പെര്‍ത്ത്: നികുതി ദായകരുടെ പണം വകമാറ്റി ലൈംഗികത്തൊഴിലാളിക്കു നല്‍കിയ പെര്‍ത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കോടതിയില്‍ കുറ്റം സമ്മതിച്ചു. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ റാവന്‍തോര്‍പ്പ് ഷയര്‍ മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഗാവിന്‍ പൊള്ളോക്ക് ആണ് നികുതിപ്പണം വെട്ടിച്ച് ലൈംഗികത്തൊഴിലാളിക്ക് നല്‍കിയതായി സമ്മതിച്ചത്. ഇത്തരത്തില്‍ വന്‍ തുകയാണ് സ്വന്തം ലൈംഗികാവശ്യങ്ങള്‍ക്കായി ഇയാള്‍ ചെലവഴിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയത്.
പെര്‍ത്ത് മജിസ്ട്രേറ്റ് കോടതിക്കു മുന്‍പാകെയാണ് ഗാവിന്‍ പൊള്ളോക്ക് കുറ്റസമ്മതം നടത്തിയത്. ഇയാള്‍ക്കെതിരേ ഏഴ് അഴിമതി ആരോപണങ്ങളാണ് നിലവിലുള്ളത്. ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന അഴിമതികളാണ് ഉദ്യോഗസ്ഥന്‍ നടത്തിയിരിക്കുന്നത്. ജാമ്യത്തില്‍ പുറത്തിറങ്ങിയ ഗാവിന്‍ പൊള്ളോക്ക് ഏപ്രിലില്‍ വീണ്ടും കോടതില്‍ ഹാജരാകണം.
കൗണ്‍സില്‍ തുകയില്‍നിന്ന് ഏകദേശം 55,000 ഓസ്‌ട്രേലിയന്‍ ഡോളറാണ് ഇയാള്‍ ലൈംഗികത്തൊഴിലാളിക്ക് 'പാരിതോഷികമായി' നല്‍കിയത്. ഈ വഴിവിട്ട ഇടപാട് മറച്ചുവെക്കാന്‍ പൊള്ളോക്ക് വ്യാജ ഇന്‍വോയ്സുകള്‍ സൃഷ്ടിച്ചതായി അന്വേഷണത്തില്‍ അഴിമതി, ക്രൈം കമ്മിഷന്‍ (സി.സി.സി) കണ്ടെത്തി. കുറ്റം ചെയ്തതായി ശക്തമായ തെളിവുകള്‍ ലഭിച്ചതിനെതുടര്‍ന്നാണ് പൊള്ളോക്കിനെതിരെ കേസെടുത്തത്.
പൊള്ളോക്ക് വര്‍ഷങ്ങളായി ലൈംഗികത്തൊഴിലാളിയുടെ ക്ലയന്റായിരുന്നുവെന്ന് സി.സി.സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2020 മാര്‍ച്ച് മുതലാണ് കൗണ്‍സില്‍ തുക ഇവര്‍ക്കു വേണ്ടി വകമാറ്റി ചെലവഴിച്ചു തുടങ്ങിയത.
'ഓപ്പറേഷന്‍ ബ്രാസ്' എന്ന് പേരിട്ട അന്വേഷണത്തില്‍, റാവന്‍തോര്‍പ്പ് ഷയറിലെ ഓഫീസുകളില്‍ കഴിഞ്ഞ വര്‍ഷം നടത്തിയ റെയ്ഡില്‍ പൊള്ളോക്ക് ഉപയോഗിച്ച ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുത്തിരുന്നു.
പൊള്ളോക്ക് തന്റെ ഓഫീസ് കമ്പ്യൂട്ടറില്‍ വ്യാജമായി ഇന്‍വോയ്സുകള്‍ സൃഷ്ടിക്കുകയും അവ ഉപയോഗിച്ച് പര്‍ച്ചേസ് ഓര്‍ഡറുകള്‍ തയ്യാറാക്കുകയും 12 മാസത്തിനുള്ളില്‍ ഏഴ് പേയ്മെന്റുകള്‍ക്ക് അംഗീകാരം നല്‍കുകയും ചെയ്തതായി സി.സി.സി കണ്ടെത്തി.
വീണ്ടും 13,530 ഡോളറിന്റെ രണ്ട് ഇന്‍വോയ്സുകള്‍ കൂടി തയ്യാറാക്കിയതായി അന്വേഷണത്തില്‍ കണ്ടെത്തി. എന്നാല്‍ അവ നല്‍കുന്നതിനു മുന്‍പ് തടയാന്‍ അന്വേഷണ കമ്മിഷനു കഴിഞ്ഞു. ആരോപണങ്ങള്‍ തെളിവു സഹിതം കോടതിയില്‍ ഹാജരാക്കിയതോടെ പൊള്ളോക്ക് കുറ്റം സമ്മതിക്കുകയായിരുന്നു.
2019 ഫെബ്രുവരിയിലാണ് റാവന്‍സ്തോര്‍പ്പ് ഷയര്‍ ചീഫ് എക്സിക്യൂട്ടീവായി പൊള്ളോക്ക് നിയമിതനായത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ കമ്മിഷന്റെ അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന പാര്‍ലമെന്റില്‍ അവതരിപ്പിച്ചതിന് പിന്നാലെ ഇയാളെ പുറത്താക്കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.