എല്‍.ടി.ടി.ഇ തിരിച്ചുവരവിന് ശ്രമിക്കുന്നെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്: തമിഴ്‌നാട്ടില്‍ ജാഗ്രത

  എല്‍.ടി.ടി.ഇ തിരിച്ചുവരവിന് ശ്രമിക്കുന്നെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്: തമിഴ്‌നാട്ടില്‍ ജാഗ്രത

ചെന്നൈ: എല്‍ടിടിഇ തിരിച്ചുവരവിന് ശ്രമിക്കുകയാണെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഇന്ത്യയിലെ ബാങ്കുകളിലുള്ള പണം പിന്‍വലിച്ച് പ്രവര്‍ത്തകരെ ഇതിനായി ഏകോപിപ്പിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ കേന്ദ്ര ഏജന്‍സികളും തമിഴ്നാട് പൊലീസിലെ 'ക്യൂ' ബ്രാഞ്ചും നിരീക്ഷണം ശക്തമാക്കി. ശ്രീലങ്കന്‍ സ്വദേശി ഉള്‍പ്പെടെ അഞ്ചുപേര്‍ ചെന്നൈയില്‍ വ്യാജ പാസ്പോര്‍ട്ടുമായി പിടിയിലായ സംഭവത്തിലെ അന്വേഷണം എന്‍ഐഎ ഏറ്റെടുത്തതോടെയാണ് എല്‍ടിടിഇ ബന്ധത്തിന് സൂചന ലഭിച്ചത്.

ആഭ്യന്തര യുദ്ധം അവസാനിച്ച ശ്രീലങ്കയില്‍ എല്‍ടിടിഇ ഏറക്കുറെ നാമാവശേഷമായെങ്കിലും സംഘടനയുടെ അനുഭാവികള്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് എന്‍ഐഎ പറയുന്നത്. തമിഴ് പുലികള്‍ക്കു വേണ്ടി വിദേശ രാജ്യങ്ങളില്‍ നിന്ന് നേരത്തേ സമാഹരിച്ച കോടിക്കണക്കിന് രൂപ ഇന്ത്യയിലെ ബാങ്കുകളില്‍ ഇപ്പോഴുമുണ്ട്. ഈ പണം പിന്‍വലിച്ച് എല്‍ടിടിഇയുടെ പുനരേകീകരണത്തിന് ശ്രമിച്ചവരാണ് വ്യാജ പാസ്പോര്‍ട്ടുമായി അറസ്റ്റിലായതെന്ന് എന്‍ഐഎ പറയുന്നു.

മേരി ഫ്രാന്‍സിസ്‌കയെന്ന ശ്രീലങ്കന്‍ വനിതയെ ചെന്നൈ വിമാനത്താവളത്തില്‍ വെച്ച് കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ കൂട്ടാളികളായ കെന്നിസ്റ്റണ്‍ ഫെര്‍ണാണ്ടോ, കെ ഭാസ്‌കരന്‍, ജോണ്‍സണ്‍ സാമുവല്‍, എല്‍ സെല്ലമുത്തു എന്നിവരും പിന്നാലെ പിടിയിലായി. കഴിഞ്ഞയാഴ്ചയാണ് ഈ കേസ് എന്‍ഐഎ ഏറ്റെടുത്തത്. ശ്രീലങ്കന്‍ പാസ്പോര്‍ട്ടുമായി രണ്ട് വര്‍ഷം മുന്‍പ് ചെന്നൈയിലെത്തിയ മേരി ഫ്രാന്‍സിസ്‌ക വ്യാജ രേഖകള്‍ ഉപയോഗിച്ചാണ് ഇന്ത്യന്‍ പാസ്പോര്‍ട്ട് സമ്പാദിച്ചത്.

എല്‍ടിടിഇക്ക് വേണ്ടി നേരത്തേ പിരിച്ചെടുത്ത ഇന്ത്യയിലെ ബാങ്കുകളില്‍ ബാക്കികിടക്കുന്ന പണം പിന്‍വലിക്കുക എന്നതായിരുന്നു ഇവരുടെ ദൗത്യം. ഒരു ദേശസാല്‍കൃത ബാങ്കിന്റെ മുംബൈ ഫോര്‍ട്ട് ബ്രാഞ്ചിലുള്ള പണം പിന്‍വലിച്ച് കടലാസ് കമ്പനിയിലേക്ക് മാറ്റാന്‍ ഇവര്‍ ശ്രമിച്ചതായി എന്‍ഐഎ കണ്ടെത്തി. നേരത്തെ മറ്റൊരു കേസിന്റെ അന്വേഷണത്തിനിടെ എല്‍ടിടിഇയുടെ മുന്‍ പ്രവര്‍ത്തകന്‍ സല്‍ഗുണന്‍ എന്ന സബേശനെയും ലക്ഷദ്വീപില്‍ വെച്ച് എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു.

പഴയ പ്രവര്‍ത്തകരെ ഏകോപിപ്പിച്ച് എല്‍ടിടിഇയെ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിക്കുന്നവരില്‍ പ്രധാനിയാണ് സബേശനെന്ന് എന്‍ഐഎ കണ്ടെത്തി. തമിഴ്നാട്ടിലെ ചില സന്നദ്ധ സംഘടനകളിലും എല്‍ടിടിഇ അനുഭാവികളുണ്ടെന്നാണ് നിഗമനം. ഇവരെല്ലാം നിരീക്ഷണത്തിലാണെന്നും തീവ്രവാദബന്ധം സ്ഥിരീകരിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും കേന്ദ്ര ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.