തിരുവനന്തപുരം: ജനവാസകേന്ദ്രത്തിലെത്തുന്ന പാമ്പുകളെ സുരക്ഷിതമായി അവയുടെ ആവാസ വ്യവസ്ഥയിലെത്തിക്കാനും പൊതുജനങ്ങള്‍ക്ക് സുരക്ഷയൊരുക്കാനുമായി വനംവകുപ്പ് ആവിഷ്‌കരിച്ച 'സര്‍പ്പ' ആപ്പ് (സ്നേക്ക് അവയര്‍നെസ് റെസ്‌ക്യൂ ആന്‍ഡ് പ്രൊട്ടക്ഷന്‍ ആപ്ലിക്കേഷന്‍) ശ്രദ്ധേയമാകുന്നു.
അപകടകാരികളായ പാമ്പുകളെ കണ്ടാല്‍ ഉടന്‍ വനം വകുപ്പിനെ അറിയിക്കണമെന്നും വളരെ പെട്ടന്ന് ഏറ്റവും അടുത്തുള്ള പരിശീലനം ലഭിച്ച പാമ്പ് രക്ഷകന്‍ നിങ്ങളുടെ വീട്ടിലെത്തുമെന്നാണ് വനം വകുപ്പ് അറിയിച്ചിരിക്കുന്നത്. കൂടാതെ സന്നദ്ധപ്രവര്‍ത്തകരുടെ രക്ഷാപ്രവര്‍ത്തനം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായി നിരീക്ഷിക്കുന്നതിനും ആപ്പില്‍ സംവിധാനമുണ്ട്.
അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടേണ്ട നമ്പറുകള്‍, പാമ്പു കടിയേറ്റാല്‍ ചികിത്സ ലഭ്യമാവുന്ന ആശുപത്രികളുടെ ഫോണ്‍ നമ്പര്‍ സഹിതമുളള വിവരങ്ങള്‍, പരിശീലനം ലഭിച്ച പാമ്പു പിടുത്ത പ്രവര്‍ത്തകര്‍, അതത് സ്ഥലങ്ങളില്‍ ഇതു സംബന്ധിച്ച ചുമതലയുള്ള ഉദ്യോഗസ്ഥരുടെ നമ്പരുകള്‍, അടിയന്തര ഘട്ടങ്ങളില്‍ ചെയ്യേണ്ട കാര്യങ്ങള്‍, കേരളത്തിലെ പാമ്പുകളെ കുറിച്ചുള്ള വിവരങ്ങള്‍ എന്നിവയും ആപ്പില്‍ ലഭ്യമാണ്.
പാമ്പുകളെ കൊല്ലാതിരിക്കാനും അതുവഴി പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനുമായാണ് വനംവകുപ്പ് പുതിയ ഉദ്യമത്തിന് തുടക്കമിട്ടത്. അടുത്തിടെ വനപാലകര്‍ക്കും പൊതുജനങ്ങള്‍ക്കും പാമ്പുപിടിത്തത്തില്‍ വനംവകുപ്പ് പരിശീലനം നല്‍കിയിരുന്നു. പരിശീലനം ലഭിച്ചവര്‍ക്ക് പാമ്പിനെ പിടിക്കുന്നതിനുള്ള അനുമതിയും വകുപ്പ് നല്‍കിയിട്ടുണ്ട്.
പാമ്പിനെ കണ്ടാല്‍ അവയുടെ ഫോട്ടോയും ഇരിക്കുന്ന സ്ഥലവും സംബന്ധിച്ച വിവരം ആപ്പിലേക്ക് കൈമാറാം. പാമ്പിനെ പിടിക്കുന്നതിന് പൊതുജനങ്ങള്‍ പണമൊന്നും നല്‍കേണ്ടതില്ല. ആപ്പിന്റെ പ്രവര്‍ത്തനം താമസിയാതെ കേരളം മുഴുവന്‍ വ്യാപിപ്പിക്കും. പ്ലേസ്റ്റോറില്‍ നിന്ന് 'സര്‍പ്പ' എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ആര്‍ക്കും പാമ്പു സംരക്ഷണത്തില്‍ പങ്കാളിയാകാം.
പൊതുയിടങ്ങളില്‍ കാണുന്ന പാമ്പുകളില്‍ ഭൂരിഭാഗത്തെയും കൊല്ലുന്ന സ്ഥിതിയാണ് ഇപ്പോഴുളളത്. പലയിനം പാമ്പുകളും നാശത്തിന്റെ വക്കിലാണ്. ഇതെല്ലാം കണക്കിലെടുത്താണ് വനം വകുപ്പിന്റെ പുതിയ നടപടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.