ്തീയജനതയുടെ പങ്കാളിത്തം സംബന്ധിച്ചു കുബുദ്ധികൾ സംശയം ഉന്നയിക്കുകയും അത് സംശയലേശമന്യേ സമർത്ഥിക്കുവാൻ നമ്മുടെ പുതു തലമുറയ്ക്ക് സാധിക്കാതെ വരികയും ചെയ്യുന്ന കാലത്തോളം ഈ വിഷയത്തിനു പ്രസക്തിയുണ്ടെന്നും വിഭജിച്ച് ഭരിക്കുക എന്ന ലക്ഷ്യം പ്രയോഗിക്കുന്ന വിദേശീയ ശക്തികൾ കിണഞ്ഞു പരിശ്രമിച്ചിട്ടും സമുദായത്തെയോ രാഷ്ട്രത്തെയോ സ്വാർത്ഥതാല്പര്യങ്ങൾക്കായി വഞ്ചിച്ച ഒരു ക്രൈസ്തവനെയും നമുക്ക് ചരിത്രത്തിൽ കണ്ടെത്താനാവുകയില്ലെന്നും നന്ദന പ്രസ്താവിച്ചു. രാമപുരം ഫോറോനാ രൂപത കൗൺസിലർ അഞ്ജു സാജു നന്ദി പ്രകാശിപ്പിച്ചു. സെമിനാറിൽ പാലാരൂപതയുടെ വിവിധ ഫോറോനാകളിൽ നിന്നുള്ള യുവജന പ്രതിനിധികളും ദേശത്തു നസ്രാണിഫോറങ്ങളുടെ പ്രതിനിധികളും സംബന്ധിച്ചു
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.