ന്യൂയോര്‍ക്ക്: ഉക്രെയ്ന്‍ വിഷയത്തില്‍ പരസ്പരം കൊമ്പു കോര്‍ത്ത് യു. എന്‍ രക്ഷാ സമിതിയില്‍ അമേരിക്കയും റഷ്യയും. ഉക്രെയ്‌ന് മേല്‍ യു.എസ് പരിഭ്രാന്തി പടര്‍ത്തുകയാണെന്ന് റഷ്യ ആരോപിച്ചു. ഉക്രെയ്‌നെ ആക്രമിച്ചാല്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് രക്ഷാസമിതിയില്‍ യു.എസ് പ്രതിനിധി റഷ്യക്ക് മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെയാണ് റഷ്യയുടെ പ്രസ്താവന.
റഷ്യ ആക്രമിക്കാന്‍ വരുന്നെന്ന പരിഭ്രാന്തി സൃഷ്ടിക്കുകയാണ് യു.എസ് ചെയ്യുന്നതെന്ന് റഷ്യന്‍ വക്താവ് ദിമിത്രി പെസ്‌കോവ് ആരോപിച്ചു. അമേരിക്കന്‍ മാധ്യമങ്ങള്‍ ഈയിടെയായി ഉക്രെയ്നിലും അതിനു ചുറ്റുപാടും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് സ്ഥിരീകരിക്കാത്തതും വളച്ചൊടിച്ചതുമായ വിവരങ്ങളാണ് പ്രസിദ്ധീകരിക്കുന്നത്. ഇത് ഉക്രെയ്ന്‍ ജനതയില്‍ വലിയ പരിഭ്രാന്തിയുണ്ടാക്കുന്നു.പലായനം നടത്താന്‍ ജനങ്ങള്‍ ബാഗുകള്‍ പായ്ക്ക് ചെയ്യുന്ന അവസ്ഥവരെ സംഭവിക്കുകയാണ് -പെസ്‌കോവ് പറഞ്ഞു.
യു.എസ് നല്‍കിയ റഷ്യന്‍ ആക്രമണ മുന്നറിയിപ്പിനോട് ഉക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കിക്കുള്ള അഭിപ്രായഭിന്നതയും പെസ്‌കോവ് ചൂണ്ടിക്കാട്ടി. യു.എസ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് റഷ്യ ഔദ്യോഗികമായി തന്നെ മറുപടി നല്‍കി. നേരത്തെ, ഉക്രെയ്ന്‍ വിഷയത്തില്‍ തങ്ങളുടെ നിലപാട് യു.എസ് റഷ്യയെ അറിയിച്ചിരുന്നു. ഇതിനാണ് ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുന്നത്.മേഖലയില്‍ അഭൂതപൂര്‍വമായ സൈനിക വിന്യാസം റഷ്യ നടത്തിയിരിക്കവേ ആക്രമണ ഭീഷണി തന്നെയാണ് നിലനില്‍ക്കുന്നതെന്ന് യു. എന്നിലെ യു.എസ് പ്രതിനിധി ലിന്‍ഡ തോമസ് ഗ്രീന്‍ഫീല്‍ഡ് ചൂണ്ടിക്കാട്ടിയിരുന്നു.
അതിനിടെ, ഉക്രെയ്‌നെ റഷ്യ ആക്രമിക്കുകയാണെങ്കില്‍ ഉപരോധമേര്‍പ്പെടുത്തേണ്ട റഷ്യന്‍ പ്രമുഖരുടെ പട്ടിക യു.എസ് അധികൃതര്‍ തയാറാക്കി. ഉക്രെയ്ന്‍ അതിര്‍ത്തികളില്‍ റഷ്യ സൈനിക വിന്യാസം തുടരുന്ന സാഹര്യത്തിലാണ് നടപടി.ആക്രമണത്തിനാണ് ഉദ്ദേശ്യമെങ്കില്‍ കടുത്ത ഉപരോധമുള്‍പ്പെടെ നടപടികള്‍ നേരിടേണ്ടിവരുമെന്ന് റഷ്യക്ക് യു.എസ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.