ജോണ്‍ ഡി ബ്രിട്ടോ: ചുവന്ന മണ്ണിന്റെ വിശുദ്ധന്‍

ജോണ്‍ ഡി ബ്രിട്ടോ: ചുവന്ന മണ്ണിന്റെ വിശുദ്ധന്‍

അനുദിന വിശുദ്ധര്‍ - ഫെബ്രുവരി 04

പ്രേഷിത വഴിയില്‍ ഭാരതത്തില്‍ വച്ച് രക്തസാക്ഷിത്വം വരിച്ച ചുരുക്കം വിശുദ്ധരില്‍ ഒരാളാണ് ജോണ്‍ ഡി ബ്രിട്ടോ. ഡോണ്‍ സാല്‍വദോര്‍ ഡി ബ്രിട്ടോയുടെയും ഡോണ ബിയാട്രിക് പെരേരയുടെയും മകനായി പോര്‍ച്ചുഗലിലെ ലിസ്ബണില്‍ ജനിച്ചു.

ജോണ്‍ ഹെക്ടര്‍ ഡി ബ്രിട്ടോ എന്നായിരുന്നു മുഴുവന്‍ പേര്. പിതാവ് ബ്രഗാന്‍സയിലെ പ്രഭുവിന്റെ അശ്വസൈന്യ മേധാവിയായിരുന്നു. ക്രിസ്റ്റബോള്‍ ഹെക്ടര്‍, ഫെര്‍ണാണ്ടോ പെരേര എന്നിവരായിരുന്നു സഹോദരന്മാര്‍. ഈശോസഭ വൈദികര്‍ നടത്തിയിരുന്ന ലിസ്ബണിലെ വിശുദ്ധ അന്തോനീസിന്റെ നാമത്തിലുള്ള സര്‍വകലാശാലയിലാണ് ജോണ്‍ പഠനം പൂര്‍ത്തിയാക്കിയത്.

ഈശോസഭയിലെ വൈദികപട്ടം ലഭിക്കുന്ന കാലയളവില്‍ സെന്റ് ആന്റണീസ് കോളേജില്‍ തത്ത്വശാസ്ത്ര അധ്യാപകനായിരുന്നു. വൈദികനായി പട്ടം കിട്ടിയതിനുശേഷം ഒരു മിഷനറിയാവുക എന്ന തന്റെ അഭിലാഷം ഈശോ സഭയിലെ സുപ്പീരിയറിനെ അറിയിക്കുകയായിരുന്നു. തന്റെ പ്രവര്‍ത്തന മേഖല ഭാരതമായിരിക്കണം എന്നും അതിയായി ആഗ്രഹിച്ചിരുന്നു.

തുടക്കത്തില്‍ ഗോവയിലും കേരളത്തിന്റെ തീര ദേശങ്ങളിലും മിഷനറിയായി എത്തിയിരുന്നുവെങ്കിലും തമിഴ് നാട്ടിലെ മധുര മിഷന്‍ സ്ഥിര പ്രവര്‍ത്തന മണ്ഡലമായി തെരഞ്ഞെടുത്തു. കന്യാകുമാരി മുതല്‍ മദ്രാസ് പ്രസിഡന്‍സി ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ വരെ മധുര മിഷന്‍ പ്രവര്‍ത്തന മേഖലയായിരുന്നു. അക്കാലത്തെ ക്രിസ്തുമത പ്രചാരകരില്‍ നിന്ന് വ്യത്യസ്തനായി ഹൈന്ദവ സന്യാസിമാരെ അനുകരിച്ചാണ് ജോണ്‍ ഡി ബ്രിട്ടോ പ്രവര്‍ത്തിച്ചത്.

കാഷായ വേഷം ധരിക്കുകയും സസ്യഭുക്കാകുകയും ചെയ്തു അദ്ദേഹം. 'അരുള്‍ ആനന്ദര്‍' എന്ന പേരു സ്വീകരിക്കുകയും ചെയ്തു. അങ്ങനെ സമൂഹത്തില്‍ തിരസ്‌കൃതരായിപ്പോയ നിരവധിയാളുകളെ അദ്ദേഹത്തിന് ആകര്‍ഷിക്കാനായി. രാമനാട്ടു രാജ്യത്തു നിന്ന് നിഷ്‌കാസിതരായ ഏതാനും രാജകുടുംബാംഗങ്ങളും ക്രിസ്തുമതാനുയായികളായിത്തീര്‍ന്നു.

ഇതേ തുടര്‍ന്ന് ജോണ്‍ ഡി ബ്രിട്ടോ തടവിലാക്കപ്പെടുകയും വധശിക്ഷയ്ക്കു വിധിക്കപ്പെടുകയും ചെയ്തു. 1693 ഫെബ്രുവരി നാലിന് ഓരിയൂരില്‍ സഭയ്ക്കു വേണ്ടി തലയറുക്കപ്പെട്ട് രക്തസാക്ഷിയായി. അദ്ദേഹത്തിന്റെ പേരില്‍ അതേ സ്ഥലത്തുതന്നെ ഒരു ദേവാലയം നിര്‍മ്മിക്കപ്പെട്ടു.

ഓരിയൂരിലെ മണ്ണിന്റെ ചുവന്ന നിറം ജോണ്‍ ഡി ബ്രിട്ടോയുടെ രക്തം ചിന്തി വന്നതാണെന്ന് ഒരു പ്രബലമായ വിശ്വാസം അന്നാട്ടുകാര്‍ക്കുണ്ട്. അതിനാല്‍ ചുവന്ന മണ്ണിന്റെ വിശുദ്ധന്‍ എന്നും ജോണ്‍ ഡി ബ്രിട്ടോ അറിയപ്പെടുന്നു. 1947 ജൂണ്‍ 22 നാണ് അദ്ദേഹം വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നത്.

ഇന്നത്തെ ഇതര വിശുദ്ധര്‍

3. ഇംഗ്ലണ്ടിലെ അല്‍ഡെയിറ്റ്

4. ശാര്‍ത്രേയിലെ അവെന്തിനൂസ്

1. കര്‍മ്മലീത്താ സഭയിലെ ആന്‍ഡ്രൂ കൊരസീനി

2. മധ്യ ഇറ്റലിയിലെ അക്വിലിന്നൂസ്, ജെമിനൂസ്, ജെലാസിയൂസ്, മാഞ്ഞൂസ്, ഡൊണാത്തൂസ്.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയിലെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.






വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26