അമൃത്സര്‍: തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ വനിതകള്‍ക്കായി വമ്പന്‍ വാഗ്ദാനങ്ങളുണ്ടെങ്കിലും സ്ഥാനാര്‍ത്ഥി പട്ടികയില്‍ വനിതകള്‍ക്ക് കാര്യമായ പരിഗണന നല്‍കാതെ പഞ്ചാബിലെ രാഷ്ട്രീയ പാര്‍ട്ടികള്‍.
നാമമാത്രമായ പ്രാതിനിധ്യമാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സ്ത്രീകള്‍ക്ക് നല്‍കിയിട്ടുള്ളത്. സംസ്ഥാനത്തെ 2.12 കോടി വോട്ടര്‍മാരില്‍ പകുതിയോളം സ്ത്രീകളാണെങ്കിലും സ്ഥാനാര്‍ത്ഥി പട്ടികയില്‍ അര്‍ഹമായ പ്രാധിനിത്യമില്ല.
ശിരോമണി അകാലിദള്‍-ബിഎസ്പി സഖ്യത്തിന്റെ 117 സ്ഥാനാര്‍ഥികളില്‍ അഞ്ച് പേര്‍ മാത്രമാണ് വനിതകള്‍. ഇത് മൊത്തം സ്ഥാനാര്‍ത്ഥികളുടെ ഏകദേശം നാല് ശതമാനം മാത്രമാണ്. അഞ്ചില്‍ നാലു പേര്‍ 97 സീറ്റുകളില്‍ മത്സരിക്കുന്ന ശിരോമണി അകാലിദളിന്റേയും ഒരാള്‍ 20 സീറ്റുകളില്‍ മത്സരിക്കുന്ന ബിഎസ്പിയുടെയും സ്ഥാനാര്‍ത്ഥികളാണ്.
ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്ക് 40 ശതമാനം സീറ്റ് മാറ്റിവെക്കുമെന്ന് വാഗ്ദാനം ചെയ്ത കോണ്‍ഗ്രസും പഞ്ചാബിലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ അര്‍ഹമായ പരിഗണന നല്‍കുന്നില്ല. പഞ്ചാബിലെ 109 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച കോണ്‍ഗ്രസ് 11 സീറ്റില്‍ മാത്രമാണ് വനിതകളെ നിര്‍ത്തിയിരിക്കുന്നത്. ആകെ സീറ്റുകളുടെ 10 ശതമാനം മാത്രം.
പരമ്പരാഗത പാര്‍ട്ടികളില്‍ നിന്നുള്ള മാറ്റമായി സ്വയം അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന ആം ആദ്മി പാര്‍ട്ടി 117 സീറ്റുകളിലും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു അതില്‍ 12 സീറ്റ് മാത്രമാണ് സ്ത്രീകള്‍ക്ക് നല്‍കിയത്. ആകെ സീറ്റിന്റെ 10 ശതമാനം.
ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസും ശിരോമണി അകാലിദള്‍ സംയുക്തും ഉള്‍പ്പെടുന്ന ബിജെപി നേതൃത്വത്തിലുള്ള സഖ്യം ഇതുവരെ പ്രഖ്യാപിച്ച 106 സ്ഥാനാര്‍ത്ഥികളില്‍ എട്ട് സ്ത്രീകള്‍ക്ക് മാത്രമാണ് സീറ്റ് നല്‍കിയിരിക്കുന്നത്. മൊത്തം സീറ്റുകളുടെ 7.5 ശതമാനമാണ് ഇത്.
എന്നാല്‍ സ്ത്രീകള്‍ക്കായി മോഹന വാഗ്ദാനങ്ങള്‍ നല്‍കുന്നതില്‍ ഒരു പാര്‍ട്ടികളും പിന്നിലല്ല. ശിരോമണി അകാലിദള്‍-ബിഎസ്പി സഖ്യം സംസ്ഥാനത്ത് അധികാരത്തില്‍ വന്നാല്‍ നീല റേഷന്‍ കാര്‍ഡുള്ള ബിപിഎല്‍ കുടുംബങ്ങള്‍ക്ക് പ്രതിമാസം 2,000 രൂപ നല്‍കുമെന്നാണ് വാഗ്ദാനം.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആം ആദ്മി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ പഞ്ചാബിലെ 18 വയസോ അതില്‍ കൂടുതലോ പ്രായമുള്ള എല്ലാ സ്ത്രീകള്‍ക്കും പ്രതിമാസം 1,000 രൂപ പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുകയാണെങ്കില്‍ പഞ്ചാബിലെ ഓരോ വനിതാ വീട്ടമ്മമാര്‍ക്കും പ്രതിമാസം 2,000 രൂപയും, എല്ലാ വര്‍ഷവും എട്ട് പാചക വാതക സിലിണ്ടറുകളും സൗജന്യമായി നല്‍കുമെന്ന് പഞ്ചാബ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് നവജ്യോത് സിങ് സിദ്ദു വാഗ്ദാനം ചെയ്തിരുന്നു.
അതേസമയം ലിംഗഭേദം കാരണം ആര്‍ക്കും ടിക്കറ്റ് നിഷേധിച്ചിട്ടില്ലെന്നാണ് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് സുനില്‍ ജഖര്‍ പറയുന്നത്. തെരഞ്ഞെടുപ്പിന് മുമ്പ് വനിത നേതാക്കളെ വളര്‍ത്തിയെടുക്കാനാകണം. അത് ഒറ്റ രാത്രികൊണ്ട് സംഭവിക്കുന്ന ഒന്നല്ല. പ്രിയങ്ക ഗാന്ധി അവിടെ ഉത്തര്‍പ്രദേശില്‍ ഉണ്ടായിരുന്നു.
സ്ത്രീകളെ ഉയര്‍ത്താന്‍ അവര്‍ അടിത്തട്ടില്‍ ഇറങ്ങി പ്രവര്‍ത്തിച്ചു. പഞ്ചാബില്‍ അതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. വരും കാലങ്ങളില്‍ കൂടുതല്‍ സ്ത്രീകള്‍ രാഷ്ട്രീയത്തില്‍ തങ്ങള്‍ക്കുള്ള സ്ഥാനം അവകാശപ്പെടുമെന്ന് പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം 2.13 കോടി വോട്ടര്‍മാരാണ് പഞ്ചാബില്‍ ഇക്കുറി ജനവിധിയെഴുതുക. ഫെബ്രുവരി 14 ന് നടത്താന്‍ തീരുമാനിച്ചിരുന്ന തെരഞ്ഞെടുപ്പ് ഫെബ്രുവരി 20 ലേക്ക് മാറ്റിയിരിക്കുകയാണ്. മാര്‍ച്ച് 10 നാണ് ഫലമറിയുക.
2017 ല്‍ 77 സീറ്റ് നേടിയാണ് കോണ്‍ഗ്രസ് അധികാരത്തിലേറിയത്. 20 സീറ്റ് നേടി ആം ആദ്മി പ്രതിപക്ഷ നേതൃസ്ഥാനത്തെത്തിയപ്പോള്‍ ശിരോമണി അകാലിദളിന് 15 സീറ്റായിരുന്നു ലഭിച്ചത്. ബിജെപി മൂന്ന് സീറ്റും നേടിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.