കേന്ദ്ര ബജറ്റ് നിരാശജനകം: വന്ദേഭാരത് ട്രെയിനുകളുടെ പശ്ചാത്തലത്തില്‍ സില്‍വര്‍ ലൈനില്‍ നിന്ന് പിന്മാറണമെന്ന് പ്രതിപക്ഷ നേതാവ്

കേന്ദ്ര ബജറ്റ് നിരാശജനകം: വന്ദേഭാരത് ട്രെയിനുകളുടെ പശ്ചാത്തലത്തില്‍ സില്‍വര്‍ ലൈനില്‍ നിന്ന് പിന്മാറണമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കേന്ദ്ര ബജറ്റ് ജനജീവിതം കൂടുതല്‍ ദുസഹമാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സാമ്പത്തികമായ ഇടപെടലുകള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും സാമ്പത്തിക നില ഭദ്രമാണെന്ന തെറ്റായ അവകാശവാദമാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റിലൂടെ നടത്തിയിരിക്കുന്നതെന്ന് വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.

അതേസമയം മൂന്നു വര്‍ഷത്തിനുള്ളില്‍ നാനൂറോളം വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസ് തുടങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേരളത്തിലേക്കും കൂടുതല്‍ സര്‍വീസുകള്‍ കൊണ്ടു വന്ന് സംസ്ഥാനത്തെ തകര്‍ക്കുന്ന സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിന്നും പിന്‍മാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. നികുതി ഭീകരത നടപ്പാക്കിയും പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റു തുലച്ചുമാണ് വരുമാനമുണ്ടാക്കുന്നത്. നോട്ടു നിരോധനവും അശാസ്ത്രീയമായി ജി.എസ്.ടി നടപ്പാക്കിയതു പോലുള്ള തെറ്റായ വഴികളിലൂടെയാണ് ജി.ഡി.പി വര്‍ധനവുണ്ടാക്കിയിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്ത് എല്ലാ രാജ്യങ്ങളുടെയും ജി.ഡി.പി മൈനസിലേക്ക് പോയപ്പോള്‍ മന്‍മോഹന്‍ സിംങ് സര്‍ക്കാര്‍ 3.1 ആയി പിടിച്ചു നിര്‍ത്തിയിരുന്നു. മാത്രമല്ല പേടിഎം പോലുള്ള കമ്പനികളെ പ്രോത്സാഹിപ്പിച്ച് സ്റ്റോക് മാര്‍ക്കറ്റില്‍ കുമിളകളുണ്ടാക്കി നിക്ഷേപകരെ നഷ്ടത്തിലേക്ക് തള്ളിവിടുകയാണ്. അടിസ്ഥാന സൗകര്യ വികസന രംഗത്തെ പ്രഖ്യാപനങ്ങള്‍ പ്രഖ്യാപിച്ചതു പോലെ നടപ്പാക്കാനാകണമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

ജി.എസ്.ടിയില്‍ വന്‍തോതില്‍ വരുമാനം ഉണ്ടാക്കിയിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുമ്പോഴും കേരളത്തില്‍ വരുമാനക്കുറവുണ്ടാകാന്‍ കാരണം സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.