ദേവാലയങ്ങളില്‍ ഞായറാഴ്ച ആരാധനയ്ക്ക് അനുമതി: സ്‌കൂളുകള്‍ ഫെബ്രുവരി 14 ന് തുറക്കും; കോളേജുകള്‍ ഏഴ് മുതല്‍

ദേവാലയങ്ങളില്‍ ഞായറാഴ്ച ആരാധനയ്ക്ക് അനുമതി: സ്‌കൂളുകള്‍ ഫെബ്രുവരി 14 ന് തുറക്കും;  കോളേജുകള്‍ ഏഴ് മുതല്‍

തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഞായറാഴ്ച നിയന്ത്രണം തുടരുമെങ്കിലും ആരാധനാലയങ്ങളില്‍ 20 പേരെ പങ്കെടുപ്പിച്ച് തിരുക്കര്‍മ്മങ്ങള്‍ നടത്താന്‍ അനുമതി.

ഞായറാഴ്ച ആരാധനാലയങ്ങളില്‍ വിശ്വാസികളെ പങ്കെടുപ്പിച്ചു കൊണ്ട് വിശുദ്ധ കുര്‍ബാന അടക്കമുള്ള തിരുക്കര്‍മ്മങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതിനെതിരെ ക്രൈസ്തവ സഭാ മേലധ്യക്ഷന്‍മാര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.

കോവിഡ് മൂന്നാം തരംഗ ഭീഷണിയെ തുടര്‍ന്ന് അടച്ചിട്ട സ്‌കൂളുകള്‍ വീണ്ടും തുറക്കാനും ഇന്ന് ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായി. ഈ മാസം 14 മുതലാണ് തുറക്കുക. കോളേജുകള്‍ ഏഴ് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഒന്ന് മുതല്‍ ഒമ്പത് വരെ ക്ലാസുകളായിരുന്നു അടച്ചിട്ടിരുന്നത്. കോവിഡ് വ്യാപനം അതിതീവ്രമായതിനെ തുടര്‍ന്ന് ജനുവരി 21 മുതലാണ് രണ്ടാഴ്ചത്തേക്ക് സ്‌കൂളുകള്‍ അടക്കാന്‍ തീരുമാനിച്ചത്. കോവിഡ് രൂക്ഷത കുറയാത്തതിനെ തുടര്‍ന്ന് ഇത് കുറച്ച് ദിവസം കൂടി നീണ്ടു. വ്യാപനം താഴ്ന്ന് വരുന്ന സാഹചര്യത്തിലാണ് സ്‌കൂളുകള്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാന്‍ കോവിഡ് അവലോകന യോഗത്തില്‍ തീരുമാനമായത്.

കടുത്ത നിയന്ത്രണമുള്ള സി വിഭാഗത്തില്‍ ഇപ്പോള്‍ കൊല്ലം ജില്ല മാത്രമാണുള്ളത്. കേരളത്തിലും മിസോറാമിലും കോവിഡ് പൊസിറ്റിവിറ്റി നിരക്ക് കൂടുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ ആശങ്ക അറിയിച്ചിരുന്നു. കേരളത്തിലെ ടിപിആര്‍ മൂന്നാഴ്ചയ്ക്കിടെ 13.3 ശതമാനത്തില്‍ നിന്ന് 47 ശതമാനമായി ഉയര്‍ന്നുവെന്ന് കേന്ദ്രം പറയുന്നു. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണം കര്‍ശനമാക്കാനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.