തൃശൂർ അതിരൂപതയിലെ സീനിയർ വൈദികനായ റവ. ഫാ. ആന്റണി തെക്കിനിയത്ത് (90) അന്തരിച്ചു - തൃശൂർ അതിരൂപതയുടെ പ്രാർത്ഥനാഞ്ജലികൾ

തൃശൂർ അതിരൂപതയിലെ സീനിയർ വൈദികനായ  റവ. ഫാ. ആന്റണി തെക്കിനിയത്ത് (90) അന്തരിച്ചു - തൃശൂർ അതിരൂപതയുടെ പ്രാർത്ഥനാഞ്ജലികൾ

തൃശൂർ: കഠിനാദ്ധ്വാനിയായ അജപാലകൻ, കർമ്മനിരതനായ വികാരി, ആത്മീയ ഗുരു എന്നിങ്ങനെ സേവനമേഖലയിൽ പ്രശോഭിച്ച തൃശൂർ അതിരൂപതയിലെ സീനിയർ വൈദികനായ റവ. ഫാ. ആന്റണി തെക്കിനിയത്ത് 2022 ജനുവരി മാസം 27-ാം തീയതി വൈകീട്ട് 5 മണിക്ക് അന്തരിച്ചു. മൃതസംസ്കാരം ജനുവരി മാസം 28 വെള്ളി ഉച്ചകഴിഞ്ഞ് 2.30 ന് പുതുക്കാട് ഫൊറോന ദൈവാലയത്തിൽ വച്ച് നടത്തപ്പെടും.

മൃതദേഹം 28-ാം തീയതി വെള്ളിയാഴ്ച രാവിലെ 6.30 ന് തൃശൂർ സെന്റ് ജോസഫ് വൈദികമന്ദിരത്തിലെ വി. ബലിക്കുശേഷം 7.30 മുതൽ 8.30 വരെ തൃശൂർ സെന്റ് ജോസഫ് വൈദികമന്ദിരത്തിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം പുതുക്കാടുളള (കാഞ്ഞൂപ്പാടം) ജ്യേഷ്ഠ സഹോദരന്റെ മകൻ തെക്കിനിയത്ത് ലോനപ്പൻ ജോസിന്റെ വസതിയിൽ രാവിലെ 9.15 മുതൽ 10.30 വരെ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് 10.30 ന് വീട്ടിൽ നിന്ന് മൃതസംസ്കാരശുശ്രൂഷകൾ ആരംഭിക്കുന്നതായിരിക്കും. രാവിലെ 11 മണി മുതൽ 2.30 വരെ പുതുക്കാട് ഫൊറോന പളളിയിൽ പൊതുദർശനത്തിന് വയ്ക്കുന്നതാണ്.

തൃശ്ശുർ അതിരൂപത പുതുക്കാട് ഇടവകയിലെ പരേതരായ കുഞ്ഞിപ്പാവു കുഞ്ഞനം ദമ്പതികളുടെ മകനായി 1932 ജനുവരി 21 ന് ജനിച്ചു. തൃശ്ശൂർ മൈനർ സെമിനാരി, ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി എന്നിവിടങ്ങളിലെ വൈദികപരിശീലനം പൂർത്തിയാക്കിയശേഷം 1960 മാർച്ച് 13ന് മാർ ജോർജ്ജ് ആലപ്പാട്ട് പിതാവിൽ നിന്ന് തിരുപ്പട്ടം സ്വീകരിച്ചു.

ക്രിസ്തുവിന്റെ പൗരോഹിത്യത്തിൽ പങ്കുകാരനായി ദൈവജനത്തിനായി ലൂർദ് കത്തീഡ്രൽ ഇടവകയിൽ സഹവികാരിയായി അജപാലനശുശ്രൂഷ ആരംഭിച്ച അദ്ദേഹം ഇരിഞ്ഞാലക്കുട, പരിയാരം എന്നീ ഇടവകകളിൽ സഹവികാരിയായും വെളളാറ്റഞ്ഞൂർ, തയ്യൂർ, തിരൂർ, വെളപ്പായ, തങ്ങാലൂർ, വല്ലച്ചിറ, പല്ലിശ്ശേരി, കുരിയച്ചിറ, എരുമപ്പെട്ടി, പാത്രമംഗലം, കടങ്ങോട്, വെളളറക്കാട്, തൃപയാർ, അരണാട്ടുകര, ചെവ്വൂർ, പുത്തൻപീടിക, നെല്ലിക്കുന്ന് എന്നിവിടങ്ങളിൽ വികാരിയായും തൃശ്ശൂർ ബസിലിക്ക, പഴുവിൽ എന്നിവിടങ്ങളിൽ ഫൊറോന വികാരിയായും സെന്റ് മേരീസ് ഓർഫനേജ് പ്രസ്, സെന്റ് മേരീസ് ഐ ടി സി ഡയറക്ടറായും സേവനം ചെയ്തിട്ടുണ്ട്. പാസ്റ്ററൽ കൗൺസിൽ അംഗമായിരുന്ന അദ്ദേഹം പ്രസ്ബിറ്ററൽ കൗൺസിൽ അംഗം, സ്കൂൾ അഡ്വൈസറി അംഗം, സ്കൂൾ ഇന്റർവ്യൂ ബോർഡ് അംഗം, വിവിധ സ്കൂളുകളുടെ മാനേജർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സേവനം ചെയ്ത ഇടവകകളിൽ പല നിർമ്മാണപ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയിട്ടുള്ള ബഹു. അച്ചൻ 2008 ഫെബ്രുവരി 6 മുതൽ തൃശൂർ സെന്റ് ജോസഫ് വൈദികമന്ദിരത്തിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. പരേതരായ പൗലോസ്, ലോനപ്പൻ , കുഞ്ഞിലക്കുട്ടി, ഫാ. ജോസഫ് തെക്കിനിയത്ത്, റവ. സി. മലാക്കിയാസ് സി. എം. സി. എന്നിവർ സഹോദരങ്ങളാണ്.
ദൈവജനത്തിനായി അക്ഷീണം യത്നിച്ച് സ്വർഗ്ഗസമ്മാനത്തിനായി വിളിക്കപ്പെട്ട തെക്കിനിയത്ത് ബഹു. ആന്റണി അച്ചനു തൃശ്ശൂർ അതിരൂപതയുടെ പ്രാർത്ഥനാഞ്ജലി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.