സോമര്‍സെറ്റ്(ബ്രിട്ടന്‍): 'ജോലിയില്‍ നിന്നു വിരമിക്കാനോ? ഞാനോ? അക്കാര്യം ചിന്തിക്കുന്നേയില്ല': 83 വയസ്സുകാരന്‍ ബ്രയാന്‍ ചോര്‍ലിയുടെ വാക്കുകളില്‍ ദൃഢത മുറ്റിനില്‍ക്കുന്നു. ചോര്‍ലി സ്വന്തമാക്കിയ റെക്കോര്‍ഡിന് സമാനതകളില്ല തൊഴില്‍ ചരിത്രത്തില്‍; ഒരേ കമ്പനിയില്‍ 70 വര്‍ഷം, ഒരു 'സിക്ക് ലീവ്' പോലും എടുക്കാതെ എന്നുമുള്ള ജോലി.
ഇംഗ്ലണ്ടിലെ സോമര്‍സെറ്റിലുള്ള സ്ട്രീറ്റിലെ സി&ജെ ക്ലാര്‍ക്സ് ഷൂ ഫാക്ടറിയില്‍ 1953-ല്‍ ബ്രയാന്‍ ചോര്‍ലി ജോലിക്കു ചേര്‍ന്നത് 15 വയസ്സുള്ളപ്പോഴാണ്. സ്‌കൂള്‍ അവധിക്കാലത്തായിരുന്നു തുടക്കം.ദരിദ്രമായിരുന്ന കുടുംബത്തിന് കുറച്ച് പണം അത്യാവശ്യമായിരുന്നു. ജോലി അന്വേഷിക്കാന്‍ കൊച്ചു ചോര്‍ലിയെ പിതാവ് പ്രോത്സാഹിപ്പിച്ചത് അക്കാരണത്താലാണ്.
ആഴ്ചയില്‍ 45 മണിക്കൂര്‍ ആയിരുന്നു അക്കാലത്തു ജോലി. ബ്രയാന്‍ വാങ്ങിയ ആദ്യ ശമ്പളം രണ്ട് പൗണ്ടും മൂന്ന് ഷില്ലിംഗും.അതില്‍ നിന്ന് ഒരു പൗണ്ട് അമ്മയ്ക്ക് കൊടുത്തു. 1980-കള്‍ വരെ ബ്രയാന്‍ സി&ജെ ക്ലാര്‍ക്സിനു വേണ്ടി പ്രവര്‍ത്തിച്ചു.തുടര്‍ന്ന് ആദ്യ ഫാക്ടറി അടച്ച് പ്രീമിയം ക്ലാര്‍ക്‌സ് വില്ലേജ് ഷോപ്പിംഗ് ഔട്ട്ലെറ്റായി പുനര്‍വികസിപ്പിച്ചു. 1993-ല്‍ ഷോപ്പിംഗ് സെന്റര്‍ തുറന്നപ്പോള്‍ അദ്ദേഹം അവിടെ പ്രവര്‍ത്തിക്കാന്‍ തുടങ്ങി.
'മികച്ച ഫലങ്ങള്‍ രേഖപ്പെടുത്തിയ ഒരു ആരോഗ്യ പരിശോധന ഈയിടെ ഞാന്‍ പാസായി. കഴിയുന്നിടത്തോളം ജോലിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നു'- ബ്രയാന്‍ പറഞ്ഞതായി മിറര്‍ ഉദ്ധരിച്ചു. വയസ് 95 ആയിട്ടും സജീവമായി ദൃശ്യ മാധ്യമ പ്രവര്‍ത്തന രംഗത്തുള്ള ഡേവിഡ് ആറ്റന്‍ബറോയെപ്പോലെയാകാനാണ് തന്റെ ആഗ്രഹമെന്നും പറയുന്നു അദ്ദേഹം.തങ്ങളുടെ കമ്പനിയിലെ ഏറ്റവും വിശ്വസ്തനായ കഠിനാധ്വാനിയായ ജോലിക്കാരന്‍ എന്നാണ് ബ്രയാനെക്കുറിച്ച് കമ്പനി അധികൃതര്‍ വിശേഷിപ്പിക്കുന്നത്.
ബ്രയാന്‍ കൂട്ടിച്ചേര്‍ത്തു: 'എട്ടു വര്‍ഷം മുമ്പ് എനിക്ക് ഭാര്യയെ നഷ്ടപ്പെട്ടു. അതിനാല്‍ വീട്ടില്‍ ഏകനാണ്. എനിക്ക് പുറത്തുപോകാതിരിക്കാനാകില്ല. ആളുകളെ കാണണം, ജോലി ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.ദിവസം മുഴുവന്‍ വെറുതെ ഒരു കസേരയില്‍ ഇരിക്കാന്‍ എനിക്കിഷ്ടമില്ല. വിരസമാണത്. എപ്പോഴും എനിക്കു ജോലി ചെയ്യണം.'
'ആളുകളെ സഹായിക്കാന്‍ ഞാന്‍ എന്റെ വഴി സ്വീകരിക്കുന്നു. പറ്റുന്നവര്‍ക്കെല്ലാം നല്ല സേവനം നല്‍കാനും ബഹുമാനത്തോടെ പെരുമാറാനും ഞാന്‍ കഴിയുന്നതെല്ലാം ചെയ്യുന്നു. എത്ര മഹത്തായ സേവനമാണ് ചെയ്തതെന്ന് അവര്‍ എന്നോട് പലതവണ പറഞ്ഞിട്ടുണ്ട്. അവര്‍ക്ക് അങ്ങനെ തോന്നുന്നതില്‍ വളരെ സന്തോഷം; അത് മാത്രമാണ് എനിക്ക് വേണ്ടത്.'- ഏഴു പതിറ്റാണ്ടത്തെ കര്‍മ്മ കുശലതയുടെ സ്വരം. സമൂഹമാദ്ധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു ബ്രയന്റെ കഥ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.