കൊളംബോ :വിദേശനാണ്യ ശേഖരം മെലിഞ്ഞതോടെ രൂക്ഷമായ ഇന്ധന-ഊര്‍ജ്ജ പ്രതിസന്ധി മറികടക്കാന്‍ ശ്രീലങ്കയ്ക്ക് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ കൈത്താങ്ങ്. ഡോളറില്‍ അല്ലാതെ വില വാങ്ങി 40,000 മെട്രിക് ടണ്‍ വീതം പെട്രോളും ഡീസലും ശ്രീലങ്കയ്ക്കു നല്‍കാനാണ് ധാരണയായിട്ടുള്ളത്.
വിദേശനാണ്യ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പ്രാദേശിക സ്ഥാപനവുമായി ശ്രീലങ്ക ചര്‍ച്ച നടത്തുമെന്ന് വൈദ്യുതി മന്ത്രി ഗാമിനി ലോകുഗെ നേരത്തെ പറഞ്ഞിരുന്നു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ (ഐഒസി) ശ്രീലങ്കന്‍ ഉപസ്ഥാപനമായ ലങ്ക ഐഒസി 2002 മുതല്‍ ശ്രീലങ്കയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
40,000 മെട്രിക് ടണ്‍ ഡീസലും 40,000 മെട്രിക് ടണ്‍ പെട്രോളും സംഭരിക്കാന്‍ ഊര്‍ജ മന്ത്രാലയം ഐഒസിയുമായി ചര്‍ച്ച നടത്തിയതായി ശ്രീലങ്കന്‍ കാബിനറ്റ് പ്രസ്താവനയില്‍ അറിയിച്ചു.ഇതനുസരിച്ച് ആദ്യ ഘട്ടമായി 40,000 മെട്രിക് ടണ്‍ ഡീസല്‍ കയറ്റുമതി ചെയ്യാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ സമ്മതിച്ചു.എണ്ണ ചരക്ക് വാങ്ങുന്നതിനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് ഊര്‍ജ മന്ത്രി അവതരിപ്പിച്ച നിര്‍ദ്ദേശത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.ഇറക്കുമതിക്ക് പണം നല്‍കാന്‍ കഴിയാത്തതിനാല്‍ രാജ്യത്ത് ഇന്ധനക്ഷാമം ഉണ്ടാകുമെന്ന് ഊര്‍ജ മന്ത്രി ഉദയ ഗമ്മന്‍പില നേരത്തേ പറഞ്ഞിരുന്നു.
ഇറക്കുമതിക്ക് നല്‍കാനുള്ള ഡോളറിന്റെ അഭാവം മൂലം രാജ്യം മിക്കവാറും എല്ലാ അവശ്യസാധനങ്ങളുടെയും ക്ഷാമം നേരിടുകയാണ്.ടര്‍ബൈനുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ഇന്ധനം സംസ്ഥാന വൈദ്യുതി സ്ഥാപനത്തിന് ലഭിക്കാത്തതിനാല്‍ തിരക്കേറിയ സമയങ്ങളില്‍ പവര്‍ കട്ടും ഏര്‍പ്പെടുത്തുന്നു.വൈദ്യുതി ബോര്‍ഡ് വലിയ തുക അടയ്ക്കാനുള്ളതിനാല്‍ സംസ്ഥാന ഇന്ധന സ്ഥാപനം എണ്ണ വിതരണം നിര്‍ത്തിവച്ചു. ക്രൂഡ് ഇറക്കുമതിക്ക് ഡോളര്‍ നല്‍കാനാകാതെ ഏക റിഫൈനറി അടുത്തിടെ അടച്ചുപൂട്ടി.
കരുതല്‍ ശേഖരം കുറഞ്ഞതോടെ ശ്രീലങ്ക ഇപ്പോള്‍ കടുത്ത വിദേശനാണ്യ പ്രതിസന്ധിയിലാണ്. കഴിഞ്ഞ മാസം, ശ്രീലങ്കയ്ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ ഒരു ബില്യണ്‍ ഡോളര്‍ സഹായ പാക്കേജ് പ്രഖ്യാപിച്ചിരുന്നു .ഇത് ഭക്ഷ്യപ്രതിസന്ധി ഒഴിവാക്കാന്‍ ഉപയോഗിക്കും. മരുന്നുകളുടെ ഇറക്കുമതിക്കും അനുവദിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.