കേരളത്തിനും മാതൃകയാക്കാം; ഭക്ഷ്യ മാലിന്യത്തില്‍നിന്ന് വൈദ്യുതിയും സൗന്ദര്യവര്‍ദ്ധക വസ്തുക്കളും; ശ്രദ്ധേയമായി പെര്‍ത്തിലെ സംരംഭം

കേരളത്തിനും മാതൃകയാക്കാം;  ഭക്ഷ്യ മാലിന്യത്തില്‍നിന്ന് വൈദ്യുതിയും സൗന്ദര്യവര്‍ദ്ധക വസ്തുക്കളും; ശ്രദ്ധേയമായി പെര്‍ത്തിലെ സംരംഭം

പെര്‍ത്ത്: കേരളത്തില്‍ കുമിഞ്ഞുകൂടുന്ന മാലിന്യങ്ങള്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുമ്പോള്‍ ഓസ്‌ട്രേലിയയില്‍ മാലിന്യ സംസ്‌കരണത്തിന്റെ അനുകരണീയമായ മാതൃക സൃഷ്ടിക്കുന്ന ഒരു സംരംഭം ശ്രദ്ധേയമാകുന്നു. മലയാളികള്‍ ഏറെയുള്ള പെര്‍ത്തിലാണ് റസ്റ്റോറന്റുകളില്‍നിന്നും വീടുകളില്‍നിന്നും ശേഖരിക്കുന്ന ടണ്‍ കണക്കിന് ഭക്ഷണ അവശിഷ്ടങ്ങള്‍ പുനരുല്‍പാദിപ്പിച്ച് വൈദ്യുതിയാക്കി മാറ്റുന്നത്. ഇതുകൂടാതെ സൗന്ദര്യവര്‍ദ്ധക വസ്തുക്കളും പ്ലാസ്റ്റിക്കും ഇവിടെനിന്ന് ഉല്‍പാദിപ്പിക്കാനുള്ള ഗവേഷണങ്ങളും പുരോഗമിക്കുകയാണ്.

പെര്‍ത്തിലെ ജാണ്ടകോട്ട് എന്ന പ്രദേശത്ത് റിച്ച്ഗ്രോ എന്ന ഫെര്‍ട്ടിലൈസര്‍ കമ്പനി സ്ഥാപിച്ച പ്ലാന്റില്‍ ഓരോ ദിവസവും 100 ടണ്ണിലധികം ഭക്ഷ്യാവശിഷ്ടങ്ങളാണ് സംസ്‌കരിച്ച് വൈദ്യുതിയാക്കി മാറ്റുന്നത്. ഇതിനായി എട്ടു മില്യണ്‍ ഡോളറിന്റെ കൂറ്റന്‍ യന്ത്രസംവിധാനങ്ങളും ഇവിടെയുണ്ട്. 2016-ലാണു പ്ലാന്റ് ആരംഭിച്ചത്.

ചീഞ്ഞളിഞ്ഞ ഭക്ഷണം സൗന്ദര്യവര്‍ദ്ധക വസ്തുക്കളായി മാറ്റുന്ന ഗവേഷണങ്ങള്‍ പെര്‍ത്തിലെ മര്‍ഡോക്ക് യൂണിവേഴ്സിറ്റിയിലാണ് വിജയകരമായി നടന്നത്. സര്‍വകലാശാലയിലെ പി.എച്ച്.ഡി വിദ്യാര്‍ത്ഥിയായ ക്രിസ് ബുല്‍മാനാണ് മാലിന്യത്തില്‍നിന്ന് ഉല്‍പാദിപ്പിക്കപ്പെടുന്ന ലാക്റ്റിക് ആസിഡ് ഉല്‍പാദിപ്പിച്ച് അതുവഴി സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, ഫുഡ് ഫ്‌ളേവറുകള്‍ ഉള്‍പ്പെടെയുള്ള വാണിജ്യ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാമെന്നു കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ ഗവേഷണങ്ങള്‍ നടന്നുവരികയാണ്.


ഭക്ഷ്യ മാലിന്യങ്ങളില്‍നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പെര്‍ത്തിലെ പ്ലാന്റ്

വലിയ ട്രക്കുകളിലാണ് നഗരത്തില്‍നിന്നുള്ള ടണ്‍ കണക്കിന് മാലിന്യങ്ങള്‍ പ്ലാന്റിലേക്കു കൊണ്ടുവരുന്നത്. ഇതു വലിയ യന്ത്രത്തിലേക്കു മാറ്റുന്നു. ഭക്ഷ്യ അവശിഷ്ടങ്ങളല്ലാത്ത മാലിന്യങ്ങള്‍ ആദ്യം നീക്കംചെയ്യുന്നു. തുടര്‍ന്ന് പള്‍പ്പ് രൂപത്തിലാക്കി ഒരു വലിയ ടാങ്കിലേക്ക് നിക്ഷേപിക്കുന്നു. ഈ പ്രക്രിയയ്ക്കിടെയുണ്ടാകുന്ന മീഥെയ്ന്‍ വാതകത്തില്‍നിന്നാണ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്. ഇതു കൂടാതെ ദ്രാവകരൂപത്തിലുള്ള മികച്ച വളവും നിര്‍മിക്കപ്പെടുന്നു.

മാലിന്യ സംസ്‌കരണ പ്രക്രിയയിലാണ് ലാക്റ്റിക് ആസിഡ് ഉത്പാദിപ്പിക്കപ്പെടുന്നത്. ഇത് സൗന്ദര്യവര്‍ദ്ധക വസ്തുക്കളും ബയോ പ്ലാസ്റ്റിക്കും നിര്‍മിക്കാന്‍ ഉപയോഗിക്കാമെന്ന കണ്ടെത്തല്‍ വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.

ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ ഒരു ഭാഗം പ്ലാന്റിന്റെ പ്രവര്‍ത്തനത്തിനു വേണ്ടിയാണ് ഉപയോഗിക്കുന്നത്. ശേഷിക്കുന്ന വൈദ്യുതി പവര്‍ ഗ്രിഡിലേക്കു നല്‍കുന്നു. പ്ലാന്റിലെ ഉപയോഗം കഴിഞ്ഞ് 3,000 വീടുകള്‍ക്ക് ആവശ്യമായ വൈദ്യുതി ലഭിക്കുന്നുണ്ട്.

'പുതിയ കണ്ടെത്തല്‍ പ്ലാന്റിന്റെ പ്രവര്‍ത്തനത്തെ കൂടുതല്‍ ലാഭകരമാക്കുകയും ഭക്ഷ്യ മാലിന്യങ്ങള്‍ പാഴാക്കാതെ വാണിജ്യ മൂല്യമുള്ള ഉല്‍പന്നങ്ങള്‍ നിര്‍മിക്കുകയും ചെയ്യാമെന്ന് ക്രിസ് ബുല്‍മാന്‍ പറഞ്ഞു. നിലവില്‍ ഭക്ഷ്യ മാലിന്യങ്ങള്‍ കുഴിച്ചുമൂടുകയാണ് ചെയ്യുന്നത്. ഇതിനു വലിയ ചെലവുണ്ട്. അതിനുള്ള മികച്ച പോംവഴിയാണ് ഈ ഗ്രീന്‍ എനര്‍ജി സംരംഭം. ഇതുവരെ 43 ടണ്‍ ഭക്ഷ്യാവശിഷ്ടങ്ങളാണ് സംസ്‌കരിച്ച് വൈദ്യുതിയും വളവുമാക്കിയത്.

പഴം, പച്ചക്കറി, അവശിഷ്ടങ്ങള്‍, അറവുശാലകളില്‍ നിന്നുള്ള മാലിന്യങ്ങള്‍, സസ്യാവശിഷ്ടങ്ങള്‍ തുടങ്ങിയവയാണ് പ്രധാനമായും ഉപയോഗിക്കുന്ന ജൈവമാലിന്യങ്ങള്‍.

പാഴാകുന്ന ഭക്ഷണം പാഴ്‌വസ്തുവായി കണക്കാക്കാതെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്ന സന്ദേശമാണ് പെര്‍ത്തിലെ ഈ സംരംഭം നല്‍കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.