ലാഹോര്‍: ബോംബുമായെത്തിയ ഭീകരനില്‍ നിന്നു സഹ വിശ്വാസികളെ സംരക്ഷിക്കുന്നതിനിടെ രക്തസാക്ഷിത്വം വരിച്ച ആകാശ് ബഷീര്‍ എന്ന പാകിസ്ഥാനി യുവാവിനെ വിശുദ്ധ പദവിയിലേക്കുയര്‍ത്തുന്നതിനുള്ള ആദ്യ നിര്‍ണായക ഘട്ടം കടന്നു; വത്തിക്കാന്റെ അംഗീകാരത്തോടെ 'ദൈവ ദാസന്‍ ' ആയി നാമകരണം ചെയ്തതായി ലാഹോര്‍ ആര്‍ച്ച്ബിഷപ്പ് സെബാസ്റ്റ്യന്‍ ഷാ പ്രഖ്യാപിച്ചു. ആകാശ് ബഷീന്റെ ജീവിതവും ജീവത്യാഗവും സൂക്ഷ്മമായി പരിശോധിച്ചുള്ള നടപടിയാണിതെന്ന് ആര്‍ച്ച്ബിഷപ്പ് പറഞ്ഞു.
2015 മാര്‍ച്ച് 15-ന് ലാഹോറിലെ സെന്റ് ജോണ്‍സ് പള്ളിയില്‍ ചാവേര്‍ സ്ഫോടനം നടത്താന്‍ ശ്രമിച്ചവരെ തടയുന്നതിനിടെയാണ് 20 വയസ്സുള്ള ആകാശ് ബഷീര്‍ കൊല്ലപ്പെട്ടത്. ഡോണ്‍ ബോസ്‌കോ ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥിയായിരുന്ന ആകാശ് സന്നദ്ധ സേവകനായാണ് സ്ഥലത്തുണ്ടായിരുന്നത്.'ഞാന്‍ മരിക്കും, പക്ഷേ ഞാന്‍ നിങ്ങളെ അകത്തേക്ക് കടക്കാന്‍ അനുവദിക്കില്ല': സ്ഫോടക വസ്തു കയ്യിലേന്തിയ തീവ്രവാദിയെ തടയവേ ആകാശ് പറഞ്ഞതിങ്ങനെ. അക്രമി ഉടന്‍ ഒരു ബോംബ് പൊട്ടിച്ചതോടെ ഇരുവരും കൊല്ലപ്പെട്ടു.
വിശ്വാസി സമൂഹത്തെ നേരിട്ട് ആക്രമിക്കാനുള്ള നീക്കം തടയാന്‍ കഴിഞ്ഞിരുന്നില്ലെങ്കില്‍ ദുരന്തം കൂടുതല്‍ തീവ്രമാകുമായിരുന്നു. ആയിരത്തിലധികം വിശ്വാസികള്‍ സമ്മേളിച്ച സമയത്തായിരുന്നു സായുധ തീവ്രവാദിയെത്തിയത്. ചര്‍ച്ച് ഓഫ് പാക്കിസ്ഥാന്റെ ക്രൈസ്റ്റ് ചര്‍ച്ചിലും ഇതോടൊപ്പം ആക്രമണം നടന്നു.രാജ്യത്തെ ഏറ്റവും വലിയ ക്രിസ്ത്യന്‍ കൂട്ടായ്മയുടെ കേന്ദ്രങ്ങളാണ് ലാഹോറില്‍ സ്ഥിതി ചെയ്യുന്ന ഈ പള്ളികള്‍. 17 പേര്‍ കൊല്ലപ്പെടുകയും 70 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ആക്രമണങ്ങളുടെ ഉത്തരവാദിത്തം പിന്നീട് തീവ്രവാദ ഗ്രൂപ്പായ തെഹ്രീകെ താലിബാന്‍ പാകിസ്ഥാന്‍ ജമാത്തുല്‍ അഹ്റാര്‍ (ടിടിപി-ജെഎ) ഏറ്റെടുത്തു.
കഴിഞ്ഞ നവംബറിലാണ് ആകാശ് ബഷീറിന്റെ രക്തസാക്ഷിത്വവുമായി ബന്ധപ്പെട്ട അനന്തര നടപടികള്‍ക്കു തുടക്കം കുറിക്കാന്‍ ലാഹോര്‍ അതിരൂപതയെ വത്തിക്കാന്‍ അധികാരപ്പെടുത്തിയത്. ദൈവ ദാസനായി ആകാശ് പ്രഖ്യാപിക്കപ്പെട്ടതിനെപ്പറ്റി ലാഹോര്‍ അതിരൂപതാ വികാരി ജനറല്‍ ഫാ. ഫ്രാന്‍സിസ് ഗുല്‍സാര്‍ പ്രതികരിച്ചു: 'പാകിസ്ഥാനിലെ കത്തോലിക്കാ സഭയുടെ മഹത്തായ ദിവസമാണിത്. സെന്റ് ജോണ്‍സ് കത്തോലിക്കാ പള്ളിയിലെ ക്രിസ്ത്യന്‍ സമൂഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ ആകാശ് തന്റെ ജീവന്‍ ഒരു ത്യാഗമായി സമര്‍പ്പിച്ചു. ദൈവ ദാസ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട ആദ്യത്തെ പാകിസ്ഥാന്‍ ക്രിസ്ത്യാനി്.'
മുന്‍കൂട്ടി കണ്ട രക്തസാക്ഷിത്വം
ഇത് ഞങ്ങള്‍ക്ക് വളരെ വലിയ ബഹുമതിയാണ്. നമ്മുടെ രാജ്യത്തെ ക്രിസ്ത്യന്‍ വിശ്വാസത്തിന്റെ ശക്തിയെയാണ് ആകാശ് ഉദാഹരിക്കുന്നത്. വിശുദ്ധപദവിയിലേക്കുള്ള എല്ലാ ചുവടുകളും കൃത്യമാകാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു- ആകാശ് ബഷീറിന്റെ പിതാവ് ബഷീര്‍ ഇമ്മാനുവല്‍ പറഞ്ഞു. തന്റെ മകന്‍ 2014 നവംബര്‍ മുതലാണ് അവരുടെ പള്ളിയിലെ വോളണ്ടിയര്‍ സെക്യൂരിറ്റി ഗാര്‍ഡ് ആയി സേവനം തുടങ്ങിയതെന്ന് ബഷീറിന്റെ അമ്മ നാസ് ബാനോ ഓര്‍മ്മിച്ചു.
2013-ല്‍ പെഷവാര്‍ സിറ്റിയിലെ ഓള്‍ സെയിന്റ്സ് പള്ളിയില്‍ നടന്ന ചാവേര്‍ ബോംബ് ആക്രമണത്തെ തുടര്‍ന്നാണ്് ഇപ്രകാരം യുവാക്കളെ സെക്യൂരിറ്റി ഗാര്‍ഡ് ആയി റിക്രൂട്ട് ചെയ്തു തുടങ്ങിയത്. 'ആകാശ് തന്റെ സുഹൃത്തുക്കളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യാറുണ്ടായിരുന്നു, പള്ളിക്ക് കാവല്‍ വേണമെന്ന് മൂന്ന് മാസമായി അവന്‍ പറഞ്ഞുകൊണ്ടിരുന്നു. മറ്റുള്ളവരെ സംരക്ഷിക്കാന്‍ ദൈവം അവസരം നല്‍കിയാല്‍ ജീവന്‍ ത്യജിക്കാന്‍ തയ്യാറാണെന്നും പറഞ്ഞു.'
അവന്‍ മരിച്ച ദിവസം സ്‌ഫോടനങ്ങള്‍ കേട്ടത് അവര്‍ ഓര്‍ക്കുന്നു.'തെരുവുകള്‍ ആളുകളെക്കൊണ്ട് നിറഞ്ഞിരുന്നു.രണ്ടാം സ്‌ഫോടനം കേട്ട്, ഞാന്‍ എന്റെ ഇളയ മകനുമായി പള്ളിക്കകത്തേക്ക് ഓടി. പിന്നീട് പള്ളിയുടെ ഗേറ്റിന് സമീപം നില്‍ക്കുന്ന ആണ്‍കുട്ടികള്‍ക്കിടയില്‍ ഞാന്‍ ആകാശിനെ തിരഞ്ഞു. എന്നാല്‍ അവന്‍ മണ്ണില്‍ കിടക്കുകയായിരുന്നു. വലതുകൈ ഏറെക്കുറെ മുറിഞ്ഞ നിലയിലായിരുന്നു. എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഇന്ന്, മറ്റൊരു മകനായ അര്‍സലന്‍ ഇപ്പോള്‍ അവന്റെ സഹോദരന്റെ സ്ഥാനത്ത് പള്ളിക്ക് കാവല്‍ നില്‍ക്കുന്നു.'
'ഞങ്ങള്‍ അവനെ തടഞ്ഞില്ല. സഭയെ സേവിക്കുന്നതില്‍ നിന്ന് മക്കളെ നമുക്ക് തടയാനാവില്ല. അത് അവരുടെ ഇഷ്ടമാണ്'. 'എന്റെ ഹൃദയത്തിന്റെ ഭാഗം' എന്നാണ് നാസ് ബാനോ തന്റെ മകന്‍ ആകാശിനെ വിശേഷിപ്പിച്ചത്. 'ഇപ്പോള്‍ ഞങ്ങളുടെ സന്തോഷം സങ്കടത്തേക്കാള്‍ അധികമാണ്. കര്‍ത്താവിന്റെ പാതയില്‍ മരിക്കുകയും പുരോഹിതനെയും ആരാധകരെയും രക്ഷിക്കുകയും ചെയ്ത ഒരു എളിമയുള്ള ബാലനായിരുന്നു അവന്‍. ആളുകള്‍ അവനെ സ്‌നേഹിക്കുന്നു. ആകാശ് ഇതിനകം ഞങ്ങളുടെ വിശുദ്ധനാണ്.'
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26