ഓസ്‌ട്രേലിയയില്‍ കോവിഡ് ബാധിച്ച് 10 വയസില്‍ താഴെയുള്ള കുട്ടി മരിച്ചു

ഓസ്‌ട്രേലിയയില്‍ കോവിഡ് ബാധിച്ച് 10 വയസില്‍ താഴെയുള്ള കുട്ടി മരിച്ചു

ബ്രിസ്ബന്‍: ഓസ്‌ട്രേലിയയിലെ ക്വീന്‍സ് ലന്‍ഡ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് 10 വയസില്‍ താഴെയുള്ള കുട്ടി മരിച്ചു. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ച ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണിത്. ഇതുള്‍പ്പെടെ 16 കോവിഡ് മരണങ്ങളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. 9,630 പേര്‍ക്ക് ഇന്നലെ രോഗബാധ സ്ഥിരീകരിച്ചു.

കുട്ടിക്ക് അപൂര്‍വവും ഗുരുതരവുമായ ജനിതക രോഗാവസ്ഥ ഉണ്ടായിരുന്നുവെന്ന് ചീഫ് ഹെല്‍ത്ത് ഓഫീസര്‍ ഡോ. ജോണ്‍ ജെറാര്‍ഡ് പറഞ്ഞു. 16 പേര്‍ മരിച്ചതില്‍ രണ്ടു പേര്‍ക്ക് കോവിഡ് ബൂസ്റ്റര്‍ ഡോസും ലഭിച്ചിരുന്നു.

ക്വീന്‍സ് ലന്‍ഡ് പ്രീമിയര്‍ അന്നസ്റ്റാസിയ പലാസ്സുക്ക് കുട്ടിയുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു.

'കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ആദ്യമായി ഒരു പിഞ്ചു കുഞ്ഞ് മരിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്യേണ്ടിവരുന്നത് ഏറെ സങ്കടകരമായ അവസ്ഥയാണെന്ന് പ്രീമിയര്‍ പറഞ്ഞു. കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ വൈകരുതെന്ന് മാതാപിതാക്കളോട് പ്രീമിയര്‍ അഭ്യര്‍ത്ഥിച്ചു.

അഞ്ച് മുതല്‍ 11 വയസ് വരെ പ്രായമുള്ള 35 ശതമാനം കുട്ടികള്‍ക്കാണ് വാക്‌സിന്‍ ലഭിച്ചിട്ടുള്ളത്. 12-നും 15-നും ഇടയില്‍ പ്രായമുള്ള 75.5 ശതമാനം പേര്‍ക്ക് ഒരു ഡോസും 67.54 ശതമാനം പേര്‍ക്ക് രണ്ട് ഡോസും ലഭിച്ചിട്ടുണ്ട്.

16 മരണങ്ങളില്‍ ഏഴു പേര്‍ വയോജന പരിചരണ കേന്ദ്രങ്ങളില്‍ കഴിഞ്ഞിരുന്നവരാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കുട്ടി ഒഴിച്ച് മരിച്ചവരെല്ലാം അന്‍പതിനും തൊണ്ണൂറിനും ഇടയില്‍ പ്രായമുള്ളവരാണ്. ഇതില്‍ ആറ് പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടില്ല.

നിലവില്‍ 764 പേര്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. 49 പേര്‍ തീവ്രപരിചരണ വിഭാഗത്തിലും 23 പേര്‍ വെന്റിലേറ്ററിലുമാണ്. കഴിഞ്ഞ ദിവസങ്ങളിലെ ആശുപത്രി കണക്കുകളേക്കാള്‍ കുറവാണിത്. ഇത് ആശ്വാസകരമാണെന്നു ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഡിസംബര്‍ 13-നു ശേഷം സംസ്ഥാനത്ത് 219 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26