രണ്ട് ഗ്രാമിന്റെ സ്വര്‍ണം, റിവോള്‍വര്‍, റൈഫിള്‍; യോഗിയുടെ സ്വത്ത് വിവരം ഇങ്ങനെ

രണ്ട് ഗ്രാമിന്റെ സ്വര്‍ണം, റിവോള്‍വര്‍, റൈഫിള്‍; യോഗിയുടെ സ്വത്ത് വിവരം ഇങ്ങനെ

ലക്‌നൗ: നിയമസഭയിലേക്ക് മത്സരിക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വെള്ളിയാഴ്ചയാണ് നാമനിര്‍ദേശ പത്രിക നല്‍കിയത്. ഗോരഖ്പൂര്‍ സിറ്റി മണ്ഡലത്തില്‍ നിന്നാണ് യോഗി ഉത്തര്‍പ്രദേശ് നിയമസഭയിലേക്ക് മത്സരിക്കുന്നത്. നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം തന്റെ സ്വത്ത് വിവരങ്ങളും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി സമര്‍പ്പിച്ചിട്ടുണ്ട്. ഇത് പ്രകാരം യോഗിയുടെ 2020-21 സാമ്പത്തിക വര്‍ഷത്തെ മൊത്തം വരുമാനം 13,20,653 രൂപയാണ്.

ആകെ യോഗിയുടെ സ്വത്തുക്കളുടെ മൂല്യം 1.54 കോടി വരും. ഇതില്‍ ആറോളം ബാങ്ക് അക്കൗണ്ടിലെ ക്യാഷ് ബാലന്‍സും വരും. സാംസങിന്റെ 12,000 രൂപ വിലയുള്ള ഫോണാണ് യോഗി ഉപയോഗിക്കുന്നത്. കാര്‍ഷിക ഭൂമിയോ മറ്റ് ഇതര ഭൂമിയോ വാഹനമോ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ പേരില്‍ ഇല്ല. അതേസമയം കട ബാധ്യതകളും സ്വന്തം പേരില്‍ ഇല്ലെന്ന് യോഗി സത്യവാങ്മൂലത്തില്‍ പറയുന്നു.

കണക്കുകള്‍ പ്രകാരം യോഗി ആദിത്യനാഥ് 2019-20ല്‍ കാണിച്ച വരുമാനത്തേക്കാള്‍ കുറവാണ് ഇപ്പോഴുള്ള വരുമാനം എന്നാണ് കണക്കുകള്‍ പറയുന്നത്. 2019-20 സാമ്പത്തിക വര്‍ഷം യോഗിയുടെ വരുമാനം 16,68,799 രൂപയായിരുന്നു. 2018-19 സാമ്പത്തിക വര്‍ഷം ഇത് 18,27,639 ആയിരുന്നുവെന്ന് കണക്കുകള്‍ പറയുന്നത്. ഒരു ലക്ഷം രൂപ പണമായി കയ്യിലുണ്ടെന്നാണ് യോഗി സത്യവാങ്മൂലത്തില്‍ പറയുന്നത്.

തന്റെ കയ്യിലുള്ള മറ്റു വസ്തുക്കളുടെ വിവരങ്ങളും യോഗി നല്‍കുന്നുണ്ട്. ഇത് പ്രകാരം ഇദ്ദേഹത്തിന്റെ കാതില്‍ 20 ഗ്രാമിന്റെ ആഭരണം ഉണ്ട്. ഇത് വാങ്ങുന്ന സമയത്ത് 49,000 രൂപയായിരുന്നു. ഇതിനൊപ്പം ഒരു സ്വര്‍ണം കെട്ടിയ രുദ്രാക്ഷമാലയുമുണ്ട്. ഇത് വാങ്ങുന്ന സമയത്ത് 20,000 രൂപയോളം വിലയുണ്ടായിരുന്നു എന്നാണ് യോഗി സാക്ഷ്യപ്പെടുത്തുന്നത്.
ഒരു ലക്ഷം ചിലവാക്കി വാങ്ങിയ ഒരു റിവോള്‍വറും, എണ്‍പതിനായിരം രൂപയ്ക്ക് വാങ്ങിയ റൈഫിളും കയ്യിലുണ്ടെന്നും യോഗി സാക്ഷ്യപ്പെടുത്തുന്നു. എംപി എംഎല്‍എ സ്ഥാനങ്ങളില്‍ നിന്നുള്ള അലവന്‍സുകളാണ് തന്റെ വരുമാനമായി യോഗി കാണിച്ചിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.