ഇന്നലെ കോണ്‍ഗ്രസ് പുറത്താക്കിയ ഉത്തരാഖണ്ഡ് പിസിസി മുന്‍ പ്രസിഡന്റ് ഇന്ന് ബിജെപിയില്‍

ഇന്നലെ കോണ്‍ഗ്രസ് പുറത്താക്കിയ ഉത്തരാഖണ്ഡ് പിസിസി മുന്‍ പ്രസിഡന്റ് ഇന്ന് ബിജെപിയില്‍

ഡെറാഡൂണ്‍: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കോണ്‍ഗ്രസ് ഇന്നലെ പുറത്താക്കിയ ഉത്തരാഖണ്ഡ് പിസിസി മുന്‍ പ്രസിഡന്റ് കിഷോര്‍ ഉപാധ്യായ ഇന്ന്  ബിജെപിയില്‍ ചേര്‍ന്നു.

ബിജെപിയുമായും മറ്റു രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധം പുലര്‍ത്തിയതിന്റെ പേരില്‍ അദ്ദേഹത്തെ നേരത്തെ തന്നെ സ്ഥാനങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് നീക്കം ചെയ്തിരുന്നു. ഇന്നലെ പാര്‍ട്ടി അംഗത്വത്തില്‍ നിന്നും പുറത്താക്കിയതോടെയാണ് കിഷോര്‍ ബിജെപിയിലേക്ക് ചേക്കേറിയിരിക്കുന്നത്. തെഹ്രി മണ്ഡലത്തില്‍ ഇത്തവണ ബിജെപി ടിക്കിറ്റില്‍ മത്സരിക്കും.

ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് പുറത്തിറക്കിയ മൂന്ന് സ്ഥാനാര്‍ഥി പട്ടികയിലും കിഷോര്‍ ഉപാധ്യായ ഇടം പിടിച്ചിരുന്നില്ല. ഇതോടെ അദ്ദേഹം ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹം ശക്തമായിരുന്നു. ഇതിനിടെ തനിക്കെതിരെയുള്ള അച്ചടക്ക നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വത്തെ സമീപിച്ചിരുന്നെങ്കിലും ഫലവത്തായിരുന്നില്ല.

ഫെബ്രുവരി 14 നാണ് ഉത്തരാഖണ്ഡില്‍ തിരഞ്ഞെടുപ്പ്. രാംനഗറില്‍ തുടര്‍ച്ചയായി മത്സരിച്ചിരുന്ന മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്തിന്റെ സീറ്റ് കോണ്‍ഗ്രസ് ഇത്തവണ മാറ്റിയിട്ടുണ്ട്. ലാല്കുവയില്‍ നിന്നാണ് റാവത്ത് ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുക. മറ്റു പ്രധാന നേതാക്കള്‍ക്കും മണ്ഡലം മാറേണ്ടി വന്നിട്ടുണ്ട്.

രാംനഗര്‍ മണ്ഡലത്തില്‍ ഹരീഷ് റാവത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റുമാരില്‍ ഒരാളായ രഞ്ജിത് റാവത്ത് അസ്വാരസ്യം പ്രകടിപ്പിച്ചിരുന്നു. നേതാക്കള്‍ തമ്മിലുള്ള ചേരിപ്പോര് പാര്‍ട്ടിക്കുള്ളിലെ പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തിലാണ് മണ്ഡലങ്ങളില്‍ മാറ്റം വരുത്തിയത്.

അതേ സമയം ഒരു കുടുംബത്തിന് ഒരു സീറ്റെന്ന കോണ്‍ഗ്രസിന്റെ നയം തെറ്റിച്ചുകൊണ്ട് ഹരീഷ് റാവത്തിന്റെ മകള്‍ അനുപമ റാവത്തിന് ഹര്‍ദ്വാര്‍ റൂറലില്‍ സീറ്റ് നല്‍കിയതിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പ്രതിഷേധമുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.