തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതിക്കുള്ള ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട് ഭരണ മുന്നണിയിലെ പ്രമുഖ പാര്‍ട്ടികളായ സിപിഎമ്മും സിപിഐയുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്നു.
എന്തിനാണ് ഓര്‍ഡിനെന്‍സ് എന്ന ചോദ്യത്തിന് ഇതുവരെ ആരും മറുപടി പറഞ്ഞിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഒര്‍ഡിനന്‍സിനെപ്പറ്റി മുന്‍പ് മുന്നണിയില്‍ രാഷ്ട്രീയ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്ന് സിപിഐ നേതാവ് കെ പ്രകാശ് ബാബുവും വ്യക്തമാക്കി.
ലോകായുക്ത നിയമ ഭേദഗതി ഓര്‍ഡിനന്‍സിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയിലെഴുതിയ ലേഖനത്തിനെതിരെയാണ് സിപിഐയുടെ പ്രതികരണം. ഓര്‍ഡിനന്‍സിന് മുന്‍പ് കക്ഷികളുമായി കൂടിയാലോചന നടത്തണമായിരുന്നു. കേന്ദ്ര ഇടപെടല്‍ ഉണ്ടാകുമെന്ന് പറഞ്ഞ് ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഓര്‍ഡിനന്‍സിനുള്ള സാഹചര്യം ഭരണം പങ്കിടുന്ന മറ്റ് കക്ഷികളെക്കൂടി ബോധ്യപ്പെടുത്തുന്ന രാഷ്ട്രീയ ചര്‍ച്ച ആവശ്യമാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സിപിഐ. അങ്ങനെയൊരു ആലോചയും നടന്നിട്ടില്ല. രണ്ടാമതായി ഓര്‍ഡിനന്‍സ് നീക്കത്തിനുള്ള അടിയന്തിര സാഹചര്യമെന്തെന്ന് കക്ഷികളെ ബോധ്യപ്പെടുത്തേണ്ടതുണ്ടായിരുന്നു. അതും നിര്‍വഹിക്കപ്പെട്ടിട്ടില്ലെന്ന് കെ പ്രകാശ് ബാബു വ്യക്തമാക്കി.
ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. അതിനെ ഒരു തരത്തിലും ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ ഇത്തരത്തില്‍ പരമ പ്രധാനമായ ഒരു നിയമത്തില്‍ ഭേദഗതി വരുത്തുമ്പോള്‍ ആവശ്യമായ രാഷ്ട്രീയ ചര്‍ച്ച പൂര്‍ത്തിയായിട്ടില്ലെന്നതാണ് സിപിഐ ഉയര്‍ത്തുന്ന പരാതി. ചര്‍ച്ചകള്‍ നടന്നതായി റവന്യൂ മന്ത്രി കെ.രാജന്‍ അറിയിച്ചിട്ടുണ്ടെങ്കിലും ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ ഓര്‍ഡിനന്‍സിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കിയിട്ടില്ലെന്നാണ് പാര്‍ട്ടി മനസിലാക്കുന്നതെന്നും പ്രകാശ് ബാബു പറഞ്ഞു.
സര്‍ക്കാര്‍ ഓര്‍ഡിനന്‍സുമായി ശക്തമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചുവെന്നാണ് ദേശാഭിമാനി ലേഖനത്തിലൂടെ കോടിയേരി ബാലകൃഷണന്‍ അടിവരയിട്ടത്. ഓര്‍ഡിനന്‍സ് സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് അദ്ദേഹം ലേഖനത്തിലൂടെ വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ വാചകമടി മത്സരം എന്ന തലക്കെട്ടിലാണ് ലേഖനം.
കേരള ലോകായുക്ത നിയമത്തിലെ വകുപ്പ് 14 ഭരണഘടനയുടെ 164-ാം അനുച്ഛേദത്തിന് വിരുദ്ധമാണെന്ന് പരിശോധിച്ച് ഉറപ്പിച്ച ശേഷമാണ് ഓര്‍ഡിനന്‍സിനുള്ള നീക്കം നടത്തുന്നതെന്ന് കോടിയേരി ബാലകൃഷണന്‍ ലേഖനത്തിലൂടെ വിശദീകരിച്ചു.
ലോകായുക്ത ശുപാര്‍ശ തള്ളാനും കൊള്ളാനുമുള്ള അവകാശത്തില്‍ നിന്ന് ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന സംസ്ഥാന സര്‍ക്കാരിനെ ഒഴിവാക്കുന്ന തരത്തിലുള്ള നിലവിലുള്ള വ്യവസ്ഥ കേന്ദ്ര ഭരണകക്ഷിയുടെ ഇടംകോലിടല്‍ രാഷ്ട്രീയത്തിന് വാതില്‍ തുറന്ന് കൊടുക്കുന്നതാണെന്ന് കോടിയേരി ലേഖനത്തിലൂടെ ആക്ഷേപിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.